Connect with us

Articles

അധികാരത്തണലിലെ ചട്ടമ്പിത്തരങ്ങള്‍

പ്രയാഗ് രാജിലെ ആര്യ സമാജ് പ്രധാന്‍ മൊത്തമായും ചില്ലറയായും വിതരണം ചെയ്യുന്ന വിവാഹ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് ഉയര്‍ന്ന മിക്കവാറും കേസുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന റിപോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. അതായത് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കശ്മലന്‍മാര്‍ക്ക് കുടപിടിക്കാന്‍ ആര്യ സമാജിന്റെ ബോര്‍ഡും തൂക്കി ഒരു വിദ്വാന്‍ യോഗിയുടെ സ്വന്തം പ്രയാഗ് രാജില്‍ ഇരിക്കുന്നുണ്ടെന്ന വാര്‍ത്ത പുതുമയുള്ളതല്ല.

Published

|

Last Updated

ആര്യ സമാജ് വിവാഹ് മന്ദിര്‍ ട്രസ്റ്റിന് വിവാഹ സര്‍ട്ടിഫിക്കറ്റും മതംമാറ്റ സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനിരിക്കുകയാണ് മധ്യപ്രദേശ് ഹൈക്കോടതി. തന്റെ ഭാര്യ ഹിന ഖാനെ പോലീസ് നിയമവിരുദ്ധമായി തടവില്‍ വെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗോലു എന്ന യുവാവ് ഹേബിയസ് കോര്‍പസ് ഹരജിയുമായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തേ പരിചയത്തിലായിരുന്ന തങ്ങള്‍ വിവാഹിതരാകാന്‍ സ്വയം തീരുമാനിക്കുകയും അതിനായി ഹിന ഖാന്‍ ഹിന്ദുവായി മതംമാറ്റം നടത്തുകയും ചെയ്യുകയായിരുന്നു എന്നാണ് റിട്ട് ഹരജിക്കാരന്റെ പക്ഷം. കോടതിയില്‍ തന്റെ വാദം തെളിയിക്കാന്‍ ഹാജരാക്കിയ, ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്യ സമാജ് സമ്മേളന്‍ ട്രസ്റ്റ് 2019 സെപ്തംബര്‍ 17ന് നല്‍കിയ മതംമാറ്റ, വിവാഹ സര്‍ട്ടിഫിക്കറ്റുകളെ പ്രതി അതിന്റെ നിയമസാധുത പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മധ്യപ്രദേശ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്.

ആര്യ സമാജ് വിവാഹ് മന്ദിര്‍ ട്രസ്റ്റിന് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മതംമാറ്റ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കുക എന്നാരാഞ്ഞ നീതിപീഠം ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം നല്‍കാന്‍ കഴിഞ്ഞ ഏപ്രിലില്‍ ഉത്തരവിട്ടിരുന്നു. അവസാനമായി കേസ് പരിഗണനക്കെടുത്ത ജൂണ്‍ 21ന് ചില നിര്‍ണായക ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത്. പ്രസ്താവിത ട്രസ്റ്റിന് ഹിന്ദുവായ ആണ്‍കുട്ടിക്കും മുസ്ലിം പെണ്‍കുട്ടിക്കുമിടയിലെ വിവാഹത്തിന് കാര്‍മികത്വം വഹിക്കാന്‍ സാധിക്കുന്നതെങ്ങനെ, വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരമുണ്ടോ ആര്യ സമാജ് വിവാഹ് മന്ദിര്‍ ട്രസ്റ്റിന്, വിവാദ ട്രസ്റ്റിന്റെ ഉദ്ദേശ ലക്ഷ്യങ്ങളുടെ ഭാഗമായി തന്നെ നടത്തുന്നതാണോ മേല്‍ചൊന്ന വിലാസം പ്രവര്‍ത്തനങ്ങള്‍, ട്രസ്റ്റിന്റെ ഉപനിയമങ്ങള്‍ പബ്ലിക് ട്രസ്റ്റ് രജിസ്ട്രാര്‍ അംഗീകരിച്ചതോ പബ്ലിക് ട്രസ്റ്റ് ആക്ട് പ്രകാരമോ മറ്റു നിയമ പ്രകാരമോ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതോ ആണോ (രേഖകളില്‍ അക്കാര്യം വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു), ട്രസ്റ്റിന്റെ സത്യവാങ്മൂലത്തിന്റെയോ നോട്ടറി സാക്ഷ്യമുള്ള സത്യവാങ്മൂലത്തിന്റെയോ പുറത്ത് മാത്രം ഒരു മുസ്ലിം പെണ്‍കുട്ടിയെ മതംമാറ്റാമോ, ഇത്തരം ട്രസ്റ്റുകള്‍ക്ക് ഏതു തരത്തിലുള്ള അനുമതിയാണ് ഉള്ളത് എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനുള്ള സന്നദ്ധതയാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശ് ഹൈക്കോടതി പ്രഖ്യാപിച്ചിരിക്കുന്നത്.

നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഒരു രാജ്യത്ത് നടക്കാന്‍ പാടില്ലാത്ത ചട്ടമ്പിത്തരത്തിന്റെ വിവിധ വേര്‍ഷനുകളില്‍ ഒന്നാണ് മുകളിലെ വൃത്താന്തം. മത, മതാന്തരീയ വിവാഹങ്ങള്‍ക്കും മതംമാറ്റത്തിനുമൊക്കെ നിയമവും അതിന് അംഗീകാരം നല്‍കാന്‍ അധികാരികളുമുള്ള ഒരു നാട്ടിലാണ് ഭരണകൂട സംവിധാനങ്ങളുടെ കണ്‍മുമ്പില്‍ ഇത്തരം മതാധികാര പ്രയോഗങ്ങള്‍ ആധിപത്യമുറപ്പിക്കുന്നത്. യു പിയിലെ ഗാസിയാബാദില്‍ പ്രവര്‍ത്തിക്കുന്ന പരാമര്‍ശിത ട്രസ്റ്റിന്റെ ‘വിശാല സേവനങ്ങള്‍’ യോഗി ഭരണകൂടം അറിയാതിരിക്കാന്‍ ഇടയില്ല. ഭരണകൂടത്തിന്റെ അനുഗ്രഹാശിസ്സുകളോടെ നടന്നുകൊണ്ടിരിക്കുന്ന, നിയമവിരുദ്ധവും സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്നതുമായ ഇത്തരം പ്രവൃത്തികളില്‍ സമീപകാലത്ത് മാത്രം നീതിപീഠ ശ്രദ്ധയിലെത്തിയ കേസുകള്‍ വേറെയുമുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന കുറ്റമാരോപിക്കപ്പെട്ട നിയമ വ്യവഹാരത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ഈ മാസമാദ്യവാരത്തിലാണ് ആര്യ സമാജ് നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റ് സുപ്രീം കോടതി നിരസിച്ചത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്നും ആര്യ സമാജത്തില്‍ വെച്ച് വിവാഹം നടന്നെന്നുമായിരുന്നു കുറ്റാരോപിതന്റെ പക്ഷം. അതിന് തെളിവായി ആര്യ സമാജ് നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റ് ചൂണ്ടിക്കാണിച്ചപ്പോഴാണ് സുപ്രീം കോടതി വെക്കേഷന്‍ ഡിവിഷന്‍ ബഞ്ച് രൂക്ഷ പ്രതികരണം നടത്തിയത്. വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ആര്യ സമാജിന്റെ പണിയല്ലെന്നും ബന്ധപ്പെട്ട അധികാരികളാണ് അത് നല്‍കേണ്ടെതെന്നുമായിരുന്നു പരമോന്നത നീതിപീഠം പ്രസ്താവിച്ചത്. യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.

