Connect with us

Kerala

മലപ്പുറത്ത് വീണ്ടും ഷിഗല്ല രോഗബാധ; ഈ മാസം മാത്രം സ്ഥിരീകരിച്ചത് 12 പേര്‍ക്ക്

കുട്ടി നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

Published

|

Last Updated

മലപ്പുറം |മലപ്പുറത്ത് വീണ്ടും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. അങ്ങാടിപ്പുറത്ത് നാല് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ മാസം മാത്രം മലപ്പുറം ജില്ലയില്‍ ഷിഗല്ല ബാധിച്ചവരുടെ എണ്ണം 12 ആയി.

കുട്ടി നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. നേരത്തെ അമരമ്പലം, ചുങ്കത്തറ, ഏലംകുളം എന്നീ പ്രദേശങ്ങളിലും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് അങ്ങാടിപ്പുറം പഞ്ചായത്തിലും രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രോഗബാധയുടെ ഉറവിടം കണ്ടെത്താനായി ആരോഗ്യവകുപ്പ് പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ ജലസ്രോതസ്സുകളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നീ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. പനി, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Content Highlights: A four-year-old in Angadippuram tested positive for Shigella, raising Malappuram’s monthly tally to 12. The child is stable at a Perinthalmanna hospital. Health officials collected water samples and urged residents to drink boiled water and maintain hygiene.

Latest