Connect with us

Kerala

ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണിക്കഷ്ണം തുന്നിക്കെട്ടി; കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെ പരാതി

മേനംകുളം സ്വദേശി ഷീബ പ്രമോദാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

Published

|

Last Updated

തിരുവനന്തപുരം| കഴക്കൂട്ടം സിഎസ്ഐ മിഷന്‍ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. ശസ്ത്രക്രിയക്കിടെ വയറ്റില്‍ തുണിക്കഷ്ണം തുന്നിക്കെട്ടിയതായാണ് പരാതി. മേനംകുളം സ്വദേശിനി ഷീബ പ്രമോദിന്റെ ശരീരത്തിലാണ് തുണി തുന്നിക്കെട്ടിയത്. സംഭവത്തില്‍ ആശുപത്രിക്കെതിരെ ഷീബ പ്രമോദ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അപ്പന്‍ഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് ഷീബയുടെ വയറ്റില്‍ തുണിക്കഷ്ണം തുന്നിക്കെട്ടിയത്. ഇതേത്തുടര്‍ന്ന് മുറിവ് ഉണങ്ങാതെ പഴുത്തുവെന്നും പരാതിയില്‍ പറയുന്നു.

പനി ബാധിച്ച് 2025 ഡിസംബര്‍ രണ്ടിനാണ് ഷീബ കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയില്‍ എത്തുന്നത്. പിറ്റേദിവസം ഡിസംബര്‍ മൂന്നിന് വയറുവേദനയുണ്ടായി. സ്‌കാനിങ്ങിന് ശേഷം അപ്പന്‍ഡിസൈറ്റിസിന് ഓപ്പറേഷന്‍ ചെയ്യണമെന്ന് പറഞ്ഞു. ബ്ലീഡിങ്ങ് ഉണ്ടായതിനു പിന്നാലെ അന്ന് ശസ്ത്രക്രിയ ചെയ്തുവെന്നും ഷീബ പറയുന്നു. ഡിസംബര്‍ 12 ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

ശസ്ത്രക്രിയയ്ക്ക് ശേഷം വയറുവേദന തുടര്‍ന്നു. മുറിവിന്റെ ഭാഗം ഉണങ്ങാതെ പഴുക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പോയി ചികിത്സ തേടി. അവിടെ നിന്നും നടത്തിയ സ്‌കാനിങ്ങിലാണ് ശസ്ത്രക്രിയയ്ക്കിടെ തുണി വയറില്‍ തുന്നിക്കെട്ടിയതായി കണ്ടെത്തിയതെന്ന് ഷീബ പറയുന്നു. പിന്നീട് സിഎസ്‌ഐ മിഷന്‍ ആശുപത്രിയില്‍ തന്നെ ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുക്കുകയായിരുന്നു.

അതേസമയം, എവിടെ നിന്നാണ്, എങ്ങനെയാണ് ഷിബയുടെ വയറില്‍ തുണിക്കഷണം എത്തിയതെന്ന് വ്യക്തമല്ലെന്നാണ് കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രി അധികൃതര്‍ പറയുന്നത്.

 

 

Latest