Connect with us

cpm state confrence

ചെങ്കൊടി ഉയര്‍ന്നു: സി പി എം സംസ്ഥാന സമ്മേളനത്തിന് തുടക്കം

നവകേരള സൃഷ്ടിക്ക് പാര്‍ട്ടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന നിര്‍ണായക നയരേഖ മുഖ്യമന്ത്രി അവതരിപ്പിക്കും

Published

|

Last Updated

കൊച്ചി | 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സി പി എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് കൊച്ചി മറൈന്‍ ഡ്രൈവിലെ ബി രാഘവന്‍ നഗറില്‍ ചെങ്കൊടി ഉയര്‍ന്നു. നാല് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന അംഗം ആനത്തലവട്ടം ആനന്ദനാണ് പതാക ഉയര്‍ത്തിയത്. പ്രതിനിധി സമ്മേളനം 10.30ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. 420 സമ്മേളന പ്രതിനിധികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും ഉള്‍പ്പെടെ 520 പേര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

അടുത്ത 25 വര്‍ഷത്തെ വികസനം ലക്ഷ്യമിട്ടുള്ള നയരേഖയാകും സമ്മേളനം അവതരിപ്പിക്കുക. നവകേരളത്തിന്റെ വികസനവും ഇതിനായുള്ള പാര്‍ട്ടി പ്രവര്‍ത്തന രേഖയും സമ്മേളനത്തില്‍ അവതരിപ്പിക്കും.

12.15ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകീട്ട് നാലിന് നവകേരള സൃഷ്ടിക്കുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന നയരേഖ പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും.

ബുധനാഴ്ച രാവിലെ മുതല്‍ പൊതുചര്‍ച്ച തുടരും. വികസന കാഴ്ചപ്പാടിനെക്കുറിച്ചുള്ള നയരേഖ ചര്‍ച്ച വ്യാഴാഴ്ചയാണ്. തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് മറുപടി സമാപനദിവസമായ വെള്ളിയാഴ്ച രാവിലെ. കൂടാതെ പുതിയ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള പ്രതിനിധികളെയും തിരഞ്ഞെടുക്കും.

പാര്‍ട്ടിയില്‍ ഒരു തലമുറ മാറ്റമുണ്ടാകുന്ന നിര്‍ണായക സമ്മേളനമാണ് കൊച്ചിയില്‍ നടക്കുന്നത്. 75 വയസ് പൂര്‍ത്തിയായവരെ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ നിന്ന് ഒഴിവാക്കും. എം എം മണി, ജി സുധാകരന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങി നിരവധി നേതാക്കള്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാകും. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് ഇളവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ സംസ്ഥാന സമിതിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് ചൂണ്ടിക്കാട്ടി ജി സുധാകരന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കത്ത് നല്‍കിയ വിവരം സ്ഥിരീകരിച്ച സുധാകരന്‍ താന്‍ എവിടെ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും പറഞ്ഞിട്ടുണ്ട്.

മുന്‍കാലങ്ങളില്‍ നിന്ന് വിത്യസ്തമായി കാര്യമായ വിഭാഗീയ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് ഇത്തവണ സമ്മേളനം നടക്കുന്നത്. ആലപ്പുഴ അടക്കമുള്ള ഏതാനും ജില്ലകളിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പാര്‍ട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. ഈ സഹചര്യത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും മുന്നണിക്ക് കരുത്ത് വര്‍ധിപ്പിക്കുന്നതിനുമായ തന്ത്രങ്ങള്‍ സമ്മേളനം രൂപവത്ക്കരിക്കും.

 

Latest