UAE
ഷാര്‍ജ പുസ്തകോത്സവം നവംബര്‍ നാലിന് തുടങ്ങും; ഒമാന്‍ അതിഥി രാജ്യം
പുസ്തകോത്സവത്തിന്റെ 45-ാം പതിപ്പ് നവംബര്‍ നാല് മുതല്‍ 15 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍.
ഷാര്‍ജ | ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിലൊന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 45-ാം പതിപ്പ് നവംബര്‍ നാല് മുതല്‍ 15 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കും. 12 ദിവസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക മാമാങ്കത്തില്‍ ലോകമെമ്പാടുമുള്ള വായനക്കാരും എഴുത്തുകാരും വിവര്‍ത്തകരും പ്രസാധകരും ഒത്തുചേരും.
അറബ് സംസ്‌കാരത്തിന്റെ ആഗോള സാന്നിധ്യം ശക്തമാക്കുന്നതിനൊപ്പം പുസ്തകങ്ങളെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനാണ് ഷാര്‍ജ ലക്ഷ്യമിടുന്നതെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ബുദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു. വായനയും പ്രസാധനവും സര്‍ഗാത്മക വ്യവസായങ്ങളും ഒത്തുചേരുന്ന ആഗോള പ്ലാറ്റ്‌ഫോമായി മേള മാറിയിട്ടുണ്ടെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി സി ഇ ഒ. അഹ്മദ് ബിന്‍ റക്കദ് അല്‍ മര്‍റി പറഞ്ഞു. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ദീര്‍ഘവീക്ഷണമാണ് ഈ വിജയത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ പബ്ലിഷര്‍മാര്‍ക്കായുള്ള രജിസ്ട്രേഷന്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് വഴി ആരംഭിച്ചു. ഇത്തവണത്തെ പുസ്തകോത്സവത്തില്‍ ഒമാനെയാണ് അതിഥി രാജ്യമായി തിരഞ്ഞെടുത്തത്. ഒമാന്റെ സാംസ്‌കാരിക പൈതൃകം, സാഹിത്യം, കല എന്നിവ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികള്‍ മേളയിലുണ്ടാകും. ഒമാനിലെ പ്രമുഖ എഴുത്തുകാരുമായും ചിന്തകരുമായും സംവദിക്കാന്‍ വായനക്കാര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും. പ്രസാധനം, വിവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, പുസ്തക പ്രകാശനങ്ങള്‍, കവിതാ സായാഹ്നങ്ങള്‍, ശില്‍പശാലകള്‍ എന്നിവക്ക് പുറമെ കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
Content Highlights:
The 45th edition of the Sharjah International Book Fair will commence on November 4, 2026, at Expo Centre Sharjah. The Sultanate of Oman has been officially chosen as the guest of honour for this landmark literary event. The exhibition will feature diverse cultural and artistic programs.



