Kerala
പേരാമ്പ്രയില്‍ ജപ്തി നടപടിക്കിടെ മരിച്ച വീട്ടമ്മയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; ബേങ്കിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
ആകെ 17 ലക്ഷം രൂപയായിരുന്നു കുടുംബം വായ്പയെടുത്തിരുന്നത്
കോഴിക്കോട്| കോഴിക്കോട് പേരാമ്പ്രയില്‍ ജപ്തി നടപടിക്കിടെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. കൂത്താളി കൊയ്യോടന്കണ്ടി സ്വദേശി ബാബുവിന്റെ ഭാര്യ കവിതയെ വീടിനോട് ചേര്‍ന്നുള്ള പഴയ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജപ്തി നടപടികള്‍ക്കായി ബേങ്ക് ഉദ്യോഗസ്ഥരും പോലീസും വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.
വായ്പ തിരിച്ചടയ്ക്കാന്‍ സാവകാശം ആവശ്യപ്പെട്ടിട്ടും ബേങ്ക് അനുവദിച്ചില്ലെന്നും ഇതിലുണ്ടായ മനോവിഷമത്തിലാണ് കവിത ജീവനൊടുക്കിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ആകെ 17 ലക്ഷം രൂപയായിരുന്നു വായ്പയെടുത്തിരുന്നത്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് വായ്പാ ബാധ്യത 50 ലക്ഷം രൂപയായി വര്‍ധിച്ചെന്നാണ് കുടുംബം പറയുന്നത്.
പിന്നീട് ഒത്തുതീര്‍പ്പിന്റെ ഭാഗമായി തുക 37 ലക്ഷം രൂപയായി കുറച്ചിരുന്നു. ഇതില്‍ അഞ്ച് ലക്ഷം രൂപ അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് ബേങ്ക് ആവശ്യപ്പെട്ടതായും കുടുംബം ആരോപിക്കുന്നു. തുക അടയ്ക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടും ബേങ്ക് സാവകാശം നല്‍കിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ജപ്തി നടപടികള്‍ക്കായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് കവിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ബേങ്ക് ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന ആരോപണവും നാട്ടുകാര്‍ ഉയര്‍ത്തുന്നു.
ഇന്ന് രാവിലെ പത്തുമണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിക്കും. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Content Highlights: Postmortem will be held today for Kavitha, a Perambra woman found dead during bank attachment proceedings in Kozhikode. Relatives allege she died by suicide after the bank denied extra time to repay a settled loan of 37 lakh rupees. Locals also accused bank officials of refusing to take her to the hospital.

