Connect with us

Saudi Arabia

തീർത്ഥാടകർക്ക് ആശ്വാസമേകി സഊദി അറേബ്യയുടെ ചരിത്രപരമായ പ്രഖ്യാപനം;133 രാജ്യങ്ങളിലേക്ക് 'ഡയറക്ട് ഹജ്ജ് പ്രോഗ്രാം' വ്യാപിപ്പിച്ചു

പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ സുതാര്യവും സുരക്ഷിതവുമായ സേവനം ഉറപ്പാക്കുന്നു.

Published

|

Last Updated

ജിദ്ദ|ആഗോള  ഹജ്ജ് തീർത്ഥാടകർക്ക് വലിയ ആശ്വാസമേകുന്ന പ്രഖ്യാപനവുമായി സൗദി അറേബ്യ. ഇടനിലക്കാരെയും അനധികൃത ഏജന്റുമാരെയും പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് തീർത്ഥാടകർക്ക് നേരിട്ട് ഹജ്ജ് പാക്കേജുകൾ തിരഞ്ഞെടുക്കാനുള്ള ‘ഡയറക്ട് ഹജ്ജ് പ്രോഗ്രാം’ പദ്ധതി 133 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചതായി സഊദി  ഹജ്ജ്-ഉംറ കാര്യ മന്ത്രി ഡോ. തൗഫിക് അൽ റബീഅ പ്രഖ്യാപിച്ചു. ജിദ്ദയിൽ നടന്ന ഹജ്ജ് ഉച്ചകോടിയിലാണ് മന്ത്രി സുപ്രധാന വിവരം പങ്കുവെച്ചത്.

മുൻപ് ഹജ്ജ് തീർത്ഥാടകർക്ക് നേരിട്ട് വരാൻ സൗകര്യമില്ലാതിരുന്ന 75 പുതിയ രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി ഇപ്പോൾ 133 രാജ്യങ്ങളിലേക്ക് വിപുലീകരിച്ചിരിക്കുന്നത്. കൂടാതെ വിദേശ ഹജ്ജ് മിഷനുകൾക്ക് സേവനങ്ങൾ തിരഞ്ഞെടുക്കാൻ  34 അംഗീകൃത കമ്പനികളിൽ നിന്ന് മികച്ചവ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഇത് സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും നിരക്കുകൾ കുറയ്ക്കാനും സഹായിക്കും.

ഹജ്ജ് തീർത്ഥാടന രംഗത്തെ ചൂഷണങ്ങൾ അവസാനിപ്പിക്കാനും സുതാര്യത വർദ്ധിപ്പിക്കാനുമാണ് സൗദി ഭരണകൂടം പദ്ധതി വിപുലീകരിച്ചിരിക്കുന്നത്. ബ്രോക്കർമാരും ചില ഏജൻസികളും തീർത്ഥാടകരിൽ നിന്ന് അമിത തുക ഈടാക്കുന്നത് തടയാൻ ഇതിലൂടെ സാധിക്കും. ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘നുസുക്’ വഴിയാണ് ഈ സേവനങ്ങൾ ലഭ്യമാക്കുക. നിലവിൽ ലോകമെമ്പാടുമുള്ള 7 കോടിയിലധികം ആളുകൾ നുസുക് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും  മന്ത്രി വ്യക്തമാക്കി.

133 രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് യാതൊരുവിധ ഇടനിലക്കാരുമില്ലാതെ സഊദി മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി നേരിട്ട് ഹജ്ജിനായി അപേക്ഷിക്കാം. ഉയർന്ന തുക ഈടാക്കി തീർത്ഥാടകരെ പറ്റിക്കുന്ന തട്ടിപ്പ് സംഘങ്ങളെയും അനധികൃത ഏജന്റുമാരെയും വിപണിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.

വിസ നടപടികൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തതോടെ കുറഞ്ഞ സമയത്തിനുള്ളിൽ തീർത്ഥാടകർക്ക് അനുമതി പത്രങ്ങൾ ലഭ്യമാകും. ഇത് യാത്രാനടപടിക്രമങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമുള്ളതാക്കും. അനുമതിയില്ലാതെ ഹജ്ജ് സർവീസുകൾ നടത്തുന്നവർക്കും, വ്യാജ പാക്കേജുകൾ നൽകി ആളുകളെ ആകർഷിക്കുന്നവർക്കുമെതിരെ സുരക്ഷാ വകുപ്പുകൾ കർശന നിയമനടപടികൾ സ്വീകരിക്കും.

ഹജ്ജ് കഴിഞ്ഞാലുടൻ (ദുൽ ഹിജ്ജ 12 മുതൽ തന്നെ) അടുത്ത വർഷത്തേക്കുള്ള ഒരുക്കങ്ങൾ മന്ത്രാലയം ആരംഭിക്കും. ഹജ്ജിന് 4 മാസം മുൻപ് തന്നെ കരാറുകളെല്ലാം പൂർത്തിയാക്കാനുള്ള നടപടികളാണ് പുതിയ സംവിധാനത്തിലൂടെ പൂർത്തിയാക്കുന്നത് ,തീർത്ഥാടകർക്ക് കുറഞ്ഞ ചെലവിലും ഉയർന്ന സുരക്ഷിതത്വത്തിലും പുണ്യകർമ്മങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് സഊദി  അറേബ്യ ലക്ഷ്യമിടുന്നത്. ഔദ്യോഗിക ചാനലുകൾ വഴി മാത്രം പാക്കേജുകൾ തിരഞ്ഞെടുക്കാൻ തീർത്ഥാടകർ ശ്രദ്ധിക്കണമെന്നും  അധികൃതർ ഓർമ്മിപ്പിച്ചു.

Content Highlights: Saudi Arabia has expanded its Direct Hajj Program to 133 countries to eliminate unauthorized brokers and hidden fees. Announced by Dr. Tawfiq Al-Rabiah in Jeddah, pilgrims can now book transparent packages directly using the official Nusuk app. digitalized visas ensure faster processing.

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest