Connect with us

Editorial

സാമൂഹികമാധ്യമ വിചാരണയും ദീപക്കിന്റെ ആത്മഹത്യയും

കോടതിയായി മാറിക്കൊണ്ടിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. ഒരു ആരോപണം, അതുമായി ബന്ധപ്പെട്ട അവ്യക്തമായ വീഡിയോ, കുറച്ചു ക്യാപ്ഷനുകള്‍- ഇത്രയും മതി ഒരു വ്യക്തിയെ സമൂഹത്തിന്റെ മുമ്പില്‍ കുറ്റവാളിയാക്കാനും അയാളുടെ ജീവിതവും കുടുംബവും സാമൂഹികാംഗീകാരവും നഷ്ടമാക്കാനും.

Published

|

Last Updated

വിവേചനബുദ്ധിയില്ലാത്ത ഉപയോഗം സാമൂഹിക മാധ്യമങ്ങളെ മാരകമായ ആയുധമാക്കി മാറ്റാമെന്ന് ബോധ്യപ്പെടുത്തുന്നതാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യ. ബസ് യാത്രക്കിടെ ദീപക് ലൈംഗികാതിക്രമം കാണിച്ചതായി ആരോപിച്ച് ഒരു യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അനുചിതമായി തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. 34 ലക്ഷം പേരാണ് യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടത്. ദീപക്കിനെ ഇത് കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നു.

പൊതുവാഹനങ്ങളിലെ യാത്രക്കിടെ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമം ഗുരുതര സാമൂഹിക പ്രശ്‌നമാണ്. സ്്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ലൈംഗികാതിക്രമം നേരിട്ടാല്‍ ഇരകള്‍ക്ക് നീതി ലഭിക്കേണ്ടതുമാണ്. അതിന് രാജ്യത്ത് നിയമങ്ങളും സംവിധാനങ്ങളും നിലവിലുണ്ട്. സംഭവം നടക്കുമ്പോള്‍ തന്നെ യുവതിക്ക് പ്രതികരിക്കുകയും വിഷയത്തില്‍ ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്യാമായിരുന്നു. പോലീസിലോ വനിതാ കമ്മീഷനിലോ റിപോര്‍ട്ട് ചെയ്യുക വഴി നിയമ നടപടികളിലേക്ക് നീങ്ങുകയും ചെയ്യാം. പോലീസിന്റെ ഭാഗത്തു വീഴ്ചയോ അലസതയോ സംഭവിച്ചാല്‍ കോടതിയെ സമീപിക്കാവുന്നതുമാണ്. അടിയന്തര പോലീസ് സഹായത്തിന് 112 ഫോണ്‍ നമ്പര്‍ സജ്ജവുമാണ്. പൊതുപ്രവര്‍ത്തക കൂടിയായ യുവതിക്ക് ഇതൊന്നും അറിയാതിരിക്കാനിടയില്ല. നിയമപരമായ ഇത്തരം വഴികള്‍ സ്വീകരിക്കുന്നതിനു മുമ്പ് രംഗം വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ച് ആരോപണവിധേയനായ വ്യക്തിയെ സമൂഹത്തിനു മുമ്പില്‍ കുറ്റവാളിയായി ചിത്രീകരിക്കുന്നത് ന്യായീകരിക്കാവതല്ല.

കോടതിയായി മാറിക്കൊണ്ടിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. ഒരു ആരോപണം, അതുമായി ബന്ധപ്പെട്ട അവ്യക്തമായ വീഡിയോ, കുറച്ചു ക്യാപ്ഷനുകള്‍- ഇത്രയും മതി ഒരു വ്യക്തിയെ സമൂഹത്തിന്റെ മുമ്പില്‍ കുറ്റവാളിയാക്കാനും അയാളുടെ ജീവിതവും കുടുംബവും സാമൂഹികാംഗീകാരവും നഷ്ടമാക്കാനും. പോലീസ് സംവിധാനത്തെയും കോടതി വ്യവസ്ഥയെയും മാറ്റിനിര്‍ത്തി ഒരു വ്യക്തിയെ പ്രതിചേര്‍ത്തു വിചാരണ ചെയ്യുന്ന സാമൂഹികമാധ്യമ പ്രവണത നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. സാമൂഹിക മാധ്യമത്തിലെ പോസ്റ്റോ, സൈബര്‍ ബുള്ളിംഗോ മൂലം ഒരാള്‍ ജീവനൊടുക്കാന്‍ ഇടയായാല്‍ ഭാരതീയ ന്യായ സംഹിത പ്രകാരം ആത്മഹത്യാ പ്രേരണക്ക് കേസെടുക്കാവുന്നതാണ്. ദീപക്കിന്റെ ആത്മഹത്യയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഒരു സംഭവത്തിന്റെ വീഡിയോ എടുക്കുന്നത് തെറ്റല്ല. പ്രത്യേകിച്ച് ലൈംഗികാതിക്രമങ്ങള്‍ നടക്കുമ്പോള്‍ അതിനെതിരെ തെളിവായി സമര്‍പ്പിക്കാന്‍ ഇത് സഹായകമായേക്കാം. പ്രതിയെ തിരിച്ചറിയാനും ഉപകാരപ്പെടും. എന്നാല്‍ ഇത്തരം വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് മറ്റൊരു വിഷയമാണ്. ആരോപണവിധേയനായ വ്യക്തിയുടെ മുഖം തിരിച്ചറിയുന്ന വിധം പ്രചരിപ്പിക്കുന്നത് നിയമവിധേയമല്ല. ഇത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. പോലീസിനോ ബന്ധപ്പെട്ട അധികൃതര്‍ക്കോ ആണ് ഇത്തരം വീഡിയോകള്‍ ആദ്യം നല്‍കേണ്ടത്. സമൂഹത്തില്‍ ഇത്തരം ദുഷ്പ്രവണതകള്‍ നടക്കുന്നുണ്ടെന്ന് മറ്റുള്ളവരെ അറിയിക്കാനും ജാഗ്രത പാലിക്കാനും പോലീസ് നടപടി വേഗത്തിലാക്കാനുള്ള സമ്മര്‍ദതന്ത്രമായും വീഡിയോ പ്രചരിപ്പിക്കുന്നത് തെറ്റല്ലെന്ന വാദമുണ്ട്. ഇതുപക്ഷേ വ്യക്തിയുടെ മുഖം വ്യക്തമാകുന്ന തരത്തിലാകരുത്.

രണ്ട് വശമുണ്ട് ഇത്തരം സംഭവങ്ങള്‍ക്ക്. ലൈംഗികാതിക്രമം നേരിടുന്ന വ്യക്തിയുടെ അവകാശവും സുരക്ഷയും ആരോപണവിധേയന്റെ മാനവും ജീവനും. ഇതില്‍ ഒന്നിനെ സംരക്ഷിക്കാന്‍ മറ്റൊന്നിനെ ബലിയാടാക്കുന്ന സാഹചര്യമുണ്ടാകരുത്. സ്ത്രീസുരക്ഷ ഉറപ്പാക്കുമ്പോള്‍ തന്നെ കുറ്റം തെളിയിക്കപ്പെടുന്നതു വരെ നിരപരാധിയെന്ന അടിസ്ഥാന തത്ത്വം നിലനില്‍ക്കുകയും പാലിക്കപ്പെടുകയും വേണം. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. അതേസമയം കുറ്റം ചെയ്യാത്തവര്‍ അപമാനിക്കപ്പെടാനോ അവരുടെ ജീവന്‍ നഷ്ടപ്പെടാനോ സാഹചര്യം സൃഷ്ടിക്കപ്പെടരുത്. അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ നേരിടാന്‍ ദീപക് തിരഞ്ഞെടുത്ത മാര്‍ഗം- ആത്മഹത്യ- അനുചിതമായിപ്പോയി. നിയമവ്യവസ്ഥയെ സമീപിക്കുന്നതാണ് ശരിയായ വഴി. നിയമപരമായോ, നൈതികമായോ, മാനുഷികമായോ ന്യായീകരിക്കാവതല്ല ആത്മഹത്യ. ഇത്തരമൊരു അവിവേകത്തിലേക്ക് എടുത്തുചാടുന്നതിനു മുമ്പ് തന്നില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുന്ന മാതാവിന്റെയും പിതാവിന്റെയും കുടുംബത്തിന്റെയും ജീവിതം വഴിമുട്ടുമെന്ന ബോധ്യവും വേണ്ടതായിരുന്നു.

ദീപക്കിന്റെ ആത്മഹത്യയില്‍ സമൂഹത്തിനുമുണ്ട് പരോക്ഷമായ പങ്ക്. യുവതി പോസ്റ്റ് ചെയ്ത വീഡിയോയുമായി ബന്ധപ്പെട്ട് ദീപക്കിനെ കുറ്റപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റുകളും സമൂഹത്തില്‍ നിന്നുയര്‍ന്ന കമന്റുകളുമാണ് അദ്ദേഹത്തിന്റെ മാനസികനില തകര്‍ത്തത്. ഡിജിറ്റല്‍ ചിത്രങ്ങളും വീഡിയോകളും കൃത്രിമമായി എളുപ്പത്തില്‍ നിര്‍മിക്കാവുന്ന ഇക്കാലത്ത് കണ്ണില്‍ കാണുന്നതെല്ലാം സത്യമാണെന്നു വിശ്വസിക്കുന്നത് അപകടമാണ്. വസ്തുതകള്‍ ഉറപ്പ് വരുത്താതെ ഒരാളെയും കുറ്റവാളിയായി മുദ്രകുത്തരുത്. ഏതൊരു നാണയത്തിനും രണ്ട് വശമുണ്ടെന്ന ബോധ്യമുണ്ടായിരിക്കണം. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന കാര്യം ഷെയര്‍ ചെയ്യുമ്പോള്‍ സ്‌ക്രീനിനപ്പുറം ജീവനുള്ള ഒരു മനുഷ്യനുണ്ടെന്ന കാര്യം മറന്നുപോകരുത്.

Latest