Connect with us

Kerala

ശിവപ്രിയയുടെ മരണം: അണുബാധയുണ്ടായത് ആശുപത്രിയില്‍ നിന്നല്ല;അന്വേഷണ റിപ്പോര്‍ട്ട്

ഒരാഴ്ച മുമ്പ് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍.

Published

|

Last Updated

തിരുവനന്തപുരം|തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി ആശുപത്രിയില്‍ നിന്നുണ്ടായ അണുബാധയെ തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച ശിവപ്രിയയ്ക്ക് അണുബാധയുണ്ടായത് ആശുപത്രിയില്‍ നിന്നല്ലെന്ന് പ്രാഥമിക നിഗമനം. ലേബര്‍ റൂമിലും പ്രസവാനന്തര ശുശ്രൂഷ നല്‍കുന്ന സ്ഥലങ്ങളിലും അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയില്ല. ഒരാഴ്ച മുമ്പ് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് വിദഗ്ധസമിതി ഇന്ന് സമര്‍പ്പിക്കും.

റിപ്പോര്‍ട്ട് വന്നശേഷം തുടര്‍നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് ശിവപ്രിയയുടെ ഭര്‍ത്താവ് മനു പ്രതികരിച്ചു. മെഡിക്കല്‍ കോളജില്‍വച്ച് മരിച്ച ആര്‍ക്കാണ് നീതി ലഭിച്ചത്. അവസാനം ഡോക്ടര്‍മാര്‍ക്ക് അനുകൂലമായാണ് എല്ലാ റിപ്പോര്‍ട്ടും വരാറുള്ളത്. വീട്ടില്‍ നിന്ന് അണുബാധ ഉണ്ടായെന്നാണ് ആശുപത്രിയിലെത്തിയപ്പോള്‍ പറഞ്ഞത്. മരിച്ചപ്പോഴും അത് തന്നെ ആണ് പറഞ്ഞത്. ഇനിയും അങ്ങനെ തന്നെ പറയാനാണ് സാധ്യത. അന്വേഷണം നടത്തുന്നത് ഡോക്ടര്‍മാര്‍ തന്നെയല്ലേ. അവര്‍ മറ്റ് ഡോക്ടര്‍മാര്‍ക്ക് അനുകൂലമായല്ലേ റിപ്പോര്‍ട്ട് സമര്‍പ്പിക്കൂവെന്നും മനു ചോദിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് അണുബാധയെ തുടര്‍ന്ന് ശിവപ്രിയ മരിച്ചത്.

 

 

Latest