International
ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ വർദ്ധിപ്പിച്ച് സഊദി വിമാന കമ്പനികൾ
മുംബൈ, ഹൈദരാബാദ് അടക്കമുള്ള വിമാനത്താവളങ്ങളിലേയ്ക്കാണ് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചിരിക്കുന്നത്.
ദമാം| പശ്ചിമേഷ്യന്‍ പ്രതിസന്ധികള്‍ക്കിടയിലും സഊദി അറേബ്യയയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിച്ച് സഊദി വിമാന കമ്പനികള്‍. മുംബൈ, ഹൈദരാബാദ് അടക്കമുള്ള വിമാനത്താവളങ്ങളിലേയ്ക്കാണ് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചിരിക്കുന്നത്.
സഊദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ (PIF) പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള റിയാദ് എയര്‍
2026 ജൂണില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനുശേഷം റിയാദ് എയറിന്റെ ആഗോള സര്‍വീസ് ശൃംഖലയിലെ ഒമ്പതാമത്തെ രാജ്യമായാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയില്‍ ബോയിംഗ് 787-9 ഡ്രീംലൈനറുകള്‍ സര്‍വ്വീസ് ആരംഭിച്ചത്. റിയാദില്‍ നിന്നും ഉച്ചയ്ക്ക് 2.05-ന് പുറപ്പെടുന്ന വിമാനം രാത്രി 8.35-ന് മുംബൈയിലെത്തും. മുംബൈയില്‍ നിന്ന് രാത്രി 10.05-ന് പുറപ്പെടുന്ന വിമാനം സഊദി സമയം രാത്രി 11.50-ന് റിയാദില്‍ എത്തും. ഏകദേശം നാല് മണിക്കൂറാണ് യാത്രാസമയം. പുതിയ സര്‍വ്വീസ് ഇന്ത്യയിലെ ടൂറിസം മേഖലക്കും ,ഹജ്ജ്- ഉംറ തീര്‍ത്ഥാടനങ്ങള്‍, മെഡിക്കല്‍ ടൂറിസം എന്നിവയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
സഊദി അറേബ്യയുടെ ബഡ്ജറ്റ് വിമാനക്കമ്പനിയായ ‘ഫ്‌ലൈഡീല്‍’ 2026 ജൂലൈ മുതല്‍ റിയാദിനും ഹൈദരാബാദിനും ഇടയില്‍ ദിവസേനയുള്ള നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. മുംബൈയെ ഇന്ത്യയിലെ രണ്ടാമത്തെ ഗേറ്റ്വേ ആക്കി ഇന്ത്യന്‍ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2026 ഒക്ടോബര്‍ 3 മുതല്‍ റിയാദിനും മുംബൈയ്ക്കുമിടയില്‍ നോണ്‍-സ്റ്റോപ്പ് വിമാനങ്ങള്‍ ആരംഭിക്കും. എയര്‍ബസ് എ320 നിയോ വിമാനം ഉപയോഗിച്ച് എയര്‍ലൈന്‍ ആഴ്ചയില്‍ അഞ്ച് വിമാന സര്‍വീസുകളാണ് നടത്തുത്. ഇരു നഗരങ്ങള്‍ക്കിടയില്‍ പ്രതിമാസം 7,400 ല്‍ അധികം സീറ്റുകള്‍ ലഭ്യമാകും. മുംബൈയിലും- റിയാദിലും രാവിലെ എത്തിച്ചേരുന്നവര്‍ക്ക് സൗകര്യപ്രദമായ രീതിയിയിലാണ് ഷെഡ്യൂള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ചൊവ്വ, വെള്ളി ദിവസങ്ങള്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും റിയാദില്‍ പുറപ്പെടുന്ന വിമാനം രാത്രി 12.55 ന് പുറപ്പെട്ട് രാവിലെ 7:40 ന് മുംബൈയില്‍ എത്തിച്ചേരും. മുംബൈയില്‍ നിന്നും രാവിലെ 8:40 ന് പുറപ്പെട്ട് 10:15 ന് റിയാദില്‍ എത്തിച്ചേരും.
ഫ്‌ലൈഡീലിന്റെ അന്താരാഷ്ട്ര വളര്‍ച്ചാ തന്ത്രത്തില്‍ ഇന്ത്യയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും, ഇന്ത്യയിലെ രണ്ടാമത്തെ ലക്ഷ്യസ്ഥാനമായി മുംബൈ ആരംഭിക്കുന്നത് വ്യോമയാന മേഖലയില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതില്‍ പ്രധാന നാഴികക്കല്ലാനിന്നും കമ്പനിയുടെ ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സഊദിയ ഗ്രൂപ്പിലെ സ്ട്രാറ്റജി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ സഞ്ജീവ് കപൂര്‍ പറഞ്ഞു.
റിയാദ് വഴി ജിദ്ദ, മദീന, ദമാം, സഊദിയിലൂടെ മറ്റ് ആഭ്യന്തര വിമാനത്താവളങ്ങളിലേക്ക് വിമാനങ്ങള്‍ കണക്ഷനുകള്‍ ലഭിക്കുന്നതിനാല്‍ സഊദിയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഏറെ അനുഗ്രഹമാകും
ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ വരുന്നതോടെ സ്‌കൂള്‍ അവധിക്കാലം,ബലി പെരുന്നാള്‍,ചെറിയ പെരുന്നാള്‍, ഓണം,ഹോളി,ദസറ, ദീപാവലി തുടങ്ങിയ പീക്ക് സീസണുകളില്‍ നേരിടുന്ന അമിത വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിന് ഒരു പരിധി വരെ ശമനമുണ്ടാകും. വിപണിയിലെ വിമാനങ്ങളുടെ എണ്ണവും യാത്രാ സീറ്റുകളും വര്‍ദ്ധിക്കുന്നത് നിരക്കുകള്‍ സാധാരണ നിലയിലേക്ക് വരാന്‍ കൂടുതല്‍ സഹായകമാകും.
Content Highlights:
Saudi airlines Riyadh Air and Flyadeal have expanded flight services to India, targeting Mumbai and Hyderabad. Operating advanced Boeing 787-9 and Airbus A320neo aircraft, these operations boost connectivity for NRIs and pilgrims. The added capacity is expected to help stabilize peak season airfares.





