International
നേപ്പാള്‍ തിരഞ്ഞെടുപ്പ്: ബാലേന്ദ്ര ഷാ ലീഡ് ചെയ്യുന്നു; കെ പി ശര്‍മ ഒലി പിന്നില്‍
കെ പി ശര്‍മ ഒലിയുടെ പാര്‍ട്ടിയായ സിപിഎന്‍-യുഎംഎല്ലും ഗഗന്‍ ഥാപ്പയുടെ നേപ്പാളി കോണ്‍ഗ്രസും നിലവില്‍ മൂന്ന് സീറ്റുകളില്‍ വീതം മാത്രമാണ് മുന്നിലുള്ളത്
കാഠ്മണ്ഡു | കഴിഞ്ഞ വര്‍ഷം കെ പി ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കിയ ജന്‍സി പ്രതിഷേധങ്ങള്‍ക്ക് ശേഷമുള്ള നേപ്പാളിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഏറ്റവും പുതിയ സൂചനകള്‍ പ്രകാരം മുന്‍ കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ (ബാലെന്‍), മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയേക്കാള്‍ മുന്നിലാണ്.
ഒലിയുടെ തട്ടകമായ ഝാപ്പ മണ്ഡലത്തിലാണ് 35കാരനായ ബാലേന്ദ്ര ഷാ ലീഡ് ചെയ്യുന്നത്. യുവാക്കളുടെ വലിയ പിന്തുണയുള്ള ഇദ്ദേഹം കഴിഞ്ഞ ഡിസംബറിലാണ് രബി ലാമിചാനെയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടിയില്‍ (ആര്‍ എസ് പി) ചേര്‍ന്നത്.ആര്‍ എസ് പി നിലവില്‍ 20-ലധികം സീറ്റുകളില്‍ മുന്നിലാണ്.
കെ പി ശര്‍മ ഒലിയുടെ പാര്‍ട്ടിയായ സിപിഎന്‍-യുഎംഎല്ലും ഗഗന്‍ ഥാപ്പയുടെ നേപ്പാളി കോണ്‍ഗ്രസും നിലവില്‍ മൂന്ന് സീറ്റുകളില്‍ വീതം മാത്രമാണ് മുന്നിലുള്ളത്.മുന്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ റുകും ഈസ്റ്റില്‍ നിന്ന് ലീഡ് ചെയ്യുന്നു.
വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ ആകെയുള്ള 1.9 കോടി വോട്ടര്‍മാരില്‍ 60 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 65 പാര്‍ട്ടികളില്‍ നിന്നായി 3,400-ലധികം സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
നേപ്പാളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളെ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. നേപ്പാളിലെ സമാധാനത്തെയും പുരോഗതിയെയും സ്ഥിരതയെയും ഇന്ത്യ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. പുതിയ സര്‍ക്കാരുമായി ചേര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി


