Kerala
ആറ് വയസുകാരി അബിഗേല്‍ സാറയെ കണ്ടെത്തി
കുട്ടിയെ കൊല്ലം ആശ്രമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളയുകയായിരുന്നു.

കൊല്ലം| കൊല്ലം ഓയൂരില്‍ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി അബിഗേല്‍ സാറ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളയുകയായിരുന്നു. പ്രതികള്‍ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. പോലീസ് കുട്ടിയെ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കൊണ്ടുപോയി.
ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേല്‍ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. മൂത്ത മകന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാന്‍ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരന്‍ ജോനാഥ് പറയുന്നു.
കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. സഹോദരന്‍ തടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ജോനാഥ് താഴെ വീഴുകയുമായിരുന്നു.
പിന്നീട് സംഘം കുട്ടിയുടെ അമ്മയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. 5 ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചത് ഒരു സ്ത്രീയും പുരുഷനും ആണെന്നാണ് വിവരം. ഇവരുടെ വാഹനം കേന്ദ്രീകരിച്ച് കഴിഞ്ഞ 20 മണിക്കൂറായി അന്വേഷണം പുരോഗമിക്കവെയാണ് കുഞ്ഞിനെ എസ്.ഐ ഷബ്നം കണ്ടെത്തുന്നത്.