Connect with us

Prathivaram

സുകൃതങ്ങളുടെ ശഅ്ബാൻ

Published

|

Last Updated

സുകൃതങ്ങളുടെ കലവറയാണ് ഹിജ്റ കലണ്ടറിലെ എട്ടാമത്തെ മാസമായ ശഅ്ബാന്‍. പവിത്ര മാസങ്ങളിലൊന്നായ റജബിനും വിശുദ്ധ റമസാനിനുമിടയിലുള്ള ശഅ്ബാന്‍ മാസം നിരവധി മഹത്വങ്ങളും ശ്രേഷ്ഠതകളും നിറഞ്ഞതാണ്. “വിട്ടുപിരിക്കുക’ എന്നർഥമുള്ള “തശഉബ്’ എന്ന ദാതുവിൽ നിന്നാണ് “ശഅ്ബാൻ’ എന്ന പദം ഉടലെടുത്തത്. ധാരാളം മഹത്വങ്ങളുള്ള റജബിനെയും പരിശുദ്ധ റമസാനിനെയും വേർപിരിക്കുന്ന മാസമായതിനാലാണ് ആ പേര് വന്നത്.
നന്മകളുടെ വിളനിലമാണ് ശഅ്ബാൻ. അതിന്റെ മഹത്വം പ്രോജ്വലിപ്പിക്കുന്ന അനേകം ഹദീസുകളും തിരുമൊഴികളുമുണ്ട്. അനസ്(റ)വിൽ നിന്നും നിവേദനം. നബി(സ) ഒരിക്കൽ സ്വഹാബികളോട് ചോദിച്ചു: ശഅ്ബാൻ മാസത്തിന് ആ പേര് വരാനുള്ള കാരണമെന്താണെന്ന് നിങ്ങൾക്കറിയുമോ? അനുചരർ പറഞ്ഞു: അല്ലാഹുവും റസൂലുമാണ് ഏറ്റവും അറിയുന്നവർ. അപ്പോൾ നബി(സ) പറഞ്ഞു: ആ മാസത്തിൽ ധാരാളം നന്മകൾ ഒരുമിച്ച് കൂടുമെന്നതിനാലാണ് ആ പേര് വന്നത് (ദൈലമി). മറ്റൊരു ഹദീസിൽ കാണാം. നബി(സ) പറയുന്നു: “മറ്റു മാസങ്ങളെക്കാൾ ശഅ്ബാനിനുള്ള ശ്രേഷ്ഠത മറ്റു അമ്പിയാക്കളെക്കാൾ എനിക്കുള്ള ശ്രേഷ്ഠതപോലെയാണ്’. ആകാശ ലോകത്തേക്ക് അടിമകളുടെ നന്മകൾ ഉയർത്തപ്പെടുന്ന മാസം കൂടിയാണത്. നബി(സ) പറയുന്നു: “റജബിന്റെയും റമസാനിന്റെയും ഇടയിലുള്ള മാസമാണ് ശഅ്ബാൻ. ജനങ്ങൾ അതിൽ അശ്രദ്ധരാകുന്നു. ശഅ്ബാനിലാണ് അടിമകളുടെ അമലുകൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നത്’ (നസാഇ).

