Connect with us

Kottayam

സർപ്പ ആപ്പ്: പിടികൂടിയത് 6,851 പാമ്പുകളെ

Published

|

Last Updated

കോട്ടയം | കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ 2021ൽ തുടങ്ങിയ സർപ്പ ആപ്പ് വഴി 6,851 പാമ്പുകളെ പിടികൂടി. ഇവയെ സംരക്ഷിത മേഖലകളിൽ വിട്ടു. 2021 മുതൽ 2022 ഫെബ്രുവരി രണ്ട് വരെയുള്ള കണക്കാണിത്. അതിൽ മൂർഖൻ 1,999, ശംഖ് വരയൻ 66, അണലി 360, സാൾഡ് അണലി ഒന്പത്, പെരുമ്പാമ്പ് 1,261, ചേര 759, കിംഗ് കോബ്രാ 60, മറ്റുള്ളവ (വിഷാംശമില്ലാത്തവ) 2,337 എന്നിങ്ങനെയാണ് കണക്ക്.
വിഷാംശമുള്ള പാമ്പുകളെ വനത്തിൽ തുറന്നു വിടും. വിഷമില്ലാത്തവ ആവാസ വ്യവസ്ഥക്ക് അനുയോജ്യമാണെന്നും കർഷകർക്ക് പ്രയോജനമാണെന്നും പ്രദേശവാസികൾക്ക് പറഞ്ഞു കൊടുത്ത് അവരുടെ സമ്മതപ്രകാരമാണ് വിട്ടയക്കുന്നത്.

അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെ അപകടങ്ങൾ വർധിച്ചതിനെ തുടർന്നാണ് കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ 2021 ജനുവരിയിൽ പരിശീലനം നേടിയ വിദഗ്ധരെ ഉൾപ്പെടുത്തി സർപ്പ ആപ്പ് ആവിഷ്‌കരിച്ചത്. പാമ്പുകളെ കൊല്ലാതിരിക്കാനും അതുവഴി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമായാണ് വനം വകുപ്പ് പുതിയ ഉദ്യമത്തിന് തുടക്കമിട്ടത്. വനപാലകർക്കും പൊതുജനങ്ങൾക്കും പാമ്പുപിടിത്തത്തിൽ വനംവകുപ്പ് പരിശീലനം നൽകും. ഇവരുടെ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ്.

ആൻഡ്രോയിഡ് മൊബൈൽ ഫോണുകളിലെ പ്ലെ സ്റ്റോറിൽ നിന്ന് ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യാം. വിവരം ലഭിച്ചാലുടൻ വനം വകുപ്പിന്റെ റസ്‌ക്യൂവർ സ്ഥലത്തെത്തി പാമ്പുകളെ പിടികൂടി ഉൾവനത്തിൽ വിടും. ഈ സേവനത്തിന് പണം നൽകേണ്ടതില്ല. സന്ദേശം വരുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പരിശോധിച്ചാണ് റെസ്‌ക്യൂവർ സ്ഥലത്തെത്തുക. ജി പി എസ് മുഖേനയാണ് പ്രവർത്തനം. സംസ്ഥാനമൊട്ടാകെ 925 ഓളം റസ്‌ക്യൂവർമാർ പ്രവർത്തിക്കുന്നുണ്ട്.

Latest