Connect with us

Kerala

'ഇന്നേവരെ ഒരു യുഡിഎഫ് നേതാവും ബന്ധപ്പെട്ടിട്ടില്ല; രാജി സ്വന്തം ഇഷ്ടപ്രകാരം'

എന്നോട് ഇടയ്ക്ക് ഇടയ്ക്ക് യുഡിഎഫിലേക്ക് പോകുകയാണോയെന്ന് ചോദിക്കുന്നത് ശുദ്ധ അഭാസമാണ്.

Published

|

Last Updated

പാലക്കാട് |  കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത് ആരുടേയും നിര്‍ദ്ദേശ പ്രകാരമല്ലെന്നും വ്യക്തിപരമായി തീരുമാനമെന്നും സിപിഎം നേതാവ് പികെ ശശി. ഇന്നേ വരെ ഒരു യുഡിഎഫ് നേതാവും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും നാളത്തെ കാര്യം ആര്‍ക്കും പറയാന്‍ കഴിയില്ലല്ലോയെന്നും പികെ ശശി മാധ്യമങ്ങളോട് പ്രതികരിച്ചു

കെടിഡിസിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് താന്‍ സ്വന്ത ഇഷ്ടപ്രകാരമാണ് രാജിവച്ചത്. ഇന്നലെ ഉച്ചക്ക് രാജിക്കത്ത് നല്‍കിയിട്ടുണ്ട്. അതിന് ആരുടെയോ സമ്മര്‍ദ്ദമോ, പ്രേരണയോ, നിര്‍ദേശമോ ഉണ്ടായിരുന്നില്ല. ഒരു കമ്മിറ്റിയും രാജിവയ്ക്കാന്‍ തന്നോട് നിര്‍ദേശിച്ചിരുന്നില്ല. അഞ്ച് വര്‍ഷക്കാലത്തെ കെടിഡിസി പ്രവര്‍ത്തനത്തില്‍ താന്‍ പൂര്‍ണ തൃപ്തനാണ്

ഈ സെക്കന്‍ഡുവരെ സണ്ണി ജോസഫ് എന്ന മനുഷ്യനുമായി സംസാരിച്ചിട്ടില്ല. ഒരു യുഡിഎഫ് നേതാവുമായിട്ട് പോലും എന്റെ ചേരി മാറ്റം സംബന്ധിച്ച് സംസാരിച്ചെന്ന് തെളിയിച്ചാല്‍ മാധ്യമങ്ങള്‍ പറയുന്ന പണി താന്‍ ചെയ്യും. താന്‍ ഇപ്പോഴും സിപിഎം അംഗമാണ്. ട്രേഡ് യൂണിയന്‍ ഭാരവാഹിയാണ്. മറിച്ച് ഒരു തീരുമാനം എടുത്തിട്ടില്ല. ഒരു മാറ്റത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ഇടതുപക്ഷരാഷ്ട്രീയം മുറുകെ പിടിക്കുന്ന ആളാണ്. കഴിഞ്ഞ 45 വര്‍ഷത്തെ പ്രവര്‍ത്തനം നോക്കിയാല്‍ അത് എല്ലാവര്‍ക്കും മനസിലാകും. അങ്ങനെയുള്ള എന്നോട് ഇടയ്ക്ക് ഇടയ്ക്ക് യുഡിഎഫിലേക്ക് പോകുകയാണോയെന്ന് ചോദിക്കുന്നത് ശുദ്ധ അഭാസമാണ്. ഇന്നേവരെ തന്നെ ഒരുയുഡിഎഫ് നേതാവും തന്നെ ബന്ധപ്പെട്ടിട്ടില്ല. നാളെത്തെ കാര്യം എന്താകുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലല്ലോയെന്നും പികെ ശശി പറഞ്ഞു.

 

Latest