റജബ് മാസത്തിന്റെ ആഗമനം മുതൽ വിശ്വാസിലോകം വിശുദ്ധ റമസാനിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. റജബിലെയും ശഅ്ബാനിലെയും ഓരോ നിമിഷങ്ങൾക്കും വലിയ ബറകതുണ്ട്. ആകയാൽ റജബിലും ശഅ്ബാനിലും ബറകത് ലഭിക്കാൻ വേണ്ടി തിരുനബി(സ) ധാരാളം പ്രാർഥിക്കാറുണ്ടായിരുന്നു. ശഅ്ബാന്‍ മാസത്തിൽ തിരുനബി(സ) കൂടുതൽ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. ആഇശ ബീവി(റ) പറയുന്നു: “അല്ലാഹുവിന്റെ റസൂല്‍ പതിവായി നോമ്പെടുക്കാറുണ്ടായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ നോമ്പെടുക്കാത്ത സ്ഥിതിയും ഉണ്ടാകാറുണ്ട്. എന്നാല്‍ റമസാനല്ലാത്ത മറ്റൊരു മാസവും പൂര്‍ണമായി നബി തിരുമേനി(സ) നോമ്പനുഷ്ഠിച്ചതായി ഞാന്‍ കണ്ടിട്ടില്ല. റമസാന്‍ കഴിഞ്ഞാല്‍ പിന്നെ ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കുന്നത്ര മറ്റൊരു മാസവും നോമ്പനുഷ്ഠിക്കുന്നതും ഞാന്‍ കണ്ടിട്ടില്ല’ (ബുഖാരി, മുസ്്ലിം). റമസാന്‍ കഴിഞ്ഞാല്‍ നോമ്പെടുക്കാന്‍ ഏറ്റവും പുണ്യമുള്ള മാസം പവിത്രമായ നാല് മാസങ്ങളും (ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ്) ശേഷം ശഅ്ബാനുമാണെന്ന് കർമശാസ്ത്രഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നുണ്ട് (ഫത്ഹുൽ മുഈന്‍).

അല്ലാഹുവിന്റെ മാസമെന്ന വിശേഷണമുള്ള റജബില്‍ പാപമോചനത്തിനുള്ള പ്രാര്‍ഥനകളാലും തിരുനബി(സ)യുടെ മാസമായ ശഅ്ബാനിൽ സ്വലാത്ത് വർധിപ്പിക്കലിനാലും ഉമ്മത്തിന്റെ മാസമായ റമസാനില്‍ ഖുര്‍ആന്‍ പാരായണത്താലും ധന്യമാക്കണമെന്ന് മഹത്തുക്കൾ പഠിപ്പിച്ചിട്ടുണ്ട്. പ്രവാചകർ(സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലാന്‍ കൽപ്പിക്കപ്പെട്ട ഖുര്‍ആനിക സൂക്തം അവതീർണമായ മാസം കൂടിയാണ് ശഅ്ബാന്‍. ആകയാൽ മഹാന്മാർ ശഅ്ബാനിൽ ധാരാളം സ്വലാത്ത് ചൊല്ലാറുണ്ടായിരുന്നു.
ശഅ്ബാൻ മാസത്തിലെ പതിനഞ്ചാം രാവ് ബറാഅത് രാവ് എന്നാണ് അറിയപ്പെടുന്നത്. ധാരാളം പേർക്ക് നരക മോചനം ലഭിക്കുന്ന രാവായതിനാലാണ് “മോചനം’ എന്നര്‍ഥമുള്ള ബറാഅത് എന്ന പേര് ആ രാത്രിക്ക് നൽകപ്പെട്ടത്. മുസ്‌ലിം ലോകം പ്രത്യേകമായി ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന രാവുകളില്‍ ഒന്നാണത്. അന്നേ ദിവസം പൂർവികര്‍ ആരാധനകളാലും പ്രാർഥനകളാലും സജീവമായിരുന്നു.

