Connect with us

From the print

"പ്രധാനമന്ത്രിയാകാൻ പ്രണബ് ആഗ്രഹിച്ചു' ആത്മകഥയിലെ പരാമർശം ചർച്ചയാകുന്നു

"അടിയന്തരാവസ്ഥ ഇരുണ്ട അധ്യായം'

Published

|

Last Updated

ന്യൂഡൽഹി | കോൺഗ്രസ്സ് അധികാര രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ഊഹാപോഹങ്ങളായി ഏറെക്കാലം നിലനിന്ന വിഷയങ്ങൾ വീണ്ടും ചർച്ചയാകുന്നു. കോൺഗ്രസ്സ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുടെ “ബിലോഗിംഗ്: എ ജേർണി ഓഫ് ലവ്’ എന്ന ആത്മകഥയിലെ പരാമർശങ്ങളാണ് ചർച്ചയാകുന്നത്.

മുൻ രാഷ്ട്രപതിയും അന്തരിച്ച കോൺഗ്രസ്സ് നേതാവുമായ പ്രണബ് കുമാർ മുഖർജിയുടെ “പ്രധാനമന്ത്രിപദമോഹ’മാണ് അതിലൊന്ന്. പാർട്ടിയുടെയും സർക്കാറിന്റെയും അധികാരങ്ങൾ വേർതിരിച്ചു നിർത്തിയ സാഹചര്യത്തെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് പ്രണബ് മുഖർജിയുടെ “പ്രധാനമന്ത്രി മോഹം’ സോണിയ അനുസ്മരിക്കുന്നത്. “സർക്കാറിനും പാർട്ടിക്കുമിടയിലെ ഏകോപനം ഉറപ്പാക്കുന്നതിന് ഒരു കോർ ഗ്രൂപ്പ് ആഴ്ചതോറും പ്രധാനമന്ത്രി മൻമോഹൻ സിംഗുമായി കൂടിക്കാഴ്ച നടത്തുമായിരുന്നു. എന്നെ കൂടാതെ പ്രണബ് മുഖർജി, അർജുൻ സിംഗ്, എ കെ ആന്റണി, അഹമ്മദ് പട്ടേൽ എന്നിവരായിരുന്നു അംഗങ്ങൾ. ഈ കൂടിക്കാഴ്ചക്ക് ശേഷവും, പ്രണബ് ചിലപ്പോൾ സംസാരിക്കാനായി അവിടെത്തന്നെ തങ്ങുമായിരുന്നു. ധനമന്ത്രി പി ചിദംബരവുമായി പ്രണബിന് ഗുരുതര അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. 2010ൽ ഒരിക്കൽ, തന്റെ നിരാശ പ്രകടിപ്പിച്ചതിന് പിന്നാലെ, ‘മുകളിൽ ഒരു മാറ്റത്തിനുള്ള സമയമായിരിക്കുന്നു’ എന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ ദീർഘകാല ആഗ്രഹത്തിന്റെ സൂചനയായാണ് ഞാൻ അത് മനസ്സിലാക്കിയത്. അത് എന്നെ ഞെട്ടിച്ചു. ഞാൻ സൗമ്യമായി വിഷയം മാറ്റി. അദ്ദേഹത്തിന് നിരാശ തോന്നിയിട്ടുണ്ടാകാമെങ്കിലും, അത് തന്നോടുള്ള വിരോധമായി അദ്ദേഹം കരുതുന്നതായി ഒരിക്കലും തോന്നിച്ചിട്ടില്ല’- സോണിയ എഴുതുന്നു.
2004ൽ പ്രധാനമന്ത്രിയാകില്ലെന്ന് ആദ്യം തന്നെ ഉറപ്പിച്ചിരുന്നെങ്കിലും സഖ്യകക്ഷി നേതാക്കളുടെ സമ്മർദത്തിൽ ഒരു ഘട്ടത്തിൽ സമ്മതിച്ചുവെന്നും പുസ്തകത്തിൽ സോണിയ പറയുന്നു. പിന്നീട്, മക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പ്രതികരണവും സ്വന്തം തീരുമാനവും പരിഗണിച്ച് നിലപാട് മാറ്റി. ഒടുവിൽ മൻമോഹൻ സിംഗിനെ പ്രധാനമന്ത്രിയായി നിർദേശിച്ചു. താൻ പ്രധാനമന്ത്രിയായാൽ ബി ജെ പിയും സഖ്യകക്ഷികളും, തന്റെ വിദേശജന്മം രാഷ്ട്രീയമായി ഉപയോഗിക്കുമെന്നും അത് രാജ്യത്ത് വലിയ സംഘർഷത്തിന് ഇടയാക്കുമെന്നും ഭയപ്പെട്ടിരുന്നുവെന്നും സോണിയ പറയുന്നു.
