Connect with us

cover story

പടയോട്ടത്തിന്റെ അടയാളങ്ങൾ

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയെ അടിമയാക്കിയ കാലത്ത് പല രാജാക്കന്മാരും ബ്രിട്ടീഷ് സാമന്തന്മാരായി മാറി. അപ്പോഴും അത്ഭുതകരമായി ചെറുത്തുനിന്ന രാജാവായിരുന്നു ടിപ്പു സുല്‍ത്താന്‍. സ്വന്തം രാജ്യം ബ്രിട്ടീഷുകാരില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി പോരാടിയ ധീരനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. ടിപ്പു സുല്‍ത്താന്‍ യുദ്ധം ചെയ്തിട്ടുണ്ട്. രാജാവ് എന്ന നിലയില്‍ രാജ്യം സംരക്ഷിക്കാനും രാജ്യാതിര്‍ത്തി വികസിപ്പിക്കാനുമായിരുന്നു എല്ലാം. പതിനെട്ടാം നൂറ്റാണ്ടിന്റെ ശരികളായിരുന്നു അദ്ദേഹത്തിന്റെ വഴി നിശ്ചയിച്ചിരുന്നത്. ജാതിവ്യവസ്ഥ ഭ്രാന്താലയമാക്കിയ മധ്യകാല കേരളത്തില്‍ ജാതിയെ അപ്രസക്തമാക്കിക്കൊണ്ടുള്ള ഒരു നടപടി ആദ്യമായുണ്ടാകുന്നത് ടിപ്പുവിന്റെ മലബാര്‍ അധിനിവേശകാലത്താണ്.

Published

|

Last Updated

‘ഒരു ദിവസം സിംഹത്തെ പോലെ ജീവിക്കുന്നതാണ് നൂറ് കൊല്ലം കുറുക്കനെ പോലെ ജീവിക്കുന്നതിനേക്കാള്‍ മഹത്തരമായിട്ടുള്ളത്.’
മൈസൂർ കടുവ എന്നറിയപ്പെട്ട വീരയോദ്ധാവ് സുല്‍ത്താന്‍ ഫത്തഹ് അലി ഖാൻ ടിപ്പു വീരമൃത്യു വരിക്കുന്നതിന് ഏതാനും മിനുട്ടുകള്‍ക്കു മുമ്പ് പറഞ്ഞ ഇടിനാദം പോലുള്ള വാക്കുകൾ. 1750 നവംബര്‍ 20ന് ജനിച്ച അദ്ദേഹം ബ്രിട്ടീഷ് പട്ടാളവുമായി പോരാടി 1799 മെയ് നാലിന് വീരമൃത്യു വരിക്കുന്നത് വരെ തലതാഴ്ത്താത്ത ധീരനാണ്. മൈസൂരിലെ വ്യാഘ്രം എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.

മലബാറിന്റെ ചരിത്രത്തിലിടം നേടിയവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ടിപ്പു സുല്‍ത്താന്റെ പടയോട്ട ചരിത്ര സ്മാരകശിലകൾ. ഓരോ ദിവസം കഴിയും തോറും ഒരോർമ മാത്രമായി മാറുകയായിരുന്ന പൂർണ നാശത്തിന്റെ വക്കിലെത്തിയിരുന്ന ചരിത്ര സ്മാരകമെന്ന് വിശേഷിപ്പിക്കുന്ന കോഴിക്കോട് ഫറോക്കിലെ ടിപ്പു സുല്‍ത്താന്‍ കോട്ട വീണ്ടെടുപ്പിന്റെ പാതയിൽ തലയുയർത്തി നിൽപ്പാണ്.

വിശ്രമ മന്ദിരം

പടയോട്ടം മലബാറില്‍

1767ല്‍ ഹൈദരലി നടത്തിയ പടയോട്ടത്തില്‍ മലബാർ പ്രദേശത്തെ പല നാട്ടുരാജ്യങ്ങളും തകര്‍ന്നടിഞ്ഞു. പടയോട്ടത്തില്‍ സാമൂതിരിമാരുടെ കീഴില്‍ ഉണ്ടായിരുന്ന കോഴിക്കോട് പിടിച്ചടക്കാന്‍ ഹൈദരലിക്ക് കഴിഞ്ഞു. കോഴിക്കോട് തകര്‍ന്നടിഞ്ഞപ്പോള്‍ സാമൂതിരി കുടുംബം തിരുവിതാംകൂറിലേക്ക് കുടിയേറി. 1782ലെ ഹൈദരലിയുടെ മരണശേഷം ടിപ്പു മെസൂര്‍ രാജാവായി. പിതാവിന്റെ പാത പിന്തുടര്‍ന്ന ടിപ്പു 1788 ഏപ്രില്‍ അഞ്ചിന് മലബാറിലെത്തി. മലബാര്‍ കീഴടക്കിയ ടിപ്പു മലബാറിന്റെ ആസ്ഥാനം കോഴിക്കോട് നിന്ന് ബേപ്പൂര്‍ പുഴയുടെ തെക്കേകരയിലെ ഫറോക്കിലേക്ക് മാറ്റാനും അവിടെ ഒരു കോട്ട പണിയാനും തീരുമാനിച്ചു.

