Connect with us

UAE

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പതിപ്പ് പ്രഖ്യാപിച്ചു

സമ്മാനത്തുക 33 ലക്ഷം ഡോളര്‍.

Published

|

Last Updated

ദുബൈ | ലോകത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ മനഃപാഠ മത്സരമായ ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ 29-ാം പതിപ്പ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. 33 ലക്ഷം ഡോളറാണ് ഈ വര്‍ഷത്തെ സമ്മാനത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.

മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. 16 വയസ്സിന് മുകളിലുള്ള പുരുഷന്മാര്‍, 16 വയസ്സും അതില്‍ താഴെയുമുള്ള സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന പൊതുവിഭാഗം, ആഗോള ഇസ്‌ലാമിക വ്യക്തിത്വം എന്നിവയാണ് മത്സര വിഭാഗങ്ങള്‍. ആദ്യ രണ്ട് വിഭാഗങ്ങളിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 10 ലക്ഷം ഡോളര്‍, ഒരു ലക്ഷം ഡോളര്‍, 50,000 ഡോളര്‍ എന്നിങ്ങനെയാണ് പുരസ്‌കാരം ലഭിക്കുക. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നല്‍കിയ മികച്ച സംഭാവനകളും സമൂഹത്തിലെ നല്ല സ്വാധീനവും മുന്‍നിര്‍ത്തിയാണ് ആഗോള ഇസ്‌ലാമിക വ്യക്തിത്വത്തെ തിരഞ്ഞെടുക്കുന്നത്. ഈ ആദരവിന് അര്‍ഹരാകുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ സമ്മാനമായി നല്‍കും.

ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കുകയും തജ്വീദ് നിയമങ്ങള്‍ പാലിച്ച് മികച്ച രീതിയില്‍ പാരായണം ചെയ്യുകയും ചെയ്യുന്നവര്‍ക്കാണ് മത്സരത്തില്‍ അവസരം. മുന്‍ പതിപ്പുകളില്‍ അന്തിമ ഘട്ടത്തില്‍ എത്തിയവര്‍ക്ക് വീണ്ടും പങ്കെടുക്കാന്‍ അനുമതിയുണ്ടാകില്ല. കഴിഞ്ഞ വര്‍ഷത്തെ മത്സരത്തില്‍ 105 രാജ്യങ്ങളില്‍ നിന്നായി 5,618 പേര്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷത്തെ വിജയികളെ 2027ലെ റമസാന്‍ മാസത്തില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കും.

ദൈവവചനങ്ങള്‍ വെളിച്ചവും കാരുണ്യവുമാണെന്നും 29 വര്‍ഷമായി തുടരുന്ന ഈ യാത്ര കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി.

Content Highlights:
The new edition of the Dubai International Holy Quran Award has been officially announced. UAE Vice President and Ruler of Dubai Sheikh Mohammed bin Rashid Al Maktoum highlighted the global search for beautiful recitations. The total prize money for this prestigious edition exceeds 12 million Dirhams.

Latest