കഥ
മടക്കം
"ഞാൻ കൊണ്ട്പോകുവാ.. അമ്മേനെ' മിഴി തുടച്ചു കൊണ്ടവൾ പറഞ്ഞു. അവരൊത്തിരി അത്ഭുതത്തോടെ, അതിലുപരി സന്തോഷത്തോടെ അവളെ നോക്കി.
അതിരാവിലെ ബാൽക്കണിയിലിരുന്ന് പുറത്തേക്ക് മിഴിനട്ട് സ്നേഹ കോഫി കപ്പ് ചുണ്ടോടടുപ്പിച്ചു. മാസങ്ങൾക്ക് ശേഷമാണ് ഇങ്ങനെ നീണ്ട മൂന്ന് ദിവസം ഓഫീസ് അവധി ലഭിക്കുന്നത്. ഒരു വർക്കും ഇനി പെൻഡിങ്ങില്ല, അതോർത്തിനി തലവേദനയെടുക്കുകയും വേണ്ട. രണ്ട് ദിവസം മുഴുവനിനി “എൻജോയ്മെന്റ്’ ആണ്. ബാംഗ്ലൂർ മുഴുവൻ കൂട്ടുകാർക്കൊപ്പം കറങ്ങണം. പിന്നെയും കുറെ പ്ലാനുകളുണ്ട്.
കോഫി കപ്പ് താഴെ വെച്ചവൾ ഫോണെടുത്ത് വാട്സ്ആപ്പ് സ്ക്രോൾ ചെയ്തു. ഗീതയുടെ മെസ്സേജുണ്ട്. “ഓർമയുണ്ടോ?’ എന്ന ക്യാപ്ഷനോടെ ഒരു ഫോട്ടോ. വർഷങ്ങൾക്കു മുമ്പ് ഗീതക്കൊപ്പം നാലാം ക്ലാസ്സിൽ നിന്നെടുത്തത്. സ്നേഹയുടെ ചൊടിയിലൊരു പുഞ്ചിരി വിരിഞ്ഞു. മെടഞ്ഞിട്ട് ഇരുഭാഗങ്ങളിലായി മുമ്പോട്ട് തൂക്കിയിട്ട അരയോളമെത്തി നിൽക്കുന്ന മുടിയിലവളുടെ മിഴികൾ കുടുങ്ങി. ഏഴാംതരം വരെ ഇത് അമ്മയുടെ പതിവായിരുന്നു. നനഞ്ഞ മുടി തുവർത്തി മെടഞ്ഞിടുന്ന അമ്മയുടെ മുഖം മനസ്സിൽ നിറഞ്ഞുവന്നു.
അവസാനമായി കഴിഞ്ഞ ഞായറാഴ്ചയാണ് അമ്മ വിളിച്ചത്. അന്ന്തന്നെ മാളിലായതിനാൽ “തിരക്കിലാണമ്മേ.. പിന്നീട് വിളിക്കാം.’ എന്ന് പറഞ്ഞ് കാൾ അവസാനിപ്പിച്ചു. പിന്നെ തിരിച്ചു വിളിച്ചതുമില്ല, അത്തരത്തിലൊരു ചിന്തയും വന്നതുമില്ല.
സ്നേഹ കാൾ ലിസ്റ്റിൽ അമ്മയുടെ നമ്പർ തിരഞ്ഞു. പിന്നെ പെട്ടെന്നെന്തോ ഓർത്തെന്ന പോലെ ഫോൺ ഓഫ് ചെയ്തു. അവൾ ബാൽക്കണിയിലെ ഡോറടച്ച് ഡ്രസ്സ് മാറി, ബാഗുമെടുത്ത് റോഡിലേക്കിറങ്ങി. അൽപ്പം കഴിഞ്ഞപ്പോൾ കിട്ടിയ ടാക്സിയിൽ റെയിൽവേ സ്റ്റേഷനിലെത്തി.
ജനറൽ കമ്പാർട്ട്മെന്റിലെങ്കിലും തിരക്ക് നന്നേ കുറവായതിനാലവൾക്ക് ജനാലയോട് ചേർന്ന സീറ്റ് കിട്ടി. ചുറ്റുമുള്ള കാഴ്ചകളൊന്നുമവളുടെ മിഴികളിലുടക്കിയില്ല. ചിന്തകൾ അമ്മയിൽ മാത്രമൊതുങ്ങി നിന്നു. ഇടക്കെപ്പോഴോ അതിൽ അച്ഛനും കടന്നുവന്നു. അച്ഛൻ മരിച്ച് മൂന്ന് മാസം പൂർത്തിയായപ്പോഴേക്ക് കമ്പനിയിൽ നിന്നും വിളിയാരംഭിച്ചിരുന്നു. അന്നേരം കൂടുതൽ ലീവ് നീട്ടി ചോദിച്ചതുമില്ല. തനിക്ക് മുന്നേ ചേട്ടനും അമേരിക്കക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഏട്ടത്തി അവിടെ തനിച്ചാണെന്നും, കമ്പനിയിൽ എല്ലാം അലങ്കോലപ്പെട്ടിരിക്കുകയാണെന്നും പെട്ടെന്ന് പോയെ തീരൂ.’ എന്നെല്ലാം ചേട്ടൻ പറഞ്ഞപ്പോൾ സ്നേഹയും എതിരൊന്നും പറഞ്ഞില്ല. അച്ഛൻ പോയതിൽ പിന്നെ അമ്മ കൂടുതൽ കിടപ്പിലായി. ഇനിയും ലീവ് പറഞ്ഞ് നിൽക്കാനാകില്ലെന്നായതോടെ അമ്മക്കായി വീട്ടിൽ ആളെ നിർത്തുന്നതിനേക്കാൾ ഭേദം എവിടെയെങ്കിലും കൊണ്ടാക്കുന്നതാണെന്ന തീരുമാനത്തിൽ ഇരുവരും യോജിച്ചു.