കോഴിക്കോട്ടെ കോട്ട

പ്രാദേശിക തലത്തിൽ തന്നെ പലർക്കും ഇപ്പോഴും സ്വന്തം നാട്ടിലെ ചരിത്രപ്രസിദ്ധമായ ടിപ്പുവിന്റെ കോട്ടയുള്ള കാര്യമറിയില്ല എന്നതാണ് വാസ്തവം. 1989ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കേരള സന്ദര്‍ശന വേളയില്‍ ആദ്ദേഹം മലപ്പുറത്തും എത്തുകയുണ്ടായി. മലബാറിന്റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കിയ അദ്ദേഹം മലബാറില്‍ സ്ഥിതി ചെയ്യുന്ന ടിപ്പു സുല്‍ത്താന്‍ കോട്ടയെ കുറിച്ചന്വേഷിച്ചു. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. പലര്‍ക്കും അറിവുള്ളത് പാലക്കാട് കോട്ടയെ കുറിച്ചായിരുന്നു. എന്നാല്‍, രാജീവ് ഗാന്ധി തിരക്കിയത് കോഴിക്കോടിന് 12 കി. മീ. അപ്പുറമുള്ള ഫറോക്കില്‍ സ്ഥിതി ചെയ്യുന്ന ടിപ്പു കോട്ടയെ കുറിച്ചാണ്. ഉദ്യോഗസ്ഥർക്ക് മാത്രമല്ല പല മലബാറുകാര്‍ക്കും അതൊരു പുതിയ അറിവായിരുന്നു. അപ്പോഴേക്കും കോട്ടയുടെ പല ഭാഗങ്ങളും കാലം കവര്‍ന്നെടുത്തിരുന്നു.
ദക്ഷിണ കര്‍ണാടകത്തിലെ മൈസൂര്‍ ആസ്ഥാനമായി ഭരണം നടത്തിയ രാജാക്കന്മാരായിരുന്നു ഹൈദരും അദ്ദേഹത്തിന്റെ മകനായ ടിപ്പുവും. സ്വന്തം സാമ്രാജ്യം വിസ്തൃതമാക്കുക ഏത് നാട്ടുരാജാക്കന്മാരുടെയും രീതിയാണ്. ഈ രീതിയിൽ ൈഹദരലിയും ടിപ്പുവും നടത്തിയ പടയോട്ടങ്ങളും ശ്രദ്ധേയമാണ്. ബ്രിട്ടീഷ് നിയന്ത്രണത്തിലാകുന്നതിനു മുമ്പ് അനേകം ചെറു നാട്ടുരാജ്യങ്ങളായി ചിതറിക്കിടക്കുകയായിരുന്നു മലബാര്‍ പ്രദേശം. അതില്‍ പ്രബലരായ സാമൂതിരിമാരുടെ അധീനതയിലായിരുന്നു ഇന്നത്തെ ഫറോക്ക്.

ഫാറൂക്കാബാദ് എന്ന ഫറോക്കിലേക്ക്

ടിപ്പു കോട്ട കെട്ടാന്‍ തിരഞ്ഞെടുത്ത സ്ഥലം കോഴിക്കോടിന് 12 കി. മീ. മാറിയുള്ള ഒരു കുന്നിന്‍പ്രദേശമായിരുന്നു. അതുവരെ പാറമുക്ക് എന്ന് അറിയപ്പെട്ട സ്ഥലത്തിന് ടിപ്പു “ഫറൂക്കാബാദ്’ എന്ന പുതിയ പേര് നല്‍കി. ബ്രിട്ടീഷ് ഭരണകാലത്ത് “ഫാറൂക്കിയ’ എന്ന് അറിയപ്പെട്ട ഈ സ്ഥലം ഇപ്പോള്‍ ഫറോക്ക് ആയിത്തീര്‍ന്നു. ചാലിയാറിന്റെ തീരത്ത് അറബിക്കടലിനഭിമുഖമായി നില്‍ക്കുന്ന കുന്നിന്‍പ്രദേശമാണ് കോട്ടക്കു വേണ്ടി അദ്ദേഹം കണ്ടെത്തിയത്.

