National
ചെങ്കോട്ട സ്ഫോടനം: ഉമർ സ്ഫോടകവസ്തുക്കൾ ഉണ്ടാക്കിയത് പാർക്കിങ് സ്ഥലത്ത് വെച്ചെന്ന് അന്വേഷണ സംഘം
സ്‌ഫോടനത്തിന് മുൻപ് ഉമർ ഒരു പാർക്കിങ് ഗ്രൗണ്ടിൽ മൂന്ന് മണിക്കൂറോളം ചെലവഴിച്ചതായി കണ്ടെത്തിയിരുന്നു.
ന്യൂഡൽഹി | ചെങ്കോട്ടക്ക് സമീപം കാർ സ്ഫോടനം നടത്തിയ കേസിൽ നിർണായക വെളിപ്പെടുത്തൽ. സ്‌ഫോടകവസ്തുക്കൾ ഉമർ തയ്യാറാക്കിയത് ചെങ്കോട്ടക്ക് സമീപത്തെ ഒരു പൊതു പാർക്കിങ് സ്ഥലത്ത് വെച്ചാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
സ്‌ഫോടനത്തിന് മുൻപ് ഉമർ ഒരു പാർക്കിങ് ഗ്രൗണ്ടിൽ മൂന്ന് മണിക്കൂറോളം ചെലവഴിച്ചതായി കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പ്രകാരം, ഉച്ചയ്ക്ക് 3.19 ന് പാർക്കിങ്ങിലേക്ക് പ്രവേശിച്ച ഇയാൾ 6.28 നാണ് പുറത്തുവന്നത്. വൈകുന്നേരം 6.52 ഓടെയായിരുന്നു സ്ഫോടനം. പാർക്കിങ് സ്ഥലത്ത് ഉണ്ടായിരുന്ന സമയത്ത് ഉമർ കാറിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്ന് അന്വേഷണത്തിൽ നേരത്തെ സൂചനയുണ്ടായിരുന്നു.
പുലർച്ചെ ഡൽഹിയിൽ പ്രവേശിച്ച ശേഷം ഉമർ തൻ്റെ സഹായികളുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണ വൃത്തങ്ങൾ പറയുന്നു. ആക്രമണം നടത്തേണ്ട സ്ഥലം സംബന്ധിച്ചായിരുന്നു ഉമൻ സുഹൃത്തുക്കളോട് ആരാഞ്ഞത് എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഒടുവിൽ, ചെങ്കോട്ടയുടെ പ്രതീകാത്മകമായ പ്രാധാന്യം കണക്കിലെടുത്ത് സമീപത്തെ പാർക്കിങ് സ്ഥലം തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
എന്നാൽ അന്ന് തിങ്കളാഴ്ചയാണെന്നും ചെങ്കോട്ട സന്ദർശകർക്കായി അടച്ചിട്ടിരിക്കുകയാണെന്നും ഉമറും സഹായികളും കണക്കിലെടുത്തില്ല. പാർക്കിങ് ഏരിയ ഏറെക്കുറെ ശൂന്യമായിരുന്നു. ഇതോടെ പാർക്കിങ് സ്ഥലത്ത് സ്ഫോടനം നടത്താനുള്ള പദ്ധതി ഉപേക്ഷിച്ചു. തുടർന്ന് ചെങ്കോട്ട ഒരുവശത്തും ചാന്ദ്‌നി ചൗക്ക് മറുവശത്തുമുള്ള തിരക്കേറിയ നേതാജി സുഭാഷ് മാർഗിൽ സ്ഫോടനം നടത്താൻ ഉമറും സഹായികളും തീരുമാനിക്കുകയായിരുന്നു എന്നാണ് നിഗമനം.
പാർക്കിങ് സ്ഥലത്ത് ചിലവഴിച്ച മൂന്ന് മണിക്കൂറിൽ ഉമർ സ്‌ഫോടകവസ്തുക്കൾ തയ്യാറാക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇത് പൂർത്തിയാക്കിയ ഉടൻ തന്നെ അയാൾ പാർക്കിങ് വിട്ട് റോഡിലേക്ക് ഇറങ്ങി. അൽപ്പസമയത്തിന് ശേഷം നടത്തിയ സ്ഫോടനത്തിൽ 13 പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


