National
ചെങ്കോട്ട സ്ഫോടനക്കേസ്: പ്രതി വാങ്ങിയ ഇക്കോസ്പോർട്ട് കാർ കണ്ടെത്തി
ഡി എൽ 10 സി കെ 0458 എന്ന നമ്പർ പ്ലേറ്റുള്ള കാർ ഹരിയാനയിലെ ഖാണ്ഡാവലി ഗ്രാമത്തിലെ ഒരു ഫാം ഹൗസിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ചിത്രം പ്രതീകാത്മകം | AI generated
ന്യൂഡൽഹി | ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി വാങ്ങിയ ചുവന്ന ഫോർഡ് ഇക്കോസ്പോർട്ട് കാർ കണ്ടെത്തി. ഡി എൽ 10 സി കെ 0458 എന്ന നമ്പർ പ്ലേറ്റുള്ള കാർ ഹരിയാനയിലെ ഖാണ്ഡാവലി ഗ്രാമത്തിലെ ഒരു ഫാം ഹൗസിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കാർ കണ്ടെത്തുന്നതിന് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് കാർ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറുമായി ബന്ധമുള്ള പ്രതികളുടെ പക്കൽ മറ്റൊരു ചുവന്ന കാറും ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ജാഗ്രതാ നിർദേശം നൽകിയത്. ചുവന്ന ഇക്കോസ്പോർട്ട് കാറിനായി ഡൽഹിയിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും ചെക്ക് പോസ്റ്റുകൾക്കും അതിർത്തികളിലും ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഈ വാഹനം കണ്ടെത്താനായി ഡൽഹി പോലീസിന്റെ അഞ്ച് ടീമുകളെ വിന്യസിച്ചു. അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹരിയാന പോലീസ് എന്നിവർക്കും ജാഗ്രതാ നിർദേശം നൽകുകയും തിരച്ചിലിൽ സഹായം തേടുകയും ചെയ്തു.
ചുവന്ന ഫോർഡ് ഇക്കോസ്പോർട്ട് കാർ ഡൽഹി സ്ഫോടനക്കേസിലെ പ്രധാന പ്രതിയായ ഡോ. ഉമറിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ ഫലാഹ് മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന ഡോ. ഉമർ ഓടിച്ച കാറാണ് കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടക്ക് സമീപം പൊട്ടിത്തെറിച്ചത്.
അതേസമയം, ഭീകരവാദ കേസിൽ പിടിക്കപ്പെട്ട ഡോക്ടർമാരുമായി ബന്ധമില്ലെന്ന് അൽ ഫലാഹ് യൂണിവേഴ്സിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഉത്തരവാദിത്തമുള്ള സ്ഥാപനമെന്ന നിലയിൽ രാജ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും രാജ്യത്തിന്റെ ഐക്യം, സമാധാനം, സുരക്ഷ എന്നിവയോടുള്ള പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിക്കുന്നതായും യൂണിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കി.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുക്തിസഹവും നീതിയുക്തവും കൃത്യവുമായ തീരുമാനത്തിലെത്താൻ അന്വേഷണ ഏജൻസികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും യൂണിവേഴ്സിറ്റി കൂട്ടിച്ചേർത്തു. 1997 മുതൽ വിവിധ സ്ഥാപനങ്ങൾ നടത്തിവരുന്ന അൽ-ഫലാ ഗ്രൂപ്പ് 2009-ൽ സ്വയംഭരണ പദവി നേടുകയും 2014-ൽ യൂണിവേഴ്സിറ്റിയായി മാറുകയും ചെയ്തു.
കാർ വാങ്ങാനായി ഡോ. ഉമർ വടക്കുകിഴക്കൻ ഡൽഹിയിലെ ഒരു വീട്ടിലെ വിലാസമാണ് നൽകിയതെന്നും, പോലീസ് ഇവിടെ റെയ്ഡ് നടത്തിയെന്നും വൃത്തങ്ങൾ അറിയിച്ചു. പ്രതി റെയ്കി പ്രവർത്തനങ്ങൾക്കായി ഈ കാർ ഉപയോഗിച്ചിരിക്കാനാണ് സാധ്യതയെന്നും കാർ വ്യാജ വിലാസത്തിലാണ് വാങ്ങിയതെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.