പഴയ ഫറോക്ക് ട്രഷറിക്കു സമീപം ഫറോക്ക് റോഡിന്റെ വലതു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഭൂമിശാസ്ത്രപരമായി വളരെ പ്രത്യേകതയുള്ളതാണ്. കടല്‍ മാർഗമുള്ള യാത്രാ സൗകര്യമായിരുന്നു മുഖ്യം. കൂടാതെ കോഴിക്കോട്, കടലുണ്ടി, ബേപ്പൂര്‍ എന്നീ കടലോര പ്രദേശങ്ങളും കല്ലായി പുഴ, കടലുണ്ടി പുഴ എന്നിവ വീക്ഷിക്കാനും കഴിയുന്ന തരത്തിലുള്ളതായിരുന്നു ഈ പ്രദേശം.

ഇരട്ടക്കിണർ

സഫലീകരിക്കപ്പെടാതെ
ആ സ്വപ്‌നം

മലബാറില്‍ താന്‍ കീഴടക്കിയ പ്രദേശങ്ങള്‍ ഫറോക്ക് കേന്ദ്രീകരിച്ച് ഭരിക്കാനായിരുന്നു ടിപ്പുവിന്റെ തീരുമാനം. 900 ത്തോളം പടയാളികള്‍ കോട്ട നിര്‍മാണത്തില്‍ പങ്കാളികളായി. കോട്ടയുടെ നിര്‍മാണം രണ്ടര വര്‍ഷക്കാലം നീണ്ടുനിന്നു. സൈനിക നീക്കങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് കോട്ടയുടെ നിര്‍മാണ ചാരുതി നിർണയിച്ചതും രൂപവത്കരണവും. ശത്രുസൈന്യത്തിന്റെ ദൃഷ്ടി എത്തിപ്പെടാത്ത വിധത്തില്‍ കോട്ടമതിലിനോട് ചേര്‍ന്ന് ഒരു കീഴറ നിര്‍മിച്ചിരുന്നു. ടിപ്പുവിന്റെയും ഹൈദരലിയുടെയും കോട്ടകളിലെ ശിൽപ്പ മാതൃകയില്‍ പാറ തുരന്നെടുത്ത കൃത്രിമ ഗുഹയാണിത്. കലാചാരുതയോടെ കമാന ആകൃതിയില്‍ പാറ തുരന്നാണ് മുന്‍വശത്തെ ഗുഹ പോലെ തോന്നിക്കുന്ന ഭാഗങ്ങള്‍ ഉണ്ടാക്കിയതെന്ന് ‘വില്യം ലോഗന്‍’ മലബാര്‍ മാന്വലില്‍ പറയുന്നു. ഈ ഗുഹയില്‍ വെച്ചാണ് യുദ്ധത്തിനാവശ്യമായ വെടിമരുന്നുകളും വെടിക്കോപ്പുകളും നിര്‍മിച്ചിരുന്നത്. ഇതിനെ പഴമക്കാര്‍ ‘മരുന്നറ’ എന്ന് പറയുന്നു. ഗുഹക്കകത്ത് പീരങ്കി വെക്കാനായി പിന്‍വശത്ത് ഒഴിവുമുണ്ട്. ഇതിന് മുകളിലായി കൊത്തളം അഥവാ വാച്ച് ടവര്‍ ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. കാര്യമായ കേടുപാടുകളില്ലാതെ ഗുഹ ഇന്നും നിലകൊള്ളുന്നുവെന്നത് അത്ഭുതമാണ്.

