International
യുക്രൈൻ മിസൈൽ ആക്രമണത്തിൽ റഷ്യൻ നാവികസേന ഉപമേധാവി കൊല്ലപ്പെട്ടു; റഷ്യക്ക് കനത്ത തിരിച്ചടി
മൂന്ന് വർഷം മുമ്പ് യുക്രെയ്‌നുമേൽ റഷ്യ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന റഷ്യൻ കമാൻഡർമാരിൽ ഒരാളാണ് 42 കാരനായ ഗുഡ്‌കോവ്.

മോസ്കോ | റഷ്യൻ നാവികസേനയുടെ ഉപമേധാവി മിഖായേൽ ഗുഡ്‌കോവ് റഷ്യയിലെ കുർസ്ക് മേഖലയിൽ കൊല്ലപ്പെട്ടതായി രാജ്യത്തെ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. മൂന്ന് വർഷം മുമ്പ് യുക്രെയ്‌നുമേൽ റഷ്യ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന റഷ്യൻ കമാൻഡർമാരിൽ ഒരാളാണ് 42 കാരനായ ഗുഡ്‌കോവ്.
ബുധനാഴ്ച അതിർത്തി പ്രദേശത്ത് വെച്ചാണ് അദ്ദേഷം കൊല്ലപ്പെട്ടതെന്ന് സ്റ്റേറ്റ് ആർഐഎ വാർത്താ ഏജൻസി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. അതേസമയം, കുർസ്കിലെ ഒരു കമാൻഡ് പോസ്റ്റിൽ യുക്രേനിയൻ മിസൈൽ ആക്രമണത്തിൽ ഗുഡ്‌കോവും മറ്റ് റഷ്യൻ ഉദ്യോഗസ്ഥരും മരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. മാർച്ചിലാണ് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഈ സ്ഥാനത്തേക്ക് ഗുഡ്‌കോവിനെ നിയമിച്ചത്.
2024 ഓഗസ്റ്റിൽ യുക്രേനിയൻ സൈന്യം റഷ്യൻ മേഖലയുടെ ചില ഭാഗങ്ങൾ അപ്രതീക്ഷിത ആക്രമണത്തിൽ പിടിച്ചെടുത്തിരുന്നു. ഏപ്രിലിൽ മോസ്കോ ഇത് പൂർണ്ണമായി തിരിച്ചുപിടിച്ചുവെന്ന് അവകാശപ്പെട്ടെങ്കിലും, ഈ മേഖലയിൽ ഏറ്റുമുട്ടലുകൾ തുടരുകയാണ്.
ഗുഡ്‌കോവിൻ്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ, കിഴക്കൻ യുക്രെയ്‌നിലെ റസൈൻ, മിലോവ് ഗ്രാമങ്ങൾ തങ്ങൾ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. ഈ അവകാശവാദത്തെക്കുറിച്ച് യുക്രേനിയൻ സൈന്യം പ്രതികരിച്ചിട്ടില്ല.