Connect with us

International

ആസൂത്രണം ചെയ്തതിലും വേഗത്തില്‍ ഇറാനെ തകര്‍ത്തെന്ന് ട്രംപ്; കരയുദ്ധത്തിന് വെല്ലുവിളിച്ച് ഇറാന്‍

അമേരിക്കന്‍ സൈന്യം ഒരു കരയുദ്ധത്തിന് മുതിര്‍ന്നാല്‍ അത് അവര്‍ക്ക് വലിയ ദുരന്തമായി മാറുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി

Published

|

Last Updated

വാഷിങ്ടണ്‍/ തെഹ്‌റാന്‍ | ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിലും വേഗത്തില്‍ മുന്നേറുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ വ്യോമസേനയും പ്രതിരോധ സംവിധാനങ്ങളും പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടതായും ട്രംപ് അവകാശപ്പെട്ടു. അതേ സമയം ഏത് തരത്തിലുള്ള കരയുദ്ധത്തെയും നേരിടാന്‍ ഇറാന്‍ സജ്ജമാണെന്ന് ഇറാനിയന്‍ ഉന്നത ഉദ്യോഗസ്ഥന്‍ തിരിച്ചടിച്ചു.

 

ഇറാന് ഇപ്പോള്‍ സ്വന്തമായി വ്യോമസേനയോ വ്യോമപ്രതിരോധ സംവിധാനങ്ങളോ ഇല്ലെന്നും അവരെ നിശ്ചയിച്ച കാലപരിധിക്ക് മുന്നേ തകര്‍ക്കുകയാണെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയുടെ ഏത് കരയാക്രമണത്തെയും നേരിടാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി തിരിച്ചടിച്ചു. ആയിരക്കണക്കിന് അമേരിക്കന്‍ സൈനികരെ കൊല്ലാനോ പിടികൂടാനോ തങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി

ഏത് തരത്തിലുള്ള സൈനിക നീക്കത്തെയും നേരിടാന്‍ ഇറാന്‍ പൂര്‍ണ്ണ സജ്ജമാണെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി. അമേരിക്കന്‍ സൈന്യം ഒരു കരയുദ്ധത്തിന് മുതിര്‍ന്നാല്‍ അത് അവര്‍ക്ക് വലിയ ദുരന്തമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അരാഗ്ചി ഇക്കാര്യങ്ങള്‍ പറഞ്ഞത്

നിലവിലെ സാഹചര്യത്തില്‍ വെടിനിര്‍ത്തലിനോ അമേരിക്കയുമായി നയതന്ത്ര ചര്‍ച്ചകള്‍ക്കോ ഇറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ അധിനിവേശത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘ഞങ്ങള്‍ അവര്‍ക്കായി കാത്തിരിക്കുകയാണ്’ എന്നായിരുന്നു അരാഗ്ചിയുടെ മറുപടി നല്‍കിയത്. യുദ്ധം തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു എന്നല്ല ഇതിനര്‍ത്ഥമെന്നും, മറിച്ച് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രാജ്യം ഒരുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

അതേ സമയം ലെബനനില്‍ എങ്ങും അതിശക്തമായ വ്യോമാക്രമണമാണ് ഇസ്‌റാഈല്‍ നടത്തുന്നത്. ഇതിനു പിന്നാലെ വടക്കന്‍ ഇസ്‌റാഈലിലെ താമസക്കാരോട് ഒഴിഞ്ഞുപോകാമന്‍ ഹിസ്ബുള്ള മുന്നറിയിപ്പ് നല്‍കി.

ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ മാത്രം 11 തവണയാണ് വ്യോമാക്രമണം ഉണ്ടായത്. ഇവയില്‍ ചിലത് അത്യന്തം വിനാശകരമായിരുന്നു. കിഴക്കന്‍ ലെബനനിലെ സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബെക്കാ വാലിയിലും രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളിലും ഇസ്‌റാഈല്‍ ആക്രമണം തുടര്‍ന്നു.

ആക്രമണം നടന്ന പല പ്രദേശങ്ങളിലും ഇസ്‌റാഈല്‍ സൈന്യം നേരത്തെ തന്നെ നിര്‍ബന്ധിത ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞ കുറച്ചു മണിക്കൂറുകള്‍ക്കിടെ ഹിസ്ബുള്ള തങ്ങളുടെ ടെലിഗ്രാം ചാനല്‍ വഴി ഹീബ്രു ഭാഷയില്‍ ഒരു മുന്നറിയിപ്പ് നല്‍കി. ലെബനന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ ഇസ്‌റാഈല്‍ പ്രദേശങ്ങളില്‍ നിന്ന് 5 കിലോമീറ്റര്‍ പരിധിയിലുള്ള താമസക്കാര്‍ അടിയന്തരമായി ഒഴിഞ്ഞുപോകാനാണ് നിര്‍ദ്ദേശം.

ലെബനനില്‍ ഇതുവരെ 100ലധികം ആളുകള്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ .മേഖലയിലെ സംഘര്‍ഷം ഒരു പൂര്‍ണ്ണ യുദ്ധത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് ഈ പുതിയ സംഭവവികാസങ്ങള്‍ നല്‍കുന്നത്.

 

---- facebook comment plugin here -----

Latest