Connect with us

Kerala

സ്‌കൂൾ പാഠപുസ്തകങ്ങൾ നേരത്തേ എത്തും

അവധിക്കാലത്ത് പഠനോത്സവം, മലയാള മധുരം പദ്ധതികൾ

Published

|

Last Updated

തിരുവനന്തപുരം | പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം മധ്യവേനലവധിക്ക് മുന്പ് പൂർത്തിയാക്കും. അച്ചടി പൂർത്തിയായതായും ഈ മാസം 12 മുതൽ പുസ്തക വിതരണം ആരംഭിക്കുമെന്നും പൊതുവിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനതല വിതരണോദ്ഘാടനം ഈ മാസം 12ന് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.

രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസ്സുകളിലെ കുട്ടികൾക്ക് ആവശ്യമായ 1,43,71,650 പാഠപുസ്തകങ്ങളാണ് അച്ചടിച്ചത്. ഇവയിൽ ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയങ്ങളും ഉൾപ്പെടും. പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ചുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ കുട്ടികൾക്ക് ആവശ്യമായ 2,09,72,250 പാഠപുസ്തകങ്ങളുടെ അച്ചടി മെയ് ആദ്യയാഴ്ച പൂർത്തിയാകും. ഇതിന്റെ വിതരണോദ്ഘാടനം മെയ് പത്തിനുള്ളിൽ നടക്കും.

സമഗ്രശിക്ഷാ കേരളം 2023-24 സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി അവധിക്കാലത്ത് വിദ്യാലയങ്ങളിൽ വിവിധ പദ്ധതികൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സ്റ്റാർസ് പദ്ധതിയിൽ പഠനോത്സവം പരിപാടി സംഘടിപ്പിക്കും. അറിവുകൾ, നൈപുണികൾ, മനോഭാവങ്ങൾ തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങൾക്ക് കുട്ടികൾക്ക് അവസരം നൽകും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 11ന് തിരുവനന്തപുരം പൂജപ്പുര യു പി സ്കൂളിൽ നടക്കും.

പഠനോത്സവത്തിൽ തുടങ്ങി പ്രവേശനോത്സവം വരെയെത്തുന്ന വിപുലമായ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചാണ് വിദ്യാലയങ്ങളിൽ ഇത്തവണ പഠനോത്സവം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. ആകെ 10,319 സ്‌കൂളുകളിൽ പഠനോത്സവം നടത്താൻ നാല് കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാർസ് പദ്ധതി ആരംഭിച്ച സംസ്ഥാനങ്ങളുടെ ഡീസെൻഡ്രലൈസ്ഡ് പ്ലാനിംഗ് ആൻഡ് ഫിനാൻഷ്യൽ മാനേജ്മെന്റ് വർക്ക്ഷോപ്പ് ഈ മാസം ആറ് മുതൽ എട്ട് വരെയും നടക്കും.

സ്റ്റാർസ് പദ്ധതി നിലവിലുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധികളും കേരളത്തിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്ന വർക്ക്ഷോപ്പ് തിരുവനന്തപുരത്താണ് സംഘടിപ്പിക്കുന്നത്.
ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികളുടെ മാതൃഭാഷാ ശേഷി വികസിപ്പിക്കുന്നതിനായി മലയാള മധുരം പരിപാടിയും സംഘടിപ്പിക്കും. കുട്ടികൾക്ക് സ്വതന്ത്രമായി വായിക്കാൻ കഴിയുന്ന പുസ്തകങ്ങൾ ലഭ്യമാക്കുകയും അവ കുട്ടികൾ വായിക്കുന്നുവെന്ന് ഉറപ്പാക്കാൻ അധ്യാപകർ വഴി പിന്തുണ നൽകുകയും ചെയ്യുകയാണ് മലയാള മധുരം വഴി ലക്ഷ്യമിടുന്നത്. 9,110 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു സ്‌കൂളിൽ 80 പുസ്തകവും അത് സൂക്ഷിക്കാനുള്ള റാക്കും നൽകും.
ഒന്നും രണ്ടും ക്ലാസ്സുകളിലെ ഓരോ കുട്ടിയും അവധിക്കാലത്ത് എട്ട് പുസ്തകങ്ങളെങ്കിലും സ്വതന്ത്രമായി വായിക്കുകയും വായനയെ തുടർന്ന് സ്വാംശീകരിച്ച ആശയങ്ങളും അനുഭൂതിയും വിവിധ രീതിയിൽ പ്രകടിപ്പിക്കാൻ അവസരം ഒരുക്കുകയും ചെയ്യുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്.

വായനക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എല്ലാ സ്‌കൂളുകളിലെയും കുട്ടികൾ പുസ്തകങ്ങളും പത്രങ്ങളും നിരന്തരം വായിക്കാൻ ഈ നടപടി വഴി സാധ്യമാകുമെന്ന് കരുതുന്നു.

ഇതുമായി ബന്ധപ്പെട്ട് അച്ചടി മാധ്യമങ്ങളിലെചീഫ് എഡിറ്റർമാരുടെ യോഗം ഈ 12ന് നടക്കും.
കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന നാഷനൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പദ്ധതിനിർവഹണത്തിൽ മികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത മൂന്ന് ബെസ്റ്റ് പെർഫോമിംഗ് സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Latest