ചരിത്ര പടവുകളുടെ ഇരട്ടക്കിണര്‍

ഏറെ വലിപ്പമുള്ള ഒരു കിണറിനുള്ളിലായി രണ്ട് ചെറിയ കിണറുകള്‍ സ്ഥിതിചെയ്യുന്ന ‘ഇരട്ടക്കിണര്‍’ കോട്ടക്കുള്ളിലുണ്ട്. കിണറിനുള്ളിലേക്ക് ഇറങ്ങാവുന്ന വിധത്തില്‍ പടവുകളുണ്ടെന്നത് പ്രത്യേകതയാണ്. കിണറിനുള്ളില്‍ നിന്ന് പുറത്തേക്ക് രക്ഷപ്പെടാനുള്ള തുരങ്കങ്ങളുണ്ടാകാനുള്ള സാധ്യത ചരിത്രകാരന്മാര്‍ തള്ളിക്കളയുന്നില്ല. കോട്ടയുടെ പല ഭാഗത്ത് നിന്നായി ഇത്തരം തുരങ്കങ്ങളുടെ ശേഷിപ്പുകള്‍ കണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ട്. 900 ത്തോളം പടയാളികള്‍ കോട്ട നിര്‍മാണത്തില്‍ പങ്കാളികളായി. ഒരു പ്രദേശമാകെ പരന്നുകിടന്ന കോട്ടയുടെ നിര്‍മാണം രണ്ടര വര്‍ഷക്കാലം നീണ്ടുനിന്നു. നിര്‍മാണം പൂര്‍ത്തീകരിച്ച ശേഷം സമീപങ്ങളില്‍ വസിച്ചിരുന്ന ജനങ്ങളെ താഴെ ഭാഗങ്ങളിലേക്ക് മാറ്റി. തുടർന്ന് കോയമ്പത്തൂരിലേക്ക് പോയ ടിപ്പു കോട്ടയുടെ ചുമതല സേനാ തലവന്‍ മാര്‍ത്തബ് ഖാനെ ഏല്‍പ്പിച്ചു. ഈ അവസരത്തിലാണ് കേണൽ ഹര്‍ട്ടിലിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് സൈന്യം മലബാറിലെത്തുന്നത്. പരാജയം മണത്തറിഞ്ഞ മൈസൂര്‍ സൈന്യം ആനപ്പുറത്ത് കയറി രക്ഷപ്പെടുകയായിരുന്നു. മലബാറിലെ ടിപ്പുവിന്റെ മോഹങ്ങള്‍ അതോടെ അവസാനിച്ചു.

മദ്രാസ് അസ്ഥാനമാക്കിയുള്ള ബ്രിട്ടീഷ് ഭരണം ഫറോക്ക് കോട്ടക്ക് പ്രാധാന്യം നല്‍കിയില്ല. ബ്രിട്ടീഷ് ഭരണകാലത്ത് സാമൂതിരിമാര്‍ മലബാറില്‍ മടങ്ങിയത്തി. അപ്പോഴേക്കും അവരുടെ പ്രതാപം നഷ്ടപ്പെട്ടിരുന്നു. ബ്രിട്ടീഷ് അധീനതയില്‍ കോട്ടക്കകത്ത് പണിത കെട്ടിടം സാമൂതിരിമാര്‍ വിശ്രമകേന്ദ്രമായി ഉപയോഗിച്ചു. പിന്നീട് ചരിത്രം അവശേഷിക്കുന്ന കോട്ടയും പ്രദേശവും ബ്രിട്ടീഷുകാര്‍ കോമണ്‍വെല്‍ത്ത് അധികാരികള്‍ക്ക് കൈമാറി. 1971ല്‍ കോമണ്‍വെല്‍ത്ത് അധികൃതര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറുകയും ചെയ്തതോടുകൂടി ഏറെക്കൂറെ കോട്ടയുടെ നാശം സംഭവിച്ചിരുന്നു. പീരങ്കി തറകളും വാച്ച് ടവറുകളും കിടങ്ങുകളും പൊളിച്ചടക്കിയവയില്‍ പെടുന്നു. ഇവയുടെയൊക്കെ ഭാഗങ്ങള്‍ ഇപ്പോഴും കോട്ടക്കകത്തുണ്ട്.

രാജീവ് ഗാന്ധി കോട്ടയെ കുറിച്ചന്വേഷിച്ചത് പത്രങ്ങളിലൊക്കെ വലിയ വാര്‍ത്തയായി. കോട്ടയുടെ ചരിത്ര പ്രാധാന്യം മനസ്സിലാക്കിയ പ്രദേശ വാസികള്‍ കോട്ടസംരക്ഷണ സമിതി രൂപവത്കരിക്കുകയും പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുകയും ചെയ്തു. സര്‍ക്കാറിലേക്ക് പരാതികളും നിവേദനങ്ങളും സമര്‍പ്പിക്കുകയുണ്ടായി. തത്ഫലമായി 1991 ഫെബ്രുവരിയില്‍ അന്വേഷണാത്മക വിജ്ഞാപനവും 1991 നവംബര്‍ ആറിന് സ്ഥിര വിജ്ഞാപനവും പുറപ്പെടുവിച്ച് കോട്ട പുരാവസ്തു സ്മാരകമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിലവില്‍ 14 സ്വകാര്യ വ്യക്തികളുടെ കൈവശമാണ് എട്ട് ഏക്കറോളം വരുന്ന കോട്ട പ്രദേശം.പുരാവസ്തുവായി പ്രഖ്യാപിച്ച സ്വകാര്യ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സർക്കാറില്‍നിന്ന് അനുമതി വാങ്ങേണ്ടതാണ്. എന്നാല്‍, നിയമം പാലിക്കതെ കോട്ടക്കകത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു. അന്ന് പഞ്ചായത്ത് മൈതാനം നിര്‍മിക്കാന്‍ കോട്ട പ്രദേശം ഇടിച്ച് മണ്ണെടുക്കുക പോലുമുണ്ടായി. ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ ഉടമകള്‍ കേസ് കൊടുത്തു. കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കോട്ട വീണ്ടെടുപ്പിന്റെ വഴിയേ…

