Connect with us

Kerala

ഷിരൂർ മണ്ണിടിച്ചിൽ: അർജുനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു; പുഴയിൽ ഇന്ധന സാന്നിധ്യം; ഒരു ലോഹഭാഗവും കണ്ടെത്തി

ഇന്നലെ നടത്തിയ തിരച്ചിലിൽ അർജുൻ ഓടിച്ചിരുന്ന ലോറിയുടെത് എന്ന് കരുതുന്ന ജാക്കി കണ്ടെത്തിയിരുന്നു.

Published

|

Last Updated

കാസർഗോഡ് | കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടി ഇന്നത്തെ തിരച്ചിൽ തുടങ്ങി. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് തിരച്ചിൽ പുനഃരാരംഭിച്ചത്. മുങ്ങൽ വിദഗ്‌ദൻ ഈശ്വർ മാൽപെയാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. എസ് ഡി ആർ എഫ് സംഘവും സജീവമായുണ്ട്.

ഗംഗാവലി പുഴയിൽ മുങ്ങി മാൽപെ നടത്തിയ പരിശോധനയിൽ ഇന്നും ഒരു ലോഹഭാഗം കണ്ടെത്തി. എന്നാൽ ഇത് അർജുന്റെ ലോറിയുടെത് അല്ലെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. പ്രദേശത്ത് കാണാതായ മറ്റൊരു ടാങ്കർ ലോറിയുടെ ഭാഗമാണ് ഇതെന്ന് കരുതുന്നതായും മനാഫ് പറഞ്ഞു. ഇന്നലെ നടത്തിയ തിരച്ചിലിൽ അർജുൻ ഓടിച്ചിരുന്ന ലോറിയുടെത് എന്ന് കരുതുന്ന ജാക്കി ലിവർ കണ്ടെത്തിയിരുന്നു. പുഴയിൽ ഒരു ഭാഗത്ത് ഡീസലിന്റെ സാന്നിധ്യം കണ്ടെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. ഈ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്.

പുഴയിൽ ഒഴുക്ക് കുറഞ്ഞതോടെയാണ് നേരത്ത നിർത്തിവെച്ച തിരച്ചിൽ പുനരാരംഭിച്ചത്.  ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ ചായക്കട ഉണ്ടായിരുന്ന ഭാഗത്താണ്‌ ഇന്നലെ തിരച്ചിൽ നടത്തിയത്. ഇവിടെ നിന്നാണ് ലോറിയുടെ വീൽ ജാക്കി കണ്ടെത്തിയത്‌. അർജുൻ ഓടിച്ച ലോറിയുടെ ജാക്കിയാണ്‌ ഇതെന്ന്‌ ഉടമ മനാഫ്‌ പറയുന്നു.

ജൂലായ് 16-ന് രാവിലെയാണ് കർണാടക-ഗോവ അതിർത്തിയിലൂടെ പോവുകയായിരുന്ന അർജുൻ (30) അപകടത്തിൽപ്പെട്ടത്. പൻവേൽ-കന്യാകുമാരി ദേശീയ പാതയിലെ ഷിരൂരിൽ അർജുൻ ഓടിച്ചിരുന്ന ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. സംഭവം നടന്ന ശേഷം വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സൈന്യത്തിന്റെ നേതൃത്വത്തിൽ കരയിലെ മണ്ണ് ഏറെക്കുറെ നീക്കിയെങ്കിലും ലോറിയോ അർജുനെയോ കണ്ടെത്താനായില്ല.

തുടർന്ന് മണ്ണിടിച്ചിലിൽ ലോറി പുഴയിലേക്ക് മറിഞ്ഞിട്ടുണ്ടാകുമെന്ന നിഗമനത്തിൽ തിരച്ചിൽ അവിടേക്ക് കേന്ദ്രീകരിച്ചു. എന്നാൽ ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ പൂർത്തീകരിക്കാനായില്ല. പ്രദേശത്ത് മഴക്ക് അൽപം ശമനം വരികയും ഗംഗാവലി പുഴയിൽ അടിയൊഴുക്ക് കുറയുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest