Kerala
സാഹിത്യോത്സവ് അവാര്‍ഡ് പി എന്‍ ഗോപീകൃഷണന്
മഞ്ചേരിയില്‍ വെച്ച് നടക്കുന്ന കേരള സാഹിത്യോത്സവ് വേദിയില്‍ ആഗസ്ത് 30 വെള്ളിയാഴ്ച പ്രമുഖരുടെ സാന്നിധ്യത്തില്‍ അവാര്‍ഡ് ദാനം നടക്കും.

കോഴിക്കോട് | പത്താമത് സാഹിത്യോത്സവ് അവാര്‍ഡ് കവിയും എഴുത്തുകാരനുമായ പി എന്‍ ഗോപീകൃഷ്ണന്. കേരള സാഹിത്യോത്സവിന്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയാണ് അവാര്‍ഡ് നല്‍കുന്നത്.
ചരിത്രത്തെ വ്യാജങ്ങള്‍ കൊണ്ട് നിറച്ച് അനുകൂലമായ സാമൂഹികാന്തരീക്ഷം സൃഷ്ടിച്ച് സാംസ്‌കാരികാധിപത്യം ഉറപ്പിക്കാനുമുള്ള ശ്രമങ്ങള്‍ തീവ്രമായ കാലത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ എന്ന പ്രതിരോധ പുസ്തകത്തിലൂടെ കാലം ആവശ്യപ്പെടുന്ന ഉത്തരവാദിത്തം നിര്‍വ്വഹിച്ച എഴുത്തുകാരനെന്ന നിലയിലാണ് പുരസ്‌കാരമെന്ന് കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍ അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അറിയിച്ചു. എന്‍ എസ് മാധവന്‍, കെ.പി രാമനുണ്ണി, സി.എന്‍ ജാഫര്‍ സ്വാദിഖ് എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങള്‍.
അന്‍പതിനായിരത്തി ഒന്ന് രൂപയും പ്രത്യേകം രൂപകല്‍പ്പന ചെയ്ത ശിലാഫലകവുമാണ് അവാര്‍ഡ്. സാഹിത്യ പ്രവര്‍ത്തനത്തെ രാഷ്ട്രീയ പ്രവര്‍ത്തനമായി ആവിഷ്‌കരിക്കുന്ന ഉത്തരാധുനിക കവിയായ പി.എന്‍ ഗോപീകൃഷ്ണന്‍ ഫാസിസത്തിനെതിരെയും ഭരണകൂട ഭീകരതക്കെതിരെയും കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും ശക്തമായി ശബ്ദിക്കുകയും നവീനമായ ഭാഷയില്‍ നിസ്സഹായരുടെ നിലവിളികളെ അടയാളപ്പെടുത്തുകയും ചെയ്യുന്ന കവിയാണെന്ന് അവാര്‍ഡ് സമിതി വിലയിരുത്തി.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ, കവിത മാംസഭോജിയാണ്, ഇടിക്കാലൂരി പനമ്പട്ടടി, ഒരു വ്യവസ്ഥയും ആത്മഹത്യ ചെയ്യുന്നില്ല, നാഥുറാം ഗോഡ്‌സെയും ഹിന്ദുത്വത്തിന്റെ സത്യാനന്തര പരീക്ഷകളും തുടങ്ങിയവ പി.എന്‍ ഗോപീകൃഷ്ണന്റെ പ്രധാന കൃതികളാണ്.
സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരെയും അവരുടെ മികച്ച സംഭാവനകളെയും ആദരിക്കുന്നതിന് വേണ്ടി 2012 മുതലാണ് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സാഹിത്യോത്സവ് അവാര്‍ഡ് നല്‍കി വരുന്നത്.
ശശി തരൂര്‍, കെ. സച്ചിദാനന്ദന്‍, എന്‍ എസ് മാധവന്‍, തോപ്പില്‍ മുഹമ്മദ് മീരാന്‍ , കെ.പി രാമനുണ്ണി, പി സുരേന്ദ്രന്‍, വീരാന്‍കുട്ടി തുടങ്ങിയവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം നല്‍കിയത്. മഞ്ചേരിയില്‍ വെച്ച് നടക്കുന്ന കേരള സാഹിത്യോത്സവ് വേദിയില്‍ ആഗസ്ത് 30 വെള്ളിയാഴ്ച പ്രമുഖരുടെ സാന്നിധ്യത്തില്‍ അവാര്‍ഡ് ദാനം നടക്കും.