പ്രയാഗ് രാജിലെ കൃഷ്ണ നഗര്‍ ആര്യ സമാജ് പ്രധാന്‍ നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ അലഹബാദ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത് മെയ് മുപ്പതിനാണ്. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത കപില്‍ കുമാര്‍ എന്നയാളുടെ ക്രിമിനല്‍ റിട്ട് ഹരജി കേള്‍ക്കവെ കുറ്റാരോപിതന്‍ ഇരയെ വിവാഹം ചെയ്തിരുന്നെന്ന വാദത്തില്‍ കോടതി സംശയം പ്രകടിപ്പിക്കുകയായിരുന്നു. ആര്യ സമാജ് പ്രധാനെന്ന് അവകാശപ്പെടുന്ന സന്തോഷ് കുമാര്‍ ശാസ്ത്രി സാക്ഷ്യപ്പെടുത്തിയ വിവാഹ സര്‍ട്ടിഫിക്കറ്റായിരുന്നു കുറ്റാരോപിതര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് അത്തരം വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ അന്വേഷണം നടത്തി ആഗസ്റ്റ് എട്ടിന് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി.

പ്രയാഗ് രാജിലെ ആര്യ സമാജ് പ്രധാന്‍ മൊത്തമായും ചില്ലറയായും വിതരണം ചെയ്യുന്ന വിവാഹ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് ഉയര്‍ന്ന മിക്കവാറും കേസുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന റിപോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. അതായത് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കശ്മലന്‍മാര്‍ക്ക് കുടപിടിക്കാന്‍ ആര്യ സമാജിന്റെ ബോര്‍ഡും തൂക്കി ഒരു വിദ്വാന്‍ യോഗിയുടെ സ്വന്തം പ്രയാഗ് രാജില്‍ ഇരിക്കുന്നുണ്ടെന്ന വാര്‍ത്ത പുതുമയുള്ളതല്ല. നേരത്തേ പുറത്തു വന്നതാണ്. പക്ഷേ നടപടികളേതുമുണ്ടായില്ലെന്ന് മാത്രം. ഇതര മതസ്ഥരായ പെണ്‍കുട്ടികളുടെ മതംമാറ്റത്തിനും വിവാഹത്തിനും അത്തരം കേന്ദ്രങ്ങള്‍ കാര്‍മികത്വം വഹിക്കുക മാത്രമല്ല ചെയ്യുന്നത്. സമാന്തര അധികാര കേന്ദ്രങ്ങളായി സാക്ഷ്യപത്രങ്ങളും നല്‍കുന്നു. കോടതികളില്‍ തെളിവായി അതൊക്കെ പൊക്കിക്കാട്ടുന്ന സാധാരണത്വം ഉരുണ്ടുകൂടിയിട്ടുമുണ്ട്. മറുഭാഗത്ത് ലവ് ജിഹാദെന്ന വ്യാജം പ്രചരിപ്പിച്ച് മുസ്ലിം വിരുദ്ധത ആളിക്കത്തിക്കുന്നു. ആ വ്യാജത്തിന് സത്യത്തിന്റെ മേലാപ്പ് ചാര്‍ത്താന്‍ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പാസ്സാക്കുന്നു. അങ്ങനെ സൃഷ്ടിക്കുന്ന വര്‍ഗീയ വിഭജനങ്ങളില്‍ മുങ്ങി ആളുകളറിയാതെ പോകുന്ന വര്‍ത്തമാനങ്ങളില്‍ ചിലത് മാത്രമാണ് കോടതി മുഖാന്തരം വെളിപ്പെട്ടിരിക്കുന്നത്. അപ്പോഴും ലവ് ജിഹാദെന്ന് കേള്‍ക്കുമ്പോള്‍ സംഘ്പരിവാറിന് ഹല്ലേലുയ്യ പാടിയെത്തുന്ന ചില വിഷമനസ്സുകളുണ്ട് കേരളത്തില്‍. അവര്‍ക്ക് ബോധ്യം വന്നാലും ഇല്ലെങ്കിലും സത്യം ഇതല്ലാതാകില്ലല്ലോ.

 

Latest