Connect with us

school bus

11 വയസ്സിന് താഴെയുള്ള വിദ്യാർഥികളെ റോഡ് മുറിച്ചുകടക്കാൻ സ്കൂൾ ബസ് സൂപ്പർവൈസർമാർ സഹായിക്കണം

നിയുക്ത സ്ഥലങ്ങളിലല്ലാതെ മറ്റെവിടെയും സ്കൂൾ ബസിൽ നിന്നും ഇറങ്ങാൻ വിദ്യാർഥികളെ അനുവദിക്കില്ല.

Published

|

Last Updated

അബുദബി | 11 വയസ്സിന് താഴെയുള്ള വിദ്യാർഥികളെ റോഡ് മുറിച്ചു കടക്കാൻ സ്കൂൾ ബസ് സൂപ്പർവൈസർമാർ സഹായിക്കണമെന്ന് അബുദബി സംയോജിത ഗതാഗത കേന്ദ്രം ( ഐ ടി സി ) അറിയിച്ചു. ബസിൽ പ്രഥമശുശ്രൂഷ കിറ്റ് ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കാൻ ബസ് ജീവനക്കാർ ബാധ്യസ്ഥരാണ്. 11 വയസ്സിന് താഴെയുള്ള ഓരോ വിദ്യാർഥിയുടെയും രക്ഷിതാവ് ബസ് എത്തിച്ചേരുന്ന സ്ഥലത്ത് ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് ബസ് സൂപ്പർവൈസർമാരുടെ ഉത്തരവാദിത്വമാണ്.

ബസ് യാത്രയ്ക്കിടെ സുരക്ഷാ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ അറിയിക്കുകയും ഉപദേശിക്കുകയും ചെയ്യേണ്ടത് ബസ് സൂപ്പർവൈസറുടെ ഉത്തരവാദിത്വമാണെന്ന് ഐ ടി സി അധികൃതർ വിശദമാക്കി. വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ ബസുകൾ കൃത്യമായി വൃത്തിയാക്കിയതായി സ്കൂൾ അധികൃതരും ഓപ്പറേറ്റർമാരും ഉറപ്പാക്കണമെന്നും ഐ ടി സി പറഞ്ഞു. പുതിയ കാമ്പയിന്റെ ഭാഗമായി വേഗപരിധികൾ പാലിക്കുകയും നിയുക്ത റൂട്ടുകളിൽ അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. ബസ് ഡ്രൈവർമാർ വാഹനങ്ങളിൽ ദിവസേന അറ്റകുറ്റപ്പണികൾ നടത്തണം.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 800 555 എന്ന നമ്പറിൽ അധികൃതരെ  അറിയിക്കാൻ രക്ഷിതാക്കളോടും പൊതുജനങ്ങളോടും ഐ ടി സി നിർദേശിച്ചു. നിങ്ങളുടെ സുരക്ഷക്കായി, നിങ്ങളുടെ കുട്ടികൾ സുരക്ഷിതമായ കൈകളിലാണ് ( For Your Safety and Your Children Are In Safe Hands )  എന്ന പേരിലുള്ള പുതിയ കാമ്പയ്‌നുകളുടെ ഭാഗമായി, നിയുക്ത സ്ഥലങ്ങളിലല്ലാതെ മറ്റെവിടെയും സ്കൂൾ ബസിൽ നിന്നും ഇറങ്ങാൻ വിദ്യാർഥികളെ അനുവദിക്കില്ല. കുട്ടികൾ എല്ലായ്‌പ്പോഴും സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ബസ് ട്രിപ്പ് അവസാനിക്കുമ്പോൾ എല്ലാവരും ഇറങ്ങിയെന്ന് ഉറപ്പാക്കുന്നതിനും ബസ് സൂപ്പർവൈസർമാർക്ക് ഉത്തരവാദിത്വമുണ്ട്.