International
റോയിട്ടേഴ്‌സിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചു; നിർദേശം നൽകിയിട്ടില്ലെന്ന് കേന്ദ്രം; വിശദീകരണം തേടി
നിയമപരമായ ആവശ്യം പരിഗണിച്ച് അക്കൗണ്ട് തടഞ്ഞുവെന്നാണ് എക്സ് പ്ലാറ്റ്‌ഫോമിൽ കാണിക്കുന്ന അറിയിപ്പിൽ പറയുന്നത്.

ന്യൂഡൽഹി | രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ ഔദ്യോഗിക എക്സ് (മുൻപ് ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചതായി റിപ്പോർട്ട്. നിയമപരമായ ആവശ്യം പരിഗണിച്ച് അക്കൗണ്ട് തടഞ്ഞുവെന്നാണ് എക്സ് പ്ലാറ്റ്‌ഫോമിൽ കാണിക്കുന്ന അറിയിപ്പിൽ പറയുന്നത്. എന്നാൽ, റോയിട്ടേഴ്‌സിന്റെ അക്കൗണ്ട് തടയാൻ കേന്ദ്രസർക്കാർ യാതൊരു നിർദേശവും നൽകിയിട്ടില്ലെന്ന് സർക്കാർ വക്താവ് അറിയിച്ചു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി എക്സുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും അക്കൗണ്ട് ഉടൻ പുനഃസ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മെയിൽ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയുടെ ഭാഗമായി റോയിട്ടേഴ്‌സിന്റെ എക്സ് അക്കൗണ്ട് ഉൾപ്പെടെ നൂറുകണക്കിന് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നതായി വൃത്തങ്ങൾ സൂചിപ്പിച്ചു. അന്ന് പല അക്കൗണ്ടുകളും ഇന്ത്യയിൽ ലഭ്യമല്ലാതായെങ്കിലും റോയിട്ടേഴ്‌സ് അക്കൗണ്ടിന് നിയന്ത്രണമുണ്ടായിരുന്നില്ല. ഈ വിഷയം ഇപ്പോൾ അപ്രസക്തമായതിനാൽ, ബ്ലോക്ക് ചെയ്തതിനെക്കുറിച്ച് വിശദീകരിക്കാനും വിലക്ക് നീക്കാനും സർക്കാർ എക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
“മെയ് 7-ന് (ഓപ്പറേഷൻ സിന്ദൂർ സമയത്ത്) ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു, പക്ഷേ അത് നടപ്പാക്കിയില്ല. എക്സ് ഇപ്പോൾ ആ ഉത്തരവ് നടപ്പാക്കിയതായി തോന്നുന്നു, ഇത് അവരുടെ ഭാഗത്ത് പറ്റിയ തെറ്റാണ്. എത്രയും വേഗം ഇത് പരിഹരിക്കാൻ സർക്കാർ എക്സുമായി ബന്ധപ്പെട്ടിട്ടുണ്ട്” – ഒരു ഔദ്യോഗിക വൃത്തം അറിയിച്ചു.
ഈ വിഷയത്തിൽ പ്രതികരണം തേടി റോയിട്ടേഴ്‌സിന് അയച്ച ഇമെയിലിന് മറുപടി ലഭിച്ചിട്ടില്ല. റോയിട്ടേഴ്‌സ് ടെക് ന്യൂസ്, റോയിട്ടേഴ്‌സ് ഫാക്ട് ചെക്ക്, റോയിട്ടേഴ്‌സ് ഏഷ്യ, റോയിട്ടേഴ്‌സ് ചൈന തുടങ്ങിയ അനുബന്ധ എക്സ് ഹാൻഡിലുകൾ ഇന്ത്യയിൽ ലഭ്യമാണെങ്കിലും, ആഗോള വാർത്താ ഏജൻസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടും റോയിട്ടേഴ്‌സ് വേൾഡ് ഹാൻഡിലും ലഭ്യമല്ല.
പ്രധാന അക്കൗണ്ട് ആക്സസ് ചെയ്യാൻ ശ്രമിക്കുന്ന എക്സ് ഉപയോക്താക്കൾക്ക്, നിയമപരമായ കാരണങ്ങളാൽ അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചിരിക്കുന്നു എന്ന സന്ദേശമാണ് കാണാൻ കഴിയുന്നത്. രാജ്യത്ത് ഉള്ളടക്കം തടഞ്ഞുവെക്കുന്നതിനെക്കുറിച്ച് എക്സ് അതിന്റെ ഹെൽപ്പ് സെന്റർ പേജിൽ വിശദീകരിക്കുന്നുണ്ട്. ഒരു കോർട്ട് ഓർഡറോ പ്രാദേശിക നിയമങ്ങളോ പോലുള്ള നിയമപരമായ ആവശ്യങ്ങൾ കാരണം ഒരു അക്കൗണ്ടോ പോസ്റ്റുകളോ തടഞ്ഞുവെക്കാൻ എക്സ് നിർബന്ധിതമാകുമ്പോഴാണ് ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്നതെന്നും അവർ പറയുന്നു.