Connect with us

Kerala

മലപ്പുറത്തെ യാത്രാദുരിതം; പരിഹാരമാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി എസ് എസ് എഫ്

തിരൂര്‍ റെയില്‍വേ പ്രയോചനപ്പെടുത്തുന്ന വിധം വഴിക്കടവ് - തിരൂര്‍, തിരൂര്‍ - വഴിക്കടവ് 24ഃ7 സര്‍വ്വീസ്, മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രത്യേക സര്‍വീസ്, സ്റ്റുഡന്റ്‌സ് ഓണ്‍ലി ബസ്സുകള്‍ എന്നിവ പ്രധാന ആവശ്യം

Published

|

Last Updated

മലപ്പുറം |  മലപ്പുറം ജില്ലയിലെ രൂക്ഷമായ പൊതുഗതാഗത പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് നിവേദനം സമര്‍പ്പിച്ചു. ജില്ലയിലെ പ്രധാന നഗരങ്ങളെയും ഗ്രാമപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ഗതാഗത സംവിധാനങ്ങള്‍ പകല്‍ സമയങ്ങളില്‍ മാത്രമായി ഒതുങ്ങുന്നത് സാധാരണക്കാരായ യാത്രക്കാരെയും തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും വലിയ തോതില്‍ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. രാത്രികാലങ്ങളില്‍ പൊതുഗതാഗതം അപ്രാപ്യമായ സാഹചര്യം അടിയന്തരമായി പരിഹരിക്കണമെന്നും ജില്ലാ ആസ്ഥാനത്തെ നവീകരിച്ച കെ എസ് ആര്‍ ടി സി സംവിധാനത്തെ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ശുഹൈബ്, ജില്ലാ പ്രവര്‍ത്തക സമിതിയംഗം ടിപ്പു സുല്‍താന്‍ അദനി മലപ്പുറം എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ കണ്ട് നിവേദനം കൈമാറിയത്. ജില്ലയുടെ പ്രധാന റെയില്‍വേ സ്റ്റേഷനായ തിരൂരിലേക്ക് രാത്രിയിലും പുലര്‍ച്ചെയും കൂടുതല്‍ ബസ് സര്‍വീസുകള്‍ അനുവദിക്കുക, മഞ്ചേരിയില്‍ പ്രഖ്യാപിച്ച കെ എസ് ആര്‍ ടി സി ഡിപ്പോയുടെ നടപടികള്‍ വേഗത്തിലാക്കുക, നിലമ്പൂര്‍-മഞ്ചേരി വഴി ഊട്ടി, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ നിവേദനത്തില്‍ ഉന്നയിച്ചു. കൂടാതെ കോഴിക്കോട് നിന്ന് അരീക്കോട്-മഞ്ചേരി വഴി പാലക്കാട്ടേക്ക് രാത്രികാല സര്‍വീസുകള്‍ ആരംഭിക്കുന്നത് വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നും ഭാരവാഹികള്‍ മന്ത്രിയെ ബോധിപ്പിച്ചു.

ബസ്സുകളില്‍ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കാന്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ‘സ്റ്റുഡന്റ്‌സ് ഓണ്‍ലി’ ബസ്സുകള്‍ ആരംഭിക്കണമെന്നും ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു. ഡിപ്പോകളില്‍ സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിക്കണമെന്നും പെരിന്തല്‍മണ്ണ ഡിപ്പോയിലെ നേരത്തെ പ്രഖ്യാപിച്ച ഷോപ്പിംഗ് കോംപ്ലക്‌സ് പദ്ധതി നടപ്പിലാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ജില്ലയിലെ യാത്രാ പ്രശ്‌നങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി പ്രതിനിധി സംഘത്തിന് ഉറപ്പുനല്‍കി. എന്നാല്‍ ജില്ലയോടുള്ള അവഗണന തുടരുന്ന പക്ഷം വരും ദിനങ്ങളില്‍ ശക്തമായ ജനകീയ സമര പരിപാടികളുമായി സംഘടന മുന്നോട്ട് പോകുമെന്ന് എസ് എസ് എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.

 

---- facebook comment plugin here -----

Latest