Connect with us

cover story

കേരളക്കരയിലെ ശ്രീലങ്ക

തൊഴിലാളികളെ വിവിധ ഘട്ടങ്ങളിൽ ഗ്രൂപ്പുകളായാണ് കമ്പമലയില്‍ എത്തിച്ചത്. കിലോമീറ്ററുകള്‍ സഞ്ചരിച്ച് തലൈമന്നാര്‍ തുറമുഖത്തെത്തി കപ്പല്‍ മാര്‍ഗം ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. 1980, 81, 83 വര്‍ഷങ്ങളിലായാണ് ഈ കുടുംബങ്ങള്‍ കമ്പമലയിലേക്ക് പറിച്ചുനടപ്പെടുന്നത്. പുതുപ്രതീക്ഷകളുമായി തേയില കൊളുന്തുകൾ നുള്ളിയും പാടികളിലെ ഇരുട്ട് തളംകെട്ടിയ കൊച്ചു മുറികളിലിരുന്ന് പുതുതലമുറക്ക് തങ്ങളുടെ കഥകൾ പറഞ്ഞു നൽകിയും അവർ ജീവിക്കുന്നു.

Published

|

Last Updated

തേയിലതോട്ടത്തിന് നടുവിലെ ലയങ്ങള്‍, ചാണകം മെഴുകിയ തറയില്‍ അരിപ്പൊടി കോലം, വാതില്‍പ്പടികളില്‍ മാവിലകള്‍, തമിഴ് സിനിമാ താരങ്ങളുടെ ചിത്രങ്ങള്‍ പതിച്ച ഫ്ലക്സുകള്‍ കൊണ്ട് മറച്ച അടുക്കള കോലായി, തമിഴ് കലര്‍ന്ന സംസാരം, വീടിനോട് ചേര്‍ന്ന് കെട്ടിയിട്ട ആടുമാടുകള്‍… ഈ കാഴ്ചകള്‍ കണ്ടാണ് വയനാട് കമ്പമലയിലെ ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ പാടികളിലേക്കുള്ള പ്രവേശനം. ശ്രീലങ്കയില്‍ ആളിപ്പടരുന്ന ജനരോഷവും പ്രതിസന്ധിയും കാണുമ്പോള്‍ നാല് പതിറ്റാണ്ട് മുമ്പ് കൊളംബോയില്‍ നിന്ന് തമിഴ്‌നാട്ടിലെ ധനുഷ്‌കോടി വരെ നീണ്ട സാഹസിക പ്രയാണത്തിന്റെ കയ്‌പ്പേറിയ ചരിത്രസ്മരണകള്‍ ഓര്‍ത്തെടുക്കുകയാണ് കമ്പമലയിലെ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍. ശ്രീലങ്കയിലെ അശാന്തിയും ജീവിച്ച നാടിന്റെ ദുര്‍ഗതിയും ഓര്‍ക്കുമ്പോള്‍ ഉള്ള് പിടയുന്നുണ്ടാകാം. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ വംശജരെ ശ്രീലങ്കയിൽ നിന്നും ഇന്ത്യ തിരികെ കൊണ്ടുവരുന്നത്.

തിരികെയെത്തിയവരില്‍ 64 കുടുംബങ്ങളെ കമ്പമലയില്‍ പുനരധിവസിപ്പിച്ചു. കുടുംബത്തില്‍ ഒരാള്‍ക്ക് തോട്ടത്തില്‍ ജോലിയും താമസിക്കാന്‍ വീടും നല്‍കി. എന്നാല്‍, കുടുംബാംഗങ്ങളുടെ എണ്ണം രണ്ടും മൂന്നും മടങ്ങായിട്ടും പാടിമുറികളുടെ വലിപ്പത്തിനും ഇവരുടെ ജീവതരീതിക്കും ഇന്നും മാറ്റമില്ല. നിലവില്‍ നൂറോളം കുടുംബങ്ങൾ ഇവിടെയുണ്ട്. കുടുസ്സ് മുറികളുള്ള പാടികൾക്ക് മുമ്പിൽ സൊറ പറഞ്ഞിരിക്കുന്ന മുതിർന്നവരും ഓടിക്കളിക്കുന്ന കുരുന്നുകളും അവരുടെ ദാരിദ്ര്യവും പ്രാരാബ്ധവും വരച്ചുകാട്ടുന്നുണ്ട്. മഴക്കാലത്ത് ഉറക്കമൊഴിച്ചിരുന്ന് മക്കളെ സംരക്ഷിച്ചും മുറികളിൽ വീഴുന്ന വെള്ളം തുടച്ചും നേരം പുലർത്തുന്ന കുടുംബങ്ങൾക്ക് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും നീതി ലഭിച്ചില്ലെന്ന് തന്നെ പറയേണ്ടി വരും. രോഗികളും പ്രായമായവരും ഇവിടെയുണ്ട്. എസ്റ്റേറ്റിലെ ജോലി കഴിഞ്ഞെത്തിയാൽ വിശ്രമിക്കാൻ സ്വസ്ഥമായ ഒരിടം ഇവിടെ അന്യമാണ്. അടച്ചുറപ്പുള്ള വീടും സ്വസ്ഥമായ ജീവിതവും സ്വപ്നം കണ്ട് അവർ അങ്ങനെ മുന്നോട്ട് പോകുകയാണ്.

പലായനവും പുനരധിവാസവും

1964ലെ ഇന്ത്യ-ശ്രീലങ്ക കരാര്‍ പ്രകാരം രാജ്യത്തെത്തിയ ആറ് ലക്ഷത്തോളം തമിഴ് അഭയാര്‍ഥികളില്‍ 64 കുടുംബങ്ങളെയാണ് വയനാട്ടില്‍ പുനരധിവസിപ്പിച്ചത്. തലപ്പുഴക്കടുത്ത് കമ്പമലയില്‍ വനം വികസന കോർപറേഷന്റെ നൂറ് ഏക്കര്‍ തേയിലത്തോട്ടത്തിലാണ് ഇവരെ താമസസൗകര്യമൊരുക്കിയത്. 1980കളില്‍ ശ്രീലങ്കയില്‍ ആഭ്യന്തര കലാപം ശക്തമായ കാലത്ത് സ്വന്തം മണ്ണുവിട്ട് പലായനം ചെയ്യേണ്ടി വന്നവരില്‍ പറക്കമുറ്റാത്ത പിഞ്ചുകുഞ്ഞുങ്ങളുമുണ്ടായിരുന്നു. 1920 കളില്‍ തോട്ടങ്ങളില്‍ പണിയെടുപ്പിക്കാന്‍ ആയിരക്കണക്കിന് തമിഴരെ ബ്രിട്ടീഷുകാര്‍ സിലോണിലേക്ക് കൊണ്ടുപോയിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ തൊഴിലാളികള്‍ തിരികെ പോകണമെന്ന ആവശ്യം ശ്രീലങ്കയില്‍ ഉയര്‍ന്നു. തുടര്‍ന്നാണ് ഇന്ത്യക്കാരായ തൊഴിലാളികളുടെ പലായനം. കൊളംബോയില്‍ നിന്ന് തമിഴ്‌നാട്ടിലെ ധനുഷ്‌കോടി വഴി കൈയില്‍ കിട്ടിയതുമായി അവര്‍ കടല്‍ താണ്ടി. പിന്നീട് തമിഴ്‌നാട്ടില്‍ പലയിടങ്ങളിലായി അഭയാര്‍ഥി ക്യാമ്പുകളില്‍ താമസം. ഒടുവില്‍ കമ്പമലയിലേക്കടക്കം കേരളത്തിലെ വിവിധയിടങ്ങളിലേക്ക്. തൊഴിലാളികളെ വിവിധ ഘട്ടങ്ങളിൽ ഗ്രൂപ്പുകളായാണ് കമ്പമലയില്‍ എത്തിച്ചത്. കിലോമീറ്ററുകള്‍ സഞ്ചരിച്ച് തലൈമന്നാര്‍ തുറമുഖത്തെത്തി കപ്പല്‍ മാര്‍ഗം ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. 1980, 81, 83 വര്‍ഷങ്ങളിലായാണ് ഈ കുടുംബങ്ങള്‍ കമ്പമലയിലേക്ക് പറിച്ചുനടപ്പെടുന്നത്. പുതുപ്രതീക്ഷകളുമായി തേയില കൊളുന്തുകൾ നുള്ളിയും പാടികളിലെ ഇരുട്ട് തളംകെട്ടിയ കൊച്ചു മുറികളിലിരുന്ന് പുതുതലമുറക്ക് തങ്ങളുടെ കഥകൾ പറഞ്ഞു നൽകിയും അഭയാർഥികളായി അവർ ജീവിക്കുന്നു.

ഭാഷാ ന്യൂനപക്ഷ
വാര്‍ഡ്

തവിഞ്ഞാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡാണ് കമ്പമല. പച്ചപ്പണിഞ്ഞ തേയില ത്തോട്ടങ്ങൾക്കും കോട മഞ്ഞ് പുതച്ച മലമ്പ്രദേശങ്ങൾക്കും നടുവിലെ പാടി ഒറ്റനോട്ടത്തിൽ കാഴ്ചക്കാരെ പിടിച്ചുനിർത്തുമെങ്കിലും ജീവിത സാഹചര്യം മനസ്സ് വേദനിപ്പിക്കും. ചുറ്റും വനപ്രദേശം, വന്യമൃഗങ്ങള്‍ പതിവായിറങ്ങുന്ന സ്ഥലം, സായുധ മാവോയിസ്റ്റുകള്‍ ഇടക്കിടെ എത്തുന്നയിടം, വയനാട്ടിലെ ഏക ഭാഷാ ന്യൂനപക്ഷ വാര്‍ഡ്… ഇതെല്ലാമാണ് കമ്പമല. ഇളംതലമുറയില്‍പ്പെട്ട കുരുന്നുകള്‍ പോലും തായ്‌മൊഴിയിലാണ് സംസാരം. മലയാളം കലർത്തിയ തമിഴ് സംസാരത്തിലൂടെ അവർ ഇന്നാട്ടുകാരായി മാറിക്കഴിഞ്ഞു. എസ്റ്റേറ്റ് തോട്ടങ്ങളില്‍ തൊഴില്‍ ചെയ്താണ് ജീവിതം നയിക്കുന്നത്. പുനരധിവാസത്തിന്റെ ഭാഗമായി വനം തെളിച്ച് തേയിലകൃഷി ആരംഭിക്കുകയായിരുന്നു. തേയിലത്തോട്ടത്തിലെ കൂലി കൊണ്ട് മാത്രം കുടുംബം പുലര്‍ത്താന്‍ കഴിയുന്നില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്. പലരും പുറത്ത് കൂലിപ്പണിക്ക് പോകുന്നത് കൊണ്ട് പട്ടിണിയില്ലാതെ കഴിഞ്ഞുകൂടുന്നു. കാട്ടുവഴികളിലൂടെ കിലോമീറ്ററുകളോളം നടന്നുവേണം കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍. എൽ പി വിദ്യാഭ്യാസം കഴിഞ്ഞാൽ എട്ട് കിലോമീറ്റർ അപ്പുറമുള്ള തലപ്പുഴയിലെത്തി വേണം യു പി ക്ലാസുകളിൽ പഠിക്കാൻ. കഴിഞ്ഞ പ്രളയകാലത്ത് ഏറെ നാശനഷ്ടമുണ്ടായ പ്രദേശമാണിത്. അന്ന് കമ്പമലയിലേക്കുള്ള വഴിയിലെ രണ്ട് പാലങ്ങളും തകര്‍ന്നിരുന്നു. ഇതോടെ ഇക്കൂട്ടര്‍ ഒറ്റപ്പെടുകയുണ്ടായി. തേയിലത്തോട്ടത്തിലെയും ഇരുണ്ട പാടിമുറികളിലെയും നരച്ച ജീവിതത്തില്‍ നിന്നും കരകയറണമെന്ന ആഗ്രഹം ഇവര്‍ക്കുണ്ട്. ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ ചരിത്രവും വര്‍ത്തമാനകാല സാമൂഹികാവസ്ഥകളുടെയും കഥ പറയുന്ന “ലങ്കൻപാടി’ എന്ന ഡോക്യുമെന്ററിയുടെ നിര്‍മാണവും അണിയറയില്‍ പുരോഗമിക്കുന്നുണ്ട്.

പാടികളിലെ
ദുരിത ജീവിതം

എസ്റ്റേറ്റ് പാടികളിലെ അഭയാര്‍ഥികളുടെ ദുരിത ജീവിതത്തിന് അറുതി വേണം. വര്‍ഷങ്ങള്‍ പഴക്കമുള്ള ചോര്‍ന്നൊലിക്കുന്ന ലയങ്ങളെക്കാള്‍ അടച്ചുറപ്പുള്ള, വെള്ളവും വെളിച്ചവുമുള്ള ജീവിത സാഹചര്യത്തിന് ഇവരും അര്‍ഹരാണ്. പുനരധിവാസം കഴിഞ്ഞ് 40 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കമ്പമലയില്‍ വികസനമെത്തിയിട്ടില്ല. പാടികളെല്ലാം ശോച്യാവസ്ഥയിലാണ്. കുടുസ്സുമുറികളില്‍ മുതിര്‍ന്നവരും കുട്ടികളുമടക്കം ഞെരുങ്ങിയാണ് കഴിയുന്നത്. കൃത്യമായ ശമ്പളമോ ജോലിയോ ഇല്ലാതെ കടുത്ത ദുരിതമനുഭവിച്ച എസ്റ്റേറ്റ് തൊഴിലാളികളായ അഭയാര്‍ഥികളും അവരുടെ പിന്മുറക്കാരും ആദിവാസികളും സമരമുഖത്തേക്ക് എത്തിയതും അടുത്ത കാലത്താണ്. അഭയാർഥികളായി എത്തിയവരുടെ മക്കൾക്ക് എസ്റ്റേറ്റിൽ സ്ഥിരം ജോലി ലഭിച്ചിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ ഇനിമുതല്‍ ജോലിയില്ല എന്ന് മാനേജ്‌മെന്റ് അറിയിച്ചതോടെയാണ് ഇവര്‍ പട്ടിണിയിലായതും സഹികെട്ട് സമരത്തിനിറങ്ങിയതും. തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെടുകയായിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ആസ്പറ്റോസ് ഷീറ്റിനടിയില്‍ മഴക്കാലത്ത് പാത്രങ്ങള്‍ നിരത്തിയാണ് ജീവിതം. ലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളായ ശുദ്ധജലം, ശുചിമുറി, വൈദ്യുതി, സുരക്ഷിതമായ മേൽക്കൂര എന്നിവ ഉറപ്പാക്കണം എന്ന് ആരോടെല്ലാമാണ് ഇവർ ആവശ്യപ്പെടേണ്ടത്. തിരഞ്ഞെടുപ്പ് കാലത്ത് പതിവുപോലെ വാഗ്ദാനങ്ങളുമായി പലരും എത്താറുണ്ടെങ്കിലും ഇവിടേക്കുള്ള വഴി പോലും നന്നാക്കി നല്‍കാന്‍ ആരും മുതിര്‍ന്നില്ലെന്നും പരാതിയുണ്ട്. വോട്ടര്‍പട്ടികയിലും വോട്ടിംഗ് മെഷീനിലും തമിഴ് ഭാഷയില്‍ കൂടി പേര് രേഖപ്പെടുത്തി നല്‍കാറുണ്ട്. പ്രതിസന്ധികൾ പലതും അലട്ടുന്നുണ്ടെങ്കിലും അസ്ഥിരതയിലുലയുന്ന ശ്രീലങ്കയെക്കുറിച്ചോർത്ത് നെടുവീർപ്പിടുകയാണ് കമ്പമലയിലെ ഈ ശ്രീലങ്കന്‍ അഭയാര്‍ഥികൾ.

silpacsukumaran@gmail.com