ചരിത്രപ്രസിദ്ധമായ ഫറോക്കിലെ ടിപ്പു കോട്ട ഏറ്റെടുത്ത് സംരക്ഷിക്കാന്‍ നടപടി കൈക്കൊണ്ടു വരികയാണ്. ഹൈക്കോടതി വിധിയുടെ ഭാഗമായി പുരാവസ്തു വകുപ്പ് മലബാർ സർവേ ഫീൽഡ് അസിസ്റ്റന്റ് കെ കൃഷ്ണ രാജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഈയിടെ ഫറോക്കിലെ ടിപ്പു കോട്ടയിൽ ഖനന നടപടികൾ വീണ്ടും ആരംഭിച്ചു. കോട്ടയിലെ പുരാവസ്തു അവശിഷ്ടങ്ങൾ ജീർണിക്കാതെ സംരക്ഷിച്ചു നിലനിർത്തുന്നതിന് ആവശ്യമായ നടപടിയെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പുരാവസ്തു വകുപ്പ് പര്യവേക്ഷണവും ഉപരിതല സർവേയും നടത്തുന്നത്. ലഭ്യമായ പുരാരേഖകൾ പരിശോധിച്ചു ചരിത്ര പശ്ചാത്തലം നിലനിർത്താനും മണ്ണ് മൂടിക്കിടക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്താനുമാണ് ശ്രമം. കോട്ടയിൽ പടർന്നു പന്തലിച്ച കാടുകൾ വെട്ടിയ ശേഷം കോട്ടക്കുള്ളിൽ മണ്ണ് നീക്കിയാണ് പരിശോധന നടത്തിയത്. ടിപ്പു കോട്ടയുടെ അകത്തളത്തിൽ കഴിഞ്ഞ വർഷം കുഴിയെടുത്ത് പരിശോധിക്കുന്നതിനിടെ ചെമ്പു നാണയവും ചൈനീസ് പാത്രക്കഷ്ണങ്ങളും നൂറ്റാണ്ടുകൾക്ക് മുമ്പ് നാണയം നിർമിക്കാൻ ഉപയോഗിച്ചിരുന്ന ഇരുമ്പ് നിർമിത കമ്മട്ടവും കണ്ടെത്തിയിരുന്നു. ഉത്ഖനനത്തിന്റെ സാധ്യത പരിശോധിക്കുന്നതിനൊപ്പം തനിമ നഷ്ടപ്പെടാതെ കോട്ട സംരക്ഷിക്കാനും പദ്ധതിയുണ്ട്. സ്വകാര്യ ഭൂമിയിലുള്ള ഫറോക്കിലെ ടിപ്പുക്കോട്ട സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതു സംരക്ഷണ പ്രവർത്തനങ്ങൾക്ക് തടസ്സമായിരുന്നു.
കോട്ട സംരക്ഷിക്കണമെന്ന കോടതി ഉത്തരവ് ലഭിച്ചതോടെയാണ് പുരാവസ്തു വകുപ്പ് പര്യവേക്ഷണ നടപടി തുടങ്ങിയത്. ടിപ്പുവിന്റെ പടയോട്ട കാലത്തെ ശേഷിപ്പായ ചെങ്കൽ പടികളോടു കൂടിയ ഭീമൻ കിണർ, ചെറിയ ഭൂഗർഭ അറകൾ, മറ്റു അവശിഷ്ടങ്ങൾ എന്നിവയാണ് സ്മാരകമായി ഇപ്പോൾ ശേഷിക്കുന്നത്. ടിപ്പു കോട്ട സംരക്ഷണത്തിന് സംസ്ഥാന ബജറ്റില്‍ മൂന്ന് കോടി സര്‍ക്കാര്‍ വകയിരുത്തിയതിന്റെ ഭാഗമായിട്ടാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. പടയോട്ടത്തിന്റെ പ്രതീകമായി തലയുയർത്തി നിൽക്കുന്ന ഇത്തരം ശേഷിപ്പുകൾ മൺമറയാതെ സൂക്ഷിക്കൽ സമൂഹത്തിന്റെ കൂടി കടമയാണ്.
.