അച്ഛന്റെ വേർപാടിൽ മുറിപ്പെട്ട ഹൃദയത്തിൽ പിന്നെയും ആഴത്തിൽ കുത്തി മുറിപ്പെടുത്തുകയാണെന്ന് അന്നവരറിഞ്ഞില്ല. തീരുമാനങ്ങളെയൊന്നും അമ്മ എതിർത്തില്ല, മൗനിയായിരുന്നതേയുള്ളൂ.
“തണൽ’ അമ്മക്കിഷ്ടമാകും. അവിടെ കൂട്ടിന് കുറേപേരുണ്ട് എന്നെല്ലാം സ്നേഹ കണക്കുകൂട്ടി.
അമ്മയെ “തണലി’ലാക്കി തിരിച്ച് ബാംഗ്ലൂർ എത്തിയതിൽ പിന്നെ മുഴുവൻ തിരക്കുകളായി. അമ്മ വിളിക്കുമ്പോഴെല്ലാം തിരക്കാണെന്ന് പറഞ്ഞൊഴിയുക പതിവായി. അമ്മക്ക് വേണ്ടി ഒരു നിമിഷം പോലും മാറ്റി വെക്കുന്നത് ചിന്തിച്ചതേയില്ല.’ കുറ്റബോധത്താലവളുടെ മിഴികൾ നിറഞ്ഞുതൂവി.
“തണൽ’ എന്ന ബോർഡ് പതിച്ച വലിയ ഗൈറ്റ് കടന്നവൾ വിശാലമായ കെട്ടിട മുറ്റത്തേക്ക് കടന്നു. വരാന്തയിൽ നിൽക്കുന്ന, വർഷങ്ങളായി അവിടെ സേവനം ചെയ്യുന്ന പരിചാരകയുടെ മുഖത്ത് തെല്ലൊരാശ്ചര്യം. മടിച്ചുകൊണ്ടെങ്കിലും സ്നേഹ അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു. “അമ്മ?’ ചുറ്റും വീക്ഷിച്ചു കൊണ്ടവൾ ചോദിച്ചു.
“ഇത് വരെ പുറത്തേക്കും നോക്കി എന്റെ മക്കളിപ്പോ വരും എന്നും പറഞ്ഞ് ഇവിടെ വന്നിരിപ്പായിരുന്നു. അമ്മയെന്നും അങ്ങനെ തന്നെയാ… ഇന്നെന്തായാലും അവർക്കൊത്തിരി സന്തോഷമാകും.’
കേട്ടുനിന്ന സ്നേഹയുടെ ശിരസ്സു കുനിഞ്ഞു, കവിളിലൂടെ മിഴിനീരൊഴുകി.
“ഞാൻ കൊണ്ട്പോകുവാ.. അമ്മേനെ’ മിഴി തുടച്ചു കൊണ്ടവൾ പറഞ്ഞു. അവരൊത്തിരി അത്ഭുതത്തോടെ, അതിലുപരി സന്തോഷത്തോടെ അവളെ നോക്കി.
നീണ്ട ഹാളിലെ അനേകം കിടക്കകളിൽ ഏറ്റവുമറ്റത്ത് ജാലകത്തോട് ചേർന്നുള്ളൊന്നിൽ മിഴിയടച്ച് കിടക്കുന്ന അമ്മയെക്കണ്ടവൾ വേഗത്തിൽ അവരിലേക്കോടിയടുത്തു.
അക്ഷമയായിക്കൊണ്ടവൾ “അമ്മേ..’ എന്നുച്ചത്തിൽ വിളിച്ചു പോയി. പക്ഷേ, അവരുണർന്നില്ല! ആ അധരങ്ങളിലൊരു തണുത്ത പുഞ്ചിരിയുണ്ടായിരുന്നു, ആരോടും പരിഭവവും പരാതിയുമില്ലെന്ന പോലെ. അവൾ വീണ്ടും വീണ്ടുമവരെ കുലുക്കി വിളിച്ചു. ഒടുക്കം, അതൊരു പൊട്ടിക്കരച്ചിലായി പുറത്തേക്കൊഴുകി.
മണിക്കൂറുകൾ പിന്നിട്ട് മിഴി തുറന്ന സ്നേഹ ശരീരത്തിലേക്ക് മരുന്ന് കയറിക്കൊണ്ടിരിക്കുന്ന വയറുകളെല്ലാം വലിച്ചെറിഞ്ഞ് ഭ്രാന്താശുപത്രിയുടെ ഇടനാഴിയിലൂടെ “അമ്മാ..’ എന്നലറി ഓടിക്കൊണ്ടിരുന്നു. രണ്ട് നേഴ്സുമാർ വന്നവളെ ബലമായി പിടിച്ചു കൊണ്ട് പോയി. അവളിലെ പുതിയൊരു ഞരമ്പിനെ തിരഞ്ഞവരതിൽ സൂചിയറ്റം കുത്തി. പതിയെ അവളുമൊരു സുഖമില്ലാത്ത നിദ്രയിലേക്കിറങ്ങി. അന്നേരം, പ്രതീക്ഷയോടെ തന്റെ മക്കൾക്കായി കാത്തിരിക്കുന്ന ഒരമ്മയുടെ മുഖം അവൾക്കുള്ളിലൂടെ കടന്നുപോയി.
Content Highlights:
Sneha plans a weekend getaway in Bangalore, ignoring her aging mother living in an old age home. Spurred by an old photo, she finally rushes to bring her mother back, only to find she has passed away. Overwhelmed by grief and guilt, Sneha suffers a breakdown and is admitted to a hospital.




