Kerala
പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ വാസയോഗ്യമായ വീട്; പുതിയ ഭവന പദ്ധതിയുമായി സര്‍ക്കാര്‍
അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തുന്നതിനുള്ള വിവരശേഖരണം ആരംഭിച്ചു.
പത്തനംതിട്ട | കേരളത്തിലെ മുഴുവന്‍ പട്ടികവര്‍ഗ ഭവനരഹിത കുടുംബങ്ങള്‍ക്കും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വാസയോഗ്യമായ വീട് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പുതിയ ഭവന നിര്‍മാണ പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തുന്നതിനുള്ള വിവരശേഖരണം ആരംഭിച്ചു. നാളിതുവരെ ഭവന നിര്‍മാണത്തിന് ധനസഹായം ലഭിക്കാത്തവര്‍, 15 വര്‍ഷത്തിലേറെ മുമ്പ് ഭവനസഹായം ലഭിച്ചെങ്കിലും നിലവിലെ വീട് വാസയോഗ്യമല്ലാത്തവര്‍, ഭൂരഹിതര്‍ എന്നിവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പ്രാഥമിക സര്‍വേ നടത്തുന്നത്.
കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍, അക്രഡിറ്റഡ് എന്‍ജിനീയര്‍, എസ് ടി പ്രമോട്ടര്‍മാര്‍ എന്നിവര്‍ സര്‍വേയുടെ വിവിധ ചുമതലകള്‍ നിര്‍വഹിക്കും. നവംബര്‍ 16നകം സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കും. കുടുംബനാഥന്റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, ഉപവിഭാഗം, റേഷന്‍ കാര്‍ഡ്, ആധാര്‍ നമ്പര്‍, ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ശേഖരിക്കും. കുടുംബാംഗങ്ങളുടെ പേര്, വയസ്സ്, തൊഴില്‍, വിദ്യാര്‍ഥിയാണോ എന്ന വിവരം, രോഗങ്ങളോ വൈകല്യങ്ങളോ ഉണ്ടോ തുടങ്ങിയ വിശദാംശങ്ങളും രേഖപ്പെടുത്തും. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ താഴെയാണോ, റേഷന്‍ കാര്‍ഡ് വിഭാഗം, പ്രകൃതിദുരന്തത്തിലോ വന്യജീവി ആക്രമണത്തിലോ വീട് പൂര്‍ണമായി നഷ്ടപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും പരിശോധിക്കും.
ഭര്‍ത്താവ് മരണപ്പെട്ടതോ ഉപേക്ഷിക്കപ്പെട്ടതോ ആയ വനിതകള്‍, കുടുംബനാഥയായ കുടുംബങ്ങള്‍, ഭിന്നശേഷിക്കാര്‍, മാരകരോഗികള്‍, മാനസികരോഗികള്‍, കിടപ്പുരോഗികള്‍, സിക്കിള്‍ സെല്‍ അനീമിയ ബാധിതര്‍ എന്നിവരുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണനാ മാര്‍ക്ക് നല്‍കുന്നതിനായി വിവരങ്ങള്‍ ശേഖരിക്കും. ഒരുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍, പ്രാക്തന ഗോത്രവര്‍ഗക്കാര്‍, നൊമാഡിക് മലപണ്ടാരം, അടിയ, പണിയ തുടങ്ങിയ അതീവ ദുര്‍ബല വിഭാഗങ്ങള്‍, രണ്ടിലധികം വിദ്യാര്‍ഥികളോ രണ്ടിലധികം ഉപകുടുംബങ്ങളോ ഉള്ള വീടുകള്‍ എന്നിവയും പ്രത്യേക പരിഗണനാ വിഭാഗങ്ങളില്‍ ഉള്‍പ്പെടും. നിലവില്‍ സ്വന്തമായി വീടുണ്ടോ, വീടിന്റെ പഴക്കം, മുമ്പ് ഭവനനിര്‍മാണ സഹായം ലഭിച്ചിട്ടുണ്ടെങ്കില്‍ അവസാന ഗഡു ലഭിച്ച് 15 വര്‍ഷം പിന്നിട്ടിട്ടുണ്ടോ, നിലവിലെ വീട് വാസയോഗ്യമാണോ തുടങ്ങിയ വിവരങ്ങളും പരിശോധിക്കും. വീടുനിര്‍മാണത്തിന് സ്വന്തമായി ഭൂമിയുണ്ടോ എന്നതും സര്‍വേയില്‍ ഉള്‍പ്പെടുത്തും.
ഭൂമിയുടെ ഉടമ പട്ടികവര്ഗക്കാരനായിരിക്കണം. ഭൂമിയുടെ വിസ്തീര്‍ണം, സര്‍വേ നമ്പര്‍, വില്ലേജ്, താലൂക്ക് തുടങ്ങിയ വിവരങ്ങളും ശേഖരിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ വഴിയോ മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയോ മുമ്പ് ഭൂമി വാങ്ങുന്നതിനോ ഭവന നിര്‍മാണത്തിനോ പുനരുദ്ധാരണത്തിനോ ധനസഹായം ലഭിച്ചിട്ടുണ്ടോ എന്ന വിവരവും രേഖപ്പെടുത്തും. ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍, മുന്‍ഗണനാ മാനദണ്ഡങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ എന്നിവയും ഹാജരാക്കണം.
Content Highlights:The Kerala government has announced a comprehensive housing scheme targeting Scheduled Tribe families in the state. Under this initiative, all homeless ST households will be provided with proper and livable houses within a span of five years. The project aims to uplift living standards.



