Saudi Arabia
റിയാദിലെ കിംഗ് സല്‍മാന്‍ വ്യോമതാവളത്തിലെ വികസന പദ്ധതികള്‍ സഊദി കിരീടാവകാശി ഉദ്ഘാടനം ചെയ്തു
2021 മൂന്നാം പാദത്തില്‍ ആരംഭിച്ച പദ്ധതി 38 മാസംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്
റിയാദ് | റോയല്‍ സഊദി വ്യോമസേനയുടെ യുദ്ധസജ്ജത വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള തന്ത്രപരമായ വികസന പദ്ധതികളുടെ ഭാഗമായി റിയാദിലെ സെന്‍ട്രല്‍ സെക്ടറിലുള്ള കിംഗ് സല്‍മാന്‍ എയര്‍ ബേസില്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ സഊദികിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു.
സൈനിക അടിസ്ഥാന സൗകര്യങ്ങളില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിര്‍മ്മിച്ച സാങ്കേതിക, ഭരണ, റെസിഡന്‍ഷ്യല്‍ മേഖലകളും ആധുനിക സൗകര്യങ്ങളും കിരീടവകാശി സന്ദര്‍ശിച്ചു.
പ്രതിരോധ മന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, പ്രതിരോധ ഡെപ്യൂട്ടി മന്ത്രി ഹിസ് ഹൈനസ് പ്രിന്‍സ് അബ്ദുല്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അയ്യാഫ്, നിരവധി മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരും ഉദ്യോഗസ്ഥരും കിരീടാവകാശിയെ എയര്‍ ബേസില്‍ സ്വീകരിച്ചു.
2021 മൂന്നാം പാദത്തില്‍ ആരംഭിച്ച പദ്ധതി 38 മാസംകൊണ്ടാണ് പൂര്‍ത്തിയാക്കിയത് . റണ്‍വേകള്‍, ആപ്രണുകള്‍, എയര്‍ക്രാഫ്റ്റ് ഹാംഗറുകള്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, സാങ്കേതിക, ഭരണ, റെസിഡന്‍ഷ്യല്‍ സൗകര്യങ്ങള്‍ എന്നിവയ്ക്ക് പുറമേ 126,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള 115 കെട്ടിടങ്ങളുടെ നിര്‍മ്മാണവുമാണ് പൂര്‍ത്തീകരിച്ചത്







