Connect with us

Kerala

പാര്‍ട്ടിയില്‍ കടുത്ത അവഗണന; സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരന്‍

സംസ്ഥാന സെക്രട്ടറി താന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്ന തരത്തില്‍ പറഞ്ഞുവെന്നും കളിയാക്കി ചിരിച്ചുവെന്നും സുധാകരന്‍

Published

|

Last Updated

ആലപ്പുഴ| പാര്‍ട്ടി അംഗത്വം പുതുക്കാത്തതില്‍ വിശദീകരണവുമായി മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നത്. അതിനാല്‍ ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ തുടര്‍ന്ന് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ മെമ്പര്‍ഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. എന്നാല്‍ ആശയാദര്‍ശങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വാര്‍ത്താസമ്മേളനത്തില്‍ തന്നെ കളിയാക്കി ചിരിച്ച സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും കുറിപ്പില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറി താന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്ന തരത്തില്‍ പറഞ്ഞുവെന്നും കളിയാക്കി ചിരിച്ചുവെന്നും സുധാകരന്‍ ആരോപിച്ചു.

2026ലെ മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണി അംഗത്വം പുതുക്കാന്‍ താന്‍ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്ക്കേണ്ടി വന്നില്ല. 2022ല്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരികയാണ്. വീണു പരുക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വര്‍ഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചില്‍ വന്നു പ്രവര്‍ത്തിച്ചപ്പോള്‍ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ലെന്നും എന്നാല്‍ അതില്‍ പരാതിയില്ലെന്നും സുധാകരന്‍ പറയുന്നു.

63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വ ചരിത്രമുള്ള തനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നല്‍കിയിട്ടില്ല. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം തന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളില്‍ വെച്ച് നടത്തിയപ്പോള്‍ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ച് പ്രകടനം നടത്തി അറസ്റ്റും ജയില്‍വാസവും ലോക്കപ്പ് മര്‍ദ്ദനവും ബിഐആര്‍ കേസ് ഉള്‍പ്പെടെ അനുഭവിച്ച് ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരാള്‍ ആയ തനിക്ക് ഒരു ക്ഷണക്കത്ത് പോലും നല്‍കിയില്ലെന്ന് ജി സുധാകരന്‍ ആരോപിച്ചു.

തന്റെ പിതാവിനെ വരെ ഒരു എല്‍സി മെമ്പര്‍ ആക്ഷേപിച്ചുവെന്നും ജി സുധാകരന്‍ പറയുന്നു.സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ വാര്‍ത്താസമ്മേളനത്തില്‍ താന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്ന ആളല്ല എന്ന അര്‍ത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടര്‍ന്ന് മേല്‍പ്പറഞ്ഞ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജി സുധാകരന്‍ കുറിപ്പില്‍ പറയുന്നു. എം വി ഗോവിന്ദന്റെ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയും ജി സുധാകരന്‍ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സിപിഐഎം ജില്ലാ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷക ബ്രാഞ്ചിലെ അംഗമാണ് ജി സുധാകരന്‍. ജില്ലാ കമ്മിറ്റിക്ക് നേരിട്ട് ചുമതലയുള്ള ബ്രാഞ്ചിലാണ് അദ്ദേഹം അംഗമായിരുന്നത്. സുധാകരന്‍ ഒഴികെയുള്ള 18 അംഗങ്ങളില്‍ 17 പേരും ജില്ലാകമ്മറ്റിക്ക് അംഗത്വ ഫോം പൂരിപ്പിച്ച് നല്‍കി. സുധാകരന്‍ പുതുക്കാതെ വന്നപ്പോള്‍ ബ്രാഞ്ച് സെക്രട്ടറി നേരിട്ട് വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കാന്‍ അംഗത്വം ആവശ്യമില്ലെന്നായിരുന്നു സുധാകരന്റെ അപ്പോഴത്തെ മറുപടി.

 

 

Latest