Connect with us

International

റമസാൻ പതിനേഴാം രാവ്; ഹറമിലെത്തിയത് പത്ത് ലക്ഷം പേർ

വാരാന്ത്യ അവധികൂടിയായ വെള്ളിയാഴ്ചയും റമസാൻ പതിനേഴാം രാവും കൂടി ലഭിച്ചതോടെ സഊദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നായി ആയിരങ്ങളാണ് ഹറമിലേക്ക് ഒഴുകിയെത്തിയത്.

Published

|

Last Updated

മക്ക | റമസാൻ പതിനേഴാം രാവിൽ വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറമിൽ പ്രാർഥനക്കെത്തിയ വിശ്വാസികളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞതായി ഹറംകാര്യ മന്ത്രാലയം അറിയിച്ചു. നിയന്ത്രങ്ങൾ പൂർണമായും നീക്കിയതോടെ റമസാൻ പതിനേഴാം രാവിലെ ജുമുഅക്കും തറാവീഹ് നിസ്‌കാരങ്ങൾക്കും അത്യപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് ഒഴിവാക്കുന്നതിനായി ഹറമിന് പരിസരത്തേക്കുള്ള റോഡുകൾ നേരത്തേ തന്നെ അടച്ചിരുന്നു. വാരാന്ത്യ അവധികൂടിയായ വെള്ളിയാഴ്ചയും റമസാൻ പതിനേഴാം രാവും കൂടി ലഭിച്ചതോടെ സഊദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നായി ആയിരങ്ങളാണ് ഹറമിലേക്ക് ഒഴുകിയെത്തിയത്.

മസ്ജിദുൽ ഹറമിലെ തറാവീഹ് നിസ്‌കാരങ്ങൾക്ക് ശൈഖ് മാഹിർ അൽ മുഐഖിലിയും ശൈഖ് അബ്ദുല്ല അൽ ജുഹാനിയും നേതൃത്വം നൽകി. പുണ്യ മാസത്തിൽ അല്ലാഹുവിന്റെ അതിഥികളായെത്തുന്ന തീർഥാടകർക്ക് മികച്ച സുരക്ഷിതത്വവും ആതിഥ്യവുമരുളുന്നതിനായി ഹറമിന്റെ മുഴുവൻ ശേഷിയും 24 മണിക്കൂറും തുറന്ന് നൽകിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ വാലിദ് അൽ മസൂദി പറഞ്ഞു. ജുമുഅ നിസ്‌കാരത്തിലും തറാവീഹ് നിസ്‌കാരത്തിലും പങ്കെടുത്ത് തീർഥാടകർ സംതൃപ്തിയോടയാണ് ഹറമിൽ നിന്ന് മടങ്ങിയത്. മക്കയിൽ താരതമ്യേന ശൈത്യ കാലാവസ്ഥയാണ് തുടരുന്നത്. ഇത് തീർഥാടകർക്ക് ഏറെ ആശ്വാസമാണ് പകരുന്നത്.

Latest