Connect with us

UP RENAMING

യു പിയില്‍ വീണ്ടും പേര് മാറ്റല്‍; ഫൈസാബാദ് റെയില്‍വേ സ്റ്റേഷന് ഇനി പുതിയ പേര്

സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശില്‍ വീണ്ടും പേര് മാറ്റല്‍. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഫൈസാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റാന്‍ തീരുമാനിച്ചു. അയോധ്യാ കന്റോണ്‍മെന്റ് സ്‌റ്റേഷന്‍ എന്നായിരിക്കും ഇനി ഫൈസാബാദ് സ്റ്റേഷന്റെ പേര് അറിയപ്പെടുക. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിക്കുന്നതോടെ പേര് മാറ്റം നിലവില്‍ വരും. നേരത്തെ 2018 ല്‍ ഫൈസാബാദിനെ അയോധ്യ എന്ന് യോഗി സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തിരുന്നു.

അലിഗഢിനെ ഹരിഗഢ് എന്ന് പുനര്‍നാമകരണം ചെയ്യണം എന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് നല്‍കിയ നിര്‍ദ്ദേശം ഇപ്പോഴും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ഫിറോസാബാദ് ചന്ദ്ര നഗര്‍ എന്ന് മാറ്റണം എന്ന ആവശ്യവും നേരത്തേ ഉയര്‍ന്നിരുന്നു.

യോഗി സര്‍ക്കാര്‍ ചുമതലയേറ്റെടുത്തതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ നിരന്തരമായി സ്ഥലപ്പേരുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി അലഹാബാദ് പ്രയാഗ് രാജ് എന്നും മുഗള്‍സരായി റെയില്‍വേ സ്റ്റേഷന്റെ പേര് പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സ്റ്റേഷന്‍ എന്നും പുനര്‍നാമകരണം ചെയ്തിരുന്നു.