International
ഫ്രാന്‍സിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടും രാജി; 26 ദിവസം മാത്രം അധികാരത്തിലിരുന്ന ഫ്രാന്‍സ് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു രാജിവച്ചു
മന്ത്രിസഭ പ്രഖ്യാപിച്ച് ഒരു ദിവസം തികയും മുമ്പാണ് സെബാസ്റ്റ്യന്‍ ലെകോര്‍ണുവിന്റെ രാജി

പാരിസ് | 26 ദിവസം മാത്രം അധികാരത്തിലിരുന്ന ഫ്രാന്‍സ് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു രാജിവച്ചു. ഫ്രാന്‍സിനെ ഞെട്ടിച്ചുകൊണ്ടാണ് വീണ്ടും രാജി. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഒരു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാജി.
മന്ത്രിസഭ പ്രഖ്യാപിച്ച് ഒരു ദിവസം തികയും മുമ്പാണ് സെബാസ്റ്റ്യന്‍ ലെകോര്‍ണുവിന്റെ രാജി.ഫ്രാങ്കോയിസ് ബെയ്റൂവിന്റെ സര്‍ക്കാരിന്റെ പതനത്തെത്തുടര്‍ന്നാണ് ലെകോര്‍ണു പ്രധാനമന്ത്രിയായി നിയമിതനായത്. രണ്ട് വര്‍ഷത്തിനുള്ളില്‍ അഞ്ച് പ്രധാനമന്ത്രിമാരാണ് രാജിവെച്ചൊഴിഞ്ഞത്. ഫ്രാന്‍സിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് രാഷ്ട്രീയ അസ്ഥിരത തുടരുന്നത്.
ചെലവുചുരുക്കല്‍ നടപടികള്‍ ഫലവത്താകാത്തതില്‍ പാര്‍ലമെന്റിനും അതൃപ്തിയുണ്ട്. പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണുവിന്റെ രാജിയെത്തുടര്‍ന്ന് ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ നാഷണല്‍ റാലി പ്രസിഡന്റ് ജോര്‍ദാന്‍ ബാര്‍ഡെല്ലയും ഇമ്മാനുവല്‍ മാക്രോണിനോട് ആവശ്യപ്പെട്ടു. അടുത്ത വര്‍ഷത്തെ ചെലവ് ചുരുക്കല്‍ ബജറ്റിന് പാര്‍ലമെന്റിന്റെ അംഗീകാരം നേടുക എന്നതായിരുന്നു പുതിയ പ്രധാനമന്ത്രിയുടെ മുന്നിലുള്ള അടിയന്തര വെല്ലുവിളി.
ഫ്രാന്‍സ് ഉയര്‍ന്ന പൊതു കടവുമായി മല്ലിടുകയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കടം-ജി ഡി പി അനുപാതം യൂറോപ്യന്‍ യൂണിയനില്‍ ഗ്രീസിനും ഇറ്റലിക്കും ശേഷം മൂന്നാമത്തെ ഉയര്‍ന്ന നിരക്കാണ് ഫ്രാന്‍സിന്റേത്.