Connect with us

Kerala

ഭിന്നതക്കും വര്‍ഗീയ കലാപത്തിനും ശ്രമം; കേരള സ്റ്റോറി 2വിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്സ് നേതാവ്

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ആബിദ് അലിയാണ് ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനുമെതിരെ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.

Published

|

Last Updated

കൊച്ചി | വിവാദ ചിത്രം കേരള സ്റ്റോറി 2വിനെതിരെ സ്വകാര്യ അന്യായം സമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ആബിദ് അലി. ചിത്രത്തിന്റെ സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിംഗ്, നിര്‍മാതാവ് വിപുല്‍ അമൃത് ലാല്‍ ഷാ എന്നിവര്‍ക്കെതിരെയാണ് പരാതി. ബി എന്‍ എസ് നിയമത്തിലെ 299 വകുപ്പ് അനുസരിച്ച് ജാമ്യമില്ലാ കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. സ്വകാര്യ അന്യായത്തില്‍ എറണാകുളം സി ജെ എം കോടതി റിപോര്‍ട്ട് തേടി. ആലുവ സൈബര്‍ പോലീസിനോട് തിങ്കളാഴ്ച റിപോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

ചിത്രത്തിന്റെ ടീസറിനും ട്രൈയിലറിനും എതിരെയാണ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരിക്കുന്നത്. സംവിധായകനും നിര്‍മാതാവും സമൂഹത്തില്‍ മതത്തിന്റെ പേരില്‍ ഭിന്നത സൃഷ്ടിക്കാനും വര്‍ഗീയ കലാപം സൃഷ്ടിക്കാനും ശ്രമിക്കുന്നു, മതവിദ്വേഷം പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്.

ഇന്ത്യയിലെ 85 ദശലക്ഷം അവിവാഹിതരായ ഹിന്ദു പെണ്‍കുട്ടികളെ വിവാഹം കഴിച്ച് മതം മാറ്റുക എന്നതാണ് മുസ്‌ലിം യുവാക്കളുടെ ലക്ഷ്യമെന്നാണ് ടീസര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കി മാറ്റുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും ടീസറില്‍ പറയുന്നു. ഈ ലക്ഷ്യത്തിനെതിരെ പോരാടാന്‍ ഓരോ ഹിന്ദുവും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ആഹ്വാനം ചെയ്യുന്നു. ടീസറിനും ട്രെയിലറിനും അനുമതി നല്‍കിയിട്ടില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അവ രണ്ടും ചിത്രത്തിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂല നല്‍കിയിട്ടുണ്ടെന്നും സ്വകാര്യ അന്യായത്തില്‍ വ്യക്തമാക്കുന്നു.

 

---- facebook comment plugin here -----

Latest