Connect with us

International

റഷ്യ-യുക്രൈന്‍ സംഘര്‍ഷം: വേര്‍പിരിഞ്ഞ കുടുംബങ്ങളുടെ സംഗമത്തിന് ഖത്തര്‍ വേദിയൊരുക്കി

സംഘര്‍ഷ മേഖലയില്‍ നിന്നുള്ള 32 കുട്ടികള്‍ ഉള്‍പ്പെടെ 19 കുടുംബങ്ങളാണ് ഖത്തറിന്റെ മധ്യസ്ഥതയിലൂടെ ഉറ്റവരുമായി ഒത്തുചേര്‍ന്നത്

Published

|

Last Updated

ദോഹ | റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ ഫലമായി വേര്‍പിരിഞ്ഞ കുടുംബങ്ങളുടെ സംഗമത്തിന് വീണ്ടും ഖത്തര്‍ വേദിയൊരുക്കി. റഷ്യ-യുക്രെയ്ന്‍ യുദ്ധം മൂന്നുവര്‍ഷം പിന്നിട്ടതോടെ നിരവധി പേരാണ് കുടുംബങ്ങളില്‍ നിന്ന് അകന്നുപോയത്.

സംഘര്‍ഷ മേഖലയില്‍ നിന്നുള്ള 32 കുട്ടികള്‍ ഉള്‍പ്പെടെ 19 കുടുംബങ്ങളാണ് ഖത്തറിന്റെ മധ്യസ്ഥതയിലൂടെ ഉറ്റവരുമായി ഒത്തുചേര്‍ന്നത്. ഏപ്രില്‍ 14ന് ദോഹയിലെത്തിയ 19 കുടുംബങ്ങളും ഈ മാസം 24 വരെ ഖത്തറിലുണ്ടാകും. യുദ്ധത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന കുടുംബങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഖത്തര്‍ ആസൂത്രണം ചെയ്ത ഹെല്‍ത്ത് ആന്‍ഡ് റിക്കവറി പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ കൂടിച്ചേരല്‍ ഒരുക്കിയത്.

സംഘര്‍ഷത്തില്‍ അകന്നുപോയ നിരവധി കുട്ടികളെ അവരുടെ കുടുംബങ്ങളുമായി ഒരുമിപ്പിക്കാന്‍ ഖത്തറിന്റെ മധ്യസ്ഥതയിലൂടെ ഇതിനുമുമ്പും സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 20 കുടുംബങ്ങള്‍ ഹെല്‍ത്ത് ആന്‍ഡ് റിക്കവറി പ്രോഗ്രാമിന്റെ ഭാഗമായി ഖത്തറില്‍ എത്തി. റഷ്യയുടെയും യുക്രൈനിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പുവരുത്തുകയും, ആത്മവിശ്വാസത്തോടെയും സുരക്ഷിതത്വത്തോടെയും പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ അവരെ പ്രാപ്തരാക്കുകയുമാണ് ഹെല്‍ത്ത് ആന്‍ഡ് റിക്കവറി പ്രോഗ്രാമിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

Latest