സൂറത്തു ദുഖാനിൽ പരാമർശിക്കപ്പെട്ട അനുഗൃഹീത രാത്രി ബറാഅത് രാവാണെന്ന് മഹാനായ ഇക്‌രിമ(റ) പറഞ്ഞിട്ടുണ്ട്. ബറാഅത് രാവിന്റെ മഹത്വങ്ങള്‍ നിരവധി ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നുണ്ട്. രാത്രി ആരാധനകളാൽ സജീവമാക്കുന്നവരുടെ ഒരു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ബറാഅതിന്റെ അഞ്ച് പ്രധാന സവിശേഷതകൾ ഇമാം റാസി(റ) തന്റെ തഫ്സീറിൽ പറയുന്നുണ്ട്. ബറാഅത് രാവില്‍ സൂറതു യാസീന്‍ മൂന്ന് തവണ ഓതി പ്രാർഥന നടത്തൽ കാലങ്ങളായി പതിവുള്ളതാണ്. ഒന്ന് ദീര്‍ഘായുസ്സിന്, രണ്ടാമത്തേത് ഭക്ഷണത്തിലെ വിശാലതക്ക്, മൂന്നാമത്തേത് ഈമാനോടെയുള്ള മരണം ലഭിക്കുന്നതിനും (ഇത്ഹാഫ്). സ്വഹാബികളിൽ പ്രമുഖരായ ഉമറുബ്നുൽ ഖത്വാബ്(റ), അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) തുടങ്ങിയവര്‍ ഈ രാവില്‍ പ്രത്യേക പ്രാര്‍ഥന നടത്തിയതായി ചരിത്ര രേഖകളിലുണ്ട്. അന്നത്തെ രാവില്‍ മഗ്‌രിബ് – ഇശാഇനിടയില്‍ സൂറതുൽ ഇന്‍സാന്‍ ഓതലും സ്വാലാത് വർധിപ്പിക്കലും വലിയ പുണ്യമുള്ളതാണ് (നിഹായതുല്‍ അമല്‍). മുആദുബ്നു ജബല്‍(റ) വിൽ നിന്നും നിവേദനം. നബി(സ) പറഞ്ഞു: “ശഅ്ബാന്‍ പതിനഞ്ചാം രാവില്‍ അല്ലാഹു തന്റെ സൃഷ്ടികളെയെല്ലാവരെയും വീക്ഷിക്കും. അല്ലാഹുവിൽ പങ്ക് ചേർത്തവനും പകയും വിദ്വേഷവുമായി പിണങ്ങി നില്‍ക്കുന്നവനുമൊഴിച്ച് എല്ലാവര്‍ക്കും അവന്‍ പൊറുത്തുകൊടുക്കും’ (ബൈഹഖി). പ്രാർഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്ന അഞ്ച് രാത്രികളെ ഇമാം ശാഫിഈ(റ) പരിചയപ്പെടുത്തിയതിൽ ശഅ്ബാൻ പതിനഞ്ചുണ്ട്. മഹാൻ പറയുന്നു: “വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍, റജബിലെ ആദ്യത്തെ രാവ്, ശഅ്ബാന്‍ നടുവിലെ രാവ് എന്നീ അഞ്ച് രാത്രികളിലെ പ്രാർഥനക്ക് ഉത്തരം ലഭിക്കും. (ഉമ്മ്).

ശഅ്ബാൻ പതിനഞ്ചിലെ നോമ്പിന് വലിയ പുണ്യമുണ്ട്. നബി(സ) പറഞ്ഞു: “ശഅ്ബാന്‍ നടുവിലെ രാത്രിയായാല്‍ ആ രാത്രി നിങ്ങള്‍ നിസ്‌കരിക്കുകയും പകല്‍ വ്രതമനുഷ്ഠിക്കുകയും ചെയ്യുവിന്‍. കാരണം, ആ രാത്രിയുടെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ (അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹം) ഒന്നാനാകാശത്തേക്ക് ഇറങ്ങിവരും. എന്നിട്ട് പറയും പൊറുക്കലിനെ തേടുന്നവരുണ്ടോ? ഞാന്‍ പൊറുത്തുകൊടുക്കും. ഭക്ഷണം തേടുന്നവരുണ്ടോ? ഞാന്‍ ഭക്ഷണം നല്‍കും. വിപത്തില്‍ അകപ്പെട്ടവരുണ്ടോ? ഞാന്‍ സൗഖ്യം നല്‍കും’ (ബൈഹഖി).
പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമസാനിനെ സുകൃതങ്ങളാൽ ധന്യമാക്കുന്നതിന് മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തിയെടുക്കുന്ന മാസമാണ് ശഅ്ബാൻ. അതിന് നല്ല മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. മികച്ച മുന്നൊരുക്കങ്ങളില്ലാത്ത പരിപാടികളൊന്നും വേണ്ടത്ര വിജയിക്കാറില്ല. ശാരീരികേഛകളേയും ഹൃദയരോഗങ്ങളേയും ചികിത്സിച്ച് ഭേദപ്പെടുത്തണം. അമൂല്യമായ അവസരങ്ങൾ പാഴാക്കാതെ ഫലപ്രദമായി ഉപയോഗിക്കണം. അതിനുള്ള അനേകം സുവര്‍ണാവസരങ്ങളാണ് ശഅ്ബാൻ മാസം ഒരുക്കിത്തരുന്നത്.

---- facebook comment plugin here -----

Latest