From the print
വോട്ടർ പട്ടികയിലെ പ്രത്യേക തീവ്രപരിശോധന: ബിഹാർ മാതൃക ബംഗാളിലേക്കും ഡൽഹിയിലേക്കും വ്യാപിപ്പിക്കാൻ തിര. കമ്മീഷൻ നീക്കം
ലക്ഷക്കണക്കിന് പേരുടെ വോട്ടവകാശം റദ്ദാക്കുന്നതാണ് വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനയെന്ന് ചൂണ്ടിക്കാട്ടി ബിഹാറില്‍ പ്രതിഷേധം വ്യാപിക്കുകയും ഇത് സംബന്ധിച്ച ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയുമാണ് കമ്മീഷന്റെ നീക്കം.

ന്യൂഡല്‍ഹി | ബിഹാര്‍ മാതൃകയിലുള്ള വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്രപരിശോധന (എസ് ഐ ആര്‍) പശ്ചിമ ബംഗാളിലേക്കും ഡല്‍ഹിയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലക്ഷക്കണക്കിന് പേരുടെ വോട്ടവകാശം റദ്ദാക്കുന്നതാണ് വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനയെന്ന് ചൂണ്ടിക്കാട്ടി ബിഹാറില്‍ പ്രതിഷേധം വ്യാപിക്കുകയും ഇത് സംബന്ധിച്ച ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയുമാണ് കമ്മീഷന്റെ നീക്കം.
പശ്ചിമ ബംഗാളിലും ഡല്‍ഹിയിലും കമ്മീഷന്‍ അവസാനമായി വോട്ടര്‍ പട്ടിക പരിശോധിച്ചത് യഥാക്രമം 2002ലും 2008ലും ആയിരുന്നു. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പശ്ചിമ ബംഗാളില്‍ ബിഹാര്‍ മാതൃകക്ക് തയ്യാറെടുക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹിയില്‍ 2008 മാര്‍ച്ച് 16ന് ശേഷം വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പരിശോധനയില്‍ രേഖകള്‍ ഹാജരാക്കേണ്ടി വരും. രേഖകള്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ഈ വിഭാഗത്തിലുള്ളവര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താകും.
ബിഹാറിലെ പരിഷ്‌കരണ പ്രക്രിയ സുഗമമായി നടക്കുന്നുണ്ടെന്നും അതിന്റെ പ്രാരംഭ ഘട്ടം പൂര്‍ത്തിയായതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ബിഹാറില്‍ എസ് ഐ ആര്‍ നടപ്പാക്കാന്‍ ജൂണ്‍ 24നാണ് കമ്മീഷന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പരിശോധന പൂര്‍ത്തിയാക്കി കരട് വോട്ടര്‍ പട്ടിക ആഗസ്റ്റ് ഒന്നിന് പുറത്തിറക്കാനാണ് നീക്കം. സെപ്തംബര്‍ 30ന് അന്തിമ പട്ടിക പുറത്തിറക്കും. അനര്‍ഹരെ പട്ടികയില്‍ നിന്നൊഴിവാക്കാനാണ് സമഗ്ര പരിശോധനയെന്നാണ് കമ്മീഷന്റെ വാദം.
ജൂണ്‍ 24ലെ കണക്കനുസരിച്ച് ബിഹാറില്‍ 7.9 കോടി വോട്ടര്‍മാരുണ്ട്. ഇവരില്‍ 4.96 കോടി വോട്ടര്‍മാര്‍ 2003ലെ വോട്ടര്‍ പട്ടികയിലുള്ളവരാണ്. ഇവരൊഴിച്ചുള്ളവര്‍ക്ക് ജനന തീയതിയോ സ്ഥലമോ ഉള്‍പ്പെടെ പൗരത്വം തെളിയിക്കാനാവശ്യമായ രേഖ ഹാജരാക്കണം. വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയ താത്കാലികമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ്, ആര്‍ ജെ ഡി, തൃണമൂല്‍ കോണ്‍ഗ്രസ്സിലെ മെഹുവ മൊയ്ത്ര, അസ്സോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) എന്നിവരാണ് ഹരജികള്‍ സമര്‍പ്പിച്ചത്.