Connect with us

Kerala

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മൂന്ന് പ്രതികള്‍ക്ക് ജാമ്യം

കേസിലെ രണ്ടാം പ്രതി ഡോ.ഷഹന കോടതിയില്‍ ഹാജറായില്ല.

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ കെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. കുന്നമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരായ പ്രതികള്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്ന തളിപ്പറമ്പ് സൗപര്‍ണികയില്‍ ഡോ. സി.ക. രമേശന്‍ (42), സ്റ്റാഫ് നഴ്‌സുമാരായ പെരുമണ്ണ പാലത്തുംകുഴിയിലുള്ള എം രഹന (33), ദേവഗിരി കളപ്പുരയില്‍ കെ ജി മഞ്ജു (43) എന്നിവര്‍ക്കാണ് ജാമ്യം കിട്ടിയത്. കേസിലെ രണ്ടാം പ്രതി ഡോ.ഷഹന കോടതിയില്‍ ഹാജറായില്ല.

2017 നവംബര്‍ 30നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വച്ച് ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടന്നത്. മെഡിക്കല്‍ സംഘത്തിലുള്ള ഡോക്ടര്‍ സികെ രമേശന്‍, ഡോ എം ഷഹ്ന, മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സുമാരായ എം രഹ്ന, കെജി മഞ്ജു എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരുടെ അറസ്റ്റ് നേരത്തെ രേപ്പെടുത്തിയിരുന്നു. ഐപിസി 338 അനുസരിച്ച് അശ്രദ്ധമായ പ്രവൃത്തി മൂലം മനുഷ്യജീവന് അപകടമുണ്ടാക്കിയെന്ന രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

അഞ്ച് വര്‍ഷക്കാലം ഹര്‍ഷിനയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയെങ്കിലും ഇത് ആശുപത്രിയില്‍ ആര് നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവെന്ന് കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 10ന് ഹര്‍ഷിന സമരം ആരംഭിക്കുകയും മെഡിക്കല്‍ കോളജ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു.

 

 

 

Latest