Connect with us

Saudi Arabia

സൊമാലിയയിൽ നിന്നുള്ള സയാമിസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി സഊദി മെഡിക്കൽ സംഘം

കുഞ്ഞുങ്ങൾക്ക് ആരോഗ്യകരവും സന്തോഷകരവുമായ ജീവിതം നൽകാൻ ഈ ശസ്ത്രക്രിയ സഹായിക്കുമെന്ന് ഡോ. അൽ-റബീഅ പ്രത്യാശ പ്രകടിപ്പിച്ചു.

Published

|

Last Updated

റിയാദ്| സൊമാലിയയിൽ നിന്നുള്ള സയാമിസ് ഇരട്ടകളായ റഹ്മയെയും റംലയെയും വിജയകരമായി വേർപെടുത്തിയതായി സഊദി അറേബ്യ. റിയാദിലെ മിനിസ്ട്രി ഓഫ് നാഷണൽ ഗാർഡിന് കീഴിലുള്ള കിംഗ് അബ്ദുള്ള സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽവെച്ചായിരുന്നു സങ്കീർണ്ണമായ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയുടെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായതായും ബാക്കിയുള്ള മൂന്ന് ഘട്ടങ്ങൾ കൂടി ഏകദേശം മൂന്ന് മണിക്കൂറിനുള്ളിൽ അവസാനിക്കുമെന്നും സഊദി കോൺജോയിന്റ് ട്വിൻസ് പ്രോഗ്രാം തലവനും കെഎസ് റിലീഫ് (KSrelief) സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുള്ള അൽ-റബീഅ വ്യക്തമാക്കി. സൽമാൻ രാജാവിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും വിദഗ്ധ പരിശോധനകൾക്കും ശസ്ത്രക്രിയക്കുമായി സഊദിയിലെത്തിച്ചത്.

13 മാസം പ്രായമുള്ള പെൺകുട്ടികളുടെ വയറിന്റെ താഴ്ഭാഗവും ഇടുപ്പെല്ലുമാണ് (Pelvis) ഒട്ടിച്ചേർന്നിരുന്നത്. ഇരുവരും ഒരു ഇടുപ്പെല്ല്, വൻകുടൽ, മലദ്വാരം എന്നിവ പങ്കിട്ടിരുന്നു. കൂടാതെ  മൂത്രസഞ്ചി, പ്രത്യുൽപ്പാദന അവയവങ്ങൾ എന്നിവയും പരസ്പരം ബന്ധിപ്പിക്കപ്പെട്ട നിലയിലായിരുന്നു. ശസ്ത്രക്രിയ അതീവ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ഡോ. അൽ-റബീഅ പറഞ്ഞു. റംലയുടെ ഇരു വൃക്കകളും പൂർണ്ണമായും പ്രവർത്തനരഹിതമായതിനാൽ ശസ്ത്രക്രിയക്ക് ശേഷം ഡയാലിസിസ് ആവശ്യമാണ്. റഹ്മയുടെ ഇടത് വൃക്ക തകരാറിലാണെങ്കിലും വലത് വൃക്ക നിലവിൽ ശരിയായി പ്രവർത്തിക്കുന്നുണ്ട്. ശസ്ത്രക്രിയക്ക് ശേഷം ഇത് കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. കേസിന്റെ സങ്കീർണ്ണത കണക്കിലെടുത്ത് 40 ശതമാനം അപകടസാധ്യത നിലനിന്നിരുന്നുവെങ്കിലും മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ശസ്ത്രക്രിയയുമായി മുന്നോട്ട് പോയത്.

ഏകദേശം 14 മണിക്കൂർ നീണ്ടുനിൽക്കുന്ന എട്ട് ഘട്ടങ്ങളായുള്ള  ദൗത്യത്തിൽ അനസ്തേഷ്യ, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങളിലെ 37 കൺസൾട്ടന്റുമാരും സ്പെഷ്യലിസ്റ്റുകളും നഴ്സുമാരും അടങ്ങുന്ന വലിയൊരു സംഘമാണ് പങ്കെടുത്തത്. 35 വർഷം മുമ്പ് ആരംഭിച്ച സഊദി അറേബ്യയുടെ സയാമിസ് ഇരട്ടകളെ വേർപെടുത്തുന്ന പദ്ധതിയിലൂടെ ശസ്ത്രക്രിയക്ക് വിധേയമാകുന്ന 68-ാമത്തെ ഇരട്ടകളാണ് റഹ്മയും റംലയും. കുഞ്ഞുങ്ങൾക്ക് ആരോഗ്യകരവും സന്തോഷകരവുമായ ജീവിതം നൽകാൻ ഈ ശസ്ത്രക്രിയ സഹായിക്കുമെന്ന് ഡോ. അൽ-റബീഅ പ്രത്യാശ പ്രകടിപ്പിച്ചു. പദ്ധതിക്ക് എല്ലാവിധ പിന്തുണയും നൽകുന്ന സഊദി ഭരണകൂടത്തിന് അദ്ദേഹം നന്ദി അറിയിച്ചു.

 

 

 

 

Latest