Connect with us

Editors Pick

സൂചി കുത്തേണ്ട, രക്തസാംപിൾ വേണ്ട; പ്രമേഹവും ഇനി ആപ്പിൾ വാച്ച് കണ്ടെത്തും

സ്മാർട്ട് വാച്ചുകൾ വഴി ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്‍, ഉറക്കത്തിന്റെ നിലവാരം എന്നിവ ട്രാക്ക് ചെയ്യുന്നത് പോലെ തന്നെ ഇനി മുതൽ പ്രമേഹ നിലയും അറിയാനാകും.

Published

|

Last Updated

കാലിഫോര്‍ണിയ| നോണ്‍-ഇന്‍വേസിവ് ബ്ലഡ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സിസ്റ്റം വികസിപ്പിക്കുന്നതില്‍ ആപ്പിള്‍ നിർണായക പുരോഗതി കൈവരിച്ചതായി റിപ്പോര്‍ട്ടുകള്‍. സ്മാർട്ട് വാച്ചുകൾ വഴി ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്‍, ഉറക്കത്തിന്റെ നിലവാരം എന്നിവ ട്രാക്ക് ചെയ്യുന്നത് പോലെ തന്നെ ഇനി മുതൽ പ്രമേഹ നിലയും അറിയാനാകും. സൂചി ഉപയോഗിച്ച് കുത്തി രക്തസാംപിൾ എടുക്കാതെ തന്നെ പ്രമേഹം കണ്ടെത്തുന്നതിനുള്ള സെൻസറാണ് ആപ്പിൾ വികസിപ്പിച്ചിരിക്കുന്നത്.

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഐഫോണ്‍ നിര്‍മ്മാതാവും ടെക്‌നോളജി ഭീമനുമായ കുപെര്‍ട്ടിനോയാണ്, ബ്ലഡ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സാങ്കേതികവിദ്യയുടെ വികസനത്തില്‍ പ്രധാന പങ്കുവഹിച്ചിരിക്കുന്നത്. ബ്ലൂംബെര്‍ഗിന്റെ മാര്‍ക്ക്  ഗുര്‍മാന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഭാവിയിലെ ആപ്പിള്‍ വാച്ച് മോഡലിലേക്ക് വഴിമാറാന്‍ കഴിയുന്ന ബ്ലഡ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ ആപ്പിള്‍ ഒരു പ്രധാന വഴിത്തിരിവില്‍ എത്തിയിരിക്കുന്നു.  ഒരു ഉപയോക്താവിന്റെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കണ്ടെത്തുന്നതിന് ഏതെങ്കിലും തരത്തിലുള്ള രക്ത സാമ്പിള്‍ ശേഖരിക്കുകയോ സൂചി ഉപയോഗിച്ച് കുത്തുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നതാണ് നോൺ ഇൻവേസീവ് സാങ്കേതിക വിദ്യയുടെ പ്രത്യേകത.

ഹൃദയമിടിപ്പും, രക്തത്തിലെ ഓക്സിജൻ നിലയും അറിയുന്നതിനുള്ള സെൻസറുകൾ പ്രവർത്തിക്കുന്നത് പോലെ തന്നെയാകും ഗ്രൂക്കോസ് മോണിറ്ററിംഗ് സെൻസറും പ്രവർത്തിക്കുക. പ്രത്യേക തരംഘദൈർഘ്യത്തിൽ ഡിവൈസ് പുറപ്പെടുവിക്കുന്ന പ്രകാശം ശരീരത്തിലേക്ക് പ്രവഹിക്കുകയും അതുവഴി റിഫ്ലക്ട് ചെയ്യുന്ന പ്രകാശത്തിന്റെ പ്രത്യേകതകൾ വിലയിരുത്തി പ്രമേഹ നില കണ്ടെത്തുവാൻ സെൻസറിന് സാധിക്കുകയും ചെയ്യും. നിലവിൽ ആപ്പിൾ വികസിപ്പിച്ച ഈ സംവിധാനത്തിന്റെ പ്രോട്ടോടൈപ്പിന് ഒരു ഐഫോണിന്റെ അത്രയും വലുപ്പമുണ്ട്. അതുകൊണ്ട് തന്നെ ഇത് വാച്ചുകളിൽ എത്താൻ കുറച്ചുകൂടി സമയമെടുക്കുമെന്നാണ് ടെക് വിദഗ്ധരുടെ വിലയിരുത്തൽ.

സമയമറിയാൻ വേണ്ടി മാത്രം വാച്ചുകൾ ഉപയോഗിച്ചിരുന്ന കാലത്തെ പിന്തള്ളിയാണ് സ്മാർട്ട് വാച്ചുകളുടെ കടന്നുവരവ്. ഒരു വാച്ച് വഴി ആരോഗ്യപരിപാലനം ഉൾപ്പെടെ നിരവധി കാര്യങ്ങൾ സാധ്യമാക്കുകയാണ് സ്മാർട്ട് വാച്ചുകൾ. വിപണിയിൽ പലതരം സ്മാർട്ട് വാച്ചുകൾ ലഭ്യമാണെങ്കിലും ആപ്പിൾ തന്നെയാണ് ഈ രംഗം അടക്കിവാഴുന്നത്.

Latest