Connect with us

Kerala

ചാല സ്വര്‍ണ്ണ കവര്‍ച്ചയില്‍ ദുരൂഹത; പിടിച്ചുപറിയില്‍ സ്ഥാപനത്തിന്റെ ഭാഗമായ ചിലര്‍ക്ക് ബന്ധമുണ്ടെന്നു സൂചന

ചാലയില്‍ 25 വര്‍ഷമായി ജ്വല്ലറി ബിസിനസ് നടത്തുന്ന മഹാരാഷ്ട്ര സ്വദേശി നന്ദകുമാര്‍ ആണ് കവര്‍ച്ചക്കിരയായത്

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാനത്തെ ഞെട്ടിച്ച ചാല സ്വര്‍ണ്ണ കവര്‍ച്ചയില്‍ ദുരൂഹത. പിടിച്ചുപറിയില്‍ സ്ഥാപനത്തിന്റെ ഭാഗമായ ചിലര്‍ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണം. തിരുവനന്തപുരം ചാലയില്‍ 25 വര്‍ഷമായി ജ്വല്ലറി ബിസിനസ് നടത്തുന്ന മഹാരാഷ്ട്ര സ്വദേശി നന്ദകുമാര്‍ ആണ് കവര്‍ച്ചക്കിരയായത്. വ്യാഴാഴ്ച രാത്രിയാണ് തലസ്ഥാനത്തെ ഞെട്ടിച്ച പിടിച്ചുപറി നടന്നത്.

ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധമുണ്ടോ എന്ന നിലയിലും അന്വേഷണം നടക്കുന്നുണ്ട്. സ്വര്‍ണം പൊട്ടിക്കല്‍ സംഘം ഏല്‍പ്പിക്കുന്ന സ്വര്‍ണം ജ്വല്ലറിയില്‍ ഉരുക്കിക്കൊടുക്കുന്നുണ്ടോ എന്നാണ് അന്വേഷണം. സംഭവുമായി ബന്ധപ്പെട്ട് പത്ത് പേരെ പോലീസ് ചോദ്യം ചെയ്തത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധമുണ്ടെന്ന നിഗമനത്തില്‍ എത്തിയത്. സ്ഥാപനത്തിലെ സ്വര്‍ണ ഇടപാടുകളും സ്ഥാപന ഉടമയേയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

രണ്ട് ഹോണ്ട ബൈക്കുകളിലെത്തിയ മൂന്നു പേരാണ് തലസ്ഥാനത്തെ ഞെട്ടിച്ച കവര്‍ച്ച ശ്രമത്തിന് പിന്നിലെന്ന് സ്ഥിരീകരണം. വീട്ടിലേക്കുള്ള യാത്രാമധ്യേ മരക്കട എസ് ബി ഐ ബ്രാഞ്ചിന് സമീപത്ത് നിന്നാണ് സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിക്കുന്നത്. പഴയ സ്വര്‍ണം ശുദ്ധീകരിക്കാന്‍ വീട്ടിലേക്ക് എത്തിക്കുന്നതാണ് പതിവ് രീതി. ഇതിനിടെയാണ് ബൈക്കിലെത്തിയ സംഘം സ്വര്‍ണം കവര്‍ന്നത്. പ്രതികളുടെ വാഹന നമ്പര്‍ ട്രാക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഫോര്‍ട്ട് പോലീസ് എസ് എച്ച് ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികളെക്കുറിച്ച് ഒരു സൂചനയും പോലീസിനു ലഭിച്ചിട്ടില്ല. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളും പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Content Highlights: Mystery deepens in the Thiruvananthapuram Chalai gold robbery as police suspect insider involvement and links to gold smuggling gangs. Three bike-borne assailants snatched a bag of gold from jeweler Nandakumar near Marakkada. Fort police are intensifying the probe using CCTV footage and vehicle tracking.

Latest