Connect with us

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; യുഡിഎഫ് ഭരണകാലത്ത് ഇങ്ങനെ ഉണ്ടായിട്ടില്ല, വാജി വാഹനം പരസ്യമായാണ് നല്‍കിയത്; രമേശ് ചെന്നിത്തല

യഥാര്‍ത്ഥ കള്ളന്മാരെ രക്ഷിക്കാനുള്ള ശ്രമമാണ് യുഡിഎഫിനെ പഴിചാരുന്നതിലൂടെ നടക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്നിട്ടുള്ള ക്രമക്കേടുകള്‍ ആരുടെ കാലത്താണെങ്കിലും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കൊള്ളയില്‍പെട്ട നമുഴുവന്‍ ആളുകളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അതില്‍ രാഷ്ട്രീയ ഭേദമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. വാജി വാഹനം പരസ്യമായാണ് നല്‍കിയത്. രഹസ്യമായി നടന്ന മോഷണമല്ല. യഥാര്‍ത്ഥ കള്ളന്മാരെ രക്ഷിക്കാനുള്ള ശ്രമമാണ് യുഡിഎഫിനെ പഴിചാരുന്നതിലൂടെ നടക്കുന്നത്. അത് വിലപ്പോവില്ല. പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. സ്വകാര്യ ആശുപത്രിയില്‍ പോയി മൊഴിയെടുക്കാന്‍ പോലും തയ്യാറാകാത്തത് ആരാണെന്ന് അറിയാമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേസിലെ തൊണ്ടി എവിടെയെന്ന് വ്യക്തമാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റ് തന്നെയാണ്. സ്വര്‍ണം എവിടെയാണ് എന്നതാണ് ചോദ്യം. രാഘവനും അജയ് തറയിലും മറുപടി പറയട്ടെ. അതിനെ രാഷ്ട്രീയവത്കരിക്കരുത്. അവര്‍ ചെയ്തത് ഒന്നും രഹസ്യമായിട്ടല്ല. അന്വേഷണത്തിന് കോണ്‍ഗ്രസ് തടസ്സം നില്‍ക്കുന്നില്ല. സ്വര്‍ണ്ണക്കൊള്ള വീണ്ടും ചര്‍ച്ച ചെയ്യണമെന്നും ചെന്നിത്തല വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് എം യുഡിഎഫ് മുന്നണി പ്രവേശന ചര്‍ച്ച നടത്തിയിട്ടില്ല. ആരെയും അങ്ങോട്ട് ചെന്ന് ക്ഷണിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് എം ഇല്ലാതെ തന്നെ പാര്‍ലമെന്റ് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ വിജയം നേടി. ആ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. ഒരു കക്ഷിയുടെ പിന്നാലെയും യുഡിഎഫ് പോയിട്ടില്ല. ആരുമായും ചര്‍ച്ച നടത്തിയിട്ടുമില്ല. എല്‍ഡിഎഫ് വിട്ടുവരുന്നവരെല്ലാം വര്‍ഗ്ഗ വഞ്ചകരും യുഡിഎഫ് കോണ്‍ഗ്രസ് വിട്ട് പോകുന്നവര്‍ പുണ്യാളന്മാരും ആകുന്നതും എങ്ങനെനെയെന്നും ചെന്നിത്തല ചോദിച്ചു. കോണ്‍ഗ്രസ് വിട്ടുപോയവര്‍ക്ക് വലിയ പദവികള്‍ നല്‍കിയവരാണ് സിപിഐഎം എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.