Connect with us

National

മണിപ്പൂരില്‍ 11 ബൂത്തുകളില്‍ റീ പോളിങ് തുടങ്ങി

പോളിങ് ബൂത്തുകളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Published

|

Last Updated

ഇംഫാല്‍|സംഘര്‍ഷത്തെ തുടര്‍ന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ട ഇന്നര്‍ മണിപ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ 11 ബൂത്തുകളില്‍ റീ പോളിങ് തുടങ്ങി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. ഖുറൈ അസംബ്ലി മണ്ഡലത്തില്‍ മൊയ്രാങ്കാമ്പ് സജീബ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, എസ് ഇബോബി പ്രൈമറി സ്‌കൂള്‍ (ഈസ്റ്റ് വിങ്), ക്ഷേത്രിഗാവോ-നാല് ബൂത്ത്, തോങ്ജു-ഒരു ബൂത്ത്, ഉറിപോക്ക്-മൂന്ന് ബൂത്ത്, കൊന്തൗജം-ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീ പോളിങ് നടക്കുന്നത്.സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ പോളിങ് ബൂത്തുകളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആദ്യഘട്ട വോട്ടെടുപ്പ് നടന്ന വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം നടന്നിരുന്നു. മൊയ്രാംഗില്‍ കോണ്‍ഗ്രസ്സ് ബൂത്ത് ഏജന്റിനെ സായുധസംഘം പിടിച്ചിറക്കിക്കൊണ്ടുപോയിരുