Uae
ഷാർജയിൽ സ്മാർട്ട് ട്രാഫിക് സിഗ്‌നലുകൾ
ഗതാഗതക്കുരുക്ക് കുറക്കുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുമായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്.

ഷാർജ | ഷാർജയിൽ പുതിയ സ്മാർട്ട് ട്രാഫിക് സിഗ്‌നൽ സംവിധാനം ആരംഭിച്ചു. ഗതാഗതക്കുരുക്ക് കുറക്കുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുമായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. അത്യാധുനിക സെൻസറുകളും സ്മാർട്ട് ഡിറ്റക്ടറുകളും ഉപയോഗിച്ച് തത്സമയ ഗതാഗത – കാൽനടയാത്ര പ്രവാഹം വിശകലനം ചെയ്യും. യഥാർഥ സാഹചര്യങ്ങൾക്കനുസരിച്ച് സിഗ്‌നലുകളുടെ സമയം യാന്ത്രികമായി ക്രമീകരിക്കപ്പെടുന്നതിലൂടെ വാഹനങ്ങളുടെ സുഗമമായ ഒഴുക്കും കാൽനടയാത്രികരുടെ നിയന്ത്രണവും ഉറപ്പാക്കും.
40 മുതൽ 50 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾ നീങ്ങുമ്പോൾ ഗ്രീൻ സിഗ്‌നലുകളിലൂടെ തടസ്സമില്ലാതെ കടന്നുപോകാൻ ഈ സംവിധാനം സൗകര്യമൊരുക്കും. കാൽനടക്കാർക്ക് സുരക്ഷിതമായ ക്രോസിംഗ് സമയം ഉറപ്പാക്കുകയും അപകടകരമായ റോഡ് പെരുമാറ്റങ്ങൾ തടയുകയും ചെയ്യും. ഈ പദ്ധതി ഷാർജയുടെ ഗതാഗത മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്ന നിരവധി സ്മാർട്ട് സംരംഭങ്ങളിൽ ഒന്നാണെന്ന് എസ് ആർ ടി എ ചെയർമാൻ എൻജിനീയർ യൂസുഫ് ഖമീസ് അൽ ഉസ്്മാനി വ്യക്തമാക്കി.