Connect with us

Kozhikode

എസ് എസ് എഫ് ഇന്ത്യ വണ്‍ ഡ്രോപ്പ് കാമ്പയിന്‍; പങ്കാളികളായി മര്‍കസ് സാരഥികളും സ്റ്റാഫുകളും

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും മര്‍കസ് ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വിഹിതം നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

എസ് എസ് എഫ് ഇന്ത്യ വണ്‍ ഡ്രോപ്പ് കാമ്പയിനില്‍ മര്‍കസ് സാരഥികളും സ്റ്റാഫ് അംഗങ്ങളും പങ്കുചേരുന്നു.

കോഴിക്കോട് | ‘ഗൈഡിങ് ലൈവ്സ്, ഗ്രോയിങ് നാഷന്‍’ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ഇന്ത്യ ദേശീയവ്യാപകമായി സംഘടിപ്പിക്കുന്ന ഫ്യൂച്ചര്‍ കാമ്പയിനില്‍ മര്‍കസ് സാരഥികളും സ്റ്റാഫ് അംഗങ്ങളും പങ്കാളികളായി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും മര്‍കസ് ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വിഹിതം നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ സുന്നി സംഘടനകള്‍ ഉണ്ടാക്കിയ മുന്നേറ്റം മഹത്തരമാണെന്നും അതിന് തുടര്‍ച്ച ഉണ്ടാവാന്‍ എല്ലാവരും കാമ്പയിനിന്റെ ഭാഗമാവണമെന്നും കാന്തപുരം പറഞ്ഞു.

കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും മര്‍കസ് ഡയറക്ടര്‍ ജനറലുമായ സി മുഹമ്മദ് ഫൈസി, എസ് എസ് എഫ് ദേശീയ പ്രസിഡന്റും മര്‍കസ് ഡയറക്ടറുമായ സി പി ഉബൈദുല്ല സഖാഫി എന്നിവര്‍ സെന്‍ട്രല്‍ ക്യാമ്പസിലെ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ പദ്ധതിയുടെ ഭാഗമായി.

ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളിലും വിദ്യാഭ്യാസ-ആരോഗ്യ അവബോധം സൃഷ്ടിക്കുക, പ്രയാസമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനും വീണുകിടക്കുന്നവര്‍ക്ക് കൈത്താങ്ങാവാനും ശ്രമങ്ങള്‍ നടത്തുക, തിരഞ്ഞെടുത്ത 5,000 ഗ്രാമങ്ങളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടത്തുന്ന കാമ്പയിനിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള മര്‍കസ് സ്ഥാപനങ്ങളും ജീവനക്കാരും വരും ദിവസങ്ങളില്‍ കാമ്പയിനില്‍ പങ്കാളികളാകും.

 

 

 

Latest