തന്റെ രാഷ്ട്രീയ ജീവിതത്തിൽ രാജീവ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും സ്വാധീനത്തെ കുറിച്ചും ആത്മകഥയിൽ പരാമർശമുണ്ട്. അടിയന്തരാവസ്ഥയെ “സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിസ്സംശയമായും ഇരുണ്ട അധ്യായം’ എന്നാണ് സോണിയ വിശേഷിപ്പിക്കുന്നത്. അന്ന് ഇന്ദിരാ ഗാന്ധിക്കുമേൽ ഉണ്ടായ സമ്മർദം സഞ്ജയ് ഗാന്ധിയിൽ നിന്ന് മാത്രമായിരുന്നില്ലെന്നും അവർ പറയുന്നു. ഇന്ദിരാ ഗാന്ധിക്കു മേൽ കോൺഗ്രസ്സിലെ മുതിർന്ന നേതാക്കളിൽ നിന്നും സമ്മർദമുണ്ടായിരുന്നുവെന്നും പറയുന്നു.
മുഖത്ത് നോക്കാത്ത
മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇതുവരെ പ്രായോഗിക വ്യക്തിബന്ധം ഉണ്ടായിട്ടില്ല. പാർലിമെന്റിന്റെ ഓരോ സമ്മേളനത്തിന്റെയും അവസാനം പ്രധാന പാർട്ടികളുടെ നേതാക്കൾ സ്പീക്കറുടെ ചേംബറിൽ ഒത്തുചേരാറുള്ള അർധ- ഔദ്യോഗിക കൂടിക്കാഴ്ചകളിലാണ് താനും മോദിയും കാണുന്നത്. മോദി തന്റെ മുന്നിലെത്തുമ്പോൾ ഔപചാരിക നമസ്കാരം കൈമാറും. രാഷ്ട്രീയ ഭിന്നതകൾക്കിടയിലും നേതാക്കൾ പരസ്പരം സൗഹാർദപരമായി പെരുമാറിയിരുന്നതിൽ നിന്ന് വ്യത്യസ്തമാണിത്. മോദി പലപ്പോഴും തന്നെ നോക്കാതെ മുഖം തിരിക്കാറുണ്ട്. ഇത്തരം ഹ്രസ്വമായ ഇടപെടലുകൾ ഒഴിച്ചാൽ തങ്ങൾ ഒരിക്കലും കാര്യമായി സംസാരിച്ചിട്ടില്ല. വർഷങ്ങളായി ജന്മദിന, പുതുവത്സര ആശംസകൾ ഔപചാരികമായി കൈമാറുന്നുണ്ട്. ഇത് വ്യക്തിപരമായ കാര്യമായി കാണുന്നില്ല. മോദി അദ്ദേഹത്തിന്റെയും താൻ തന്റേതുമായ ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടിനുവേണ്ടിയാണ് പ്രവർത്തിച്ചത്. ആധിപത്യത്തിനെതിരായ, ഉൾക്കൊള്ളലിനും മതനിരപേക്ഷതക്കും സാമൂഹിക നീതിക്കും വേണ്ടി നിലകൊള്ളുന്ന ഇന്ത്യയാണ് താൻ ആഗ്രഹിക്കുന്നതെന്നും സോണിയ എഴുതുന്നു.

Content Highlights: Sonia Gandhi’s memoir Belonging discusses Pranab Mukherjee’s prime ministerial ambitions and her decision to choose Manmohan Singh. The book addresses the dark phase of the Emergency and describes cold formal interactions with Prime Minister Narendra Modi. It also highlights the political legacy of Rajiv and Indira Gandhi.

---- facebook comment plugin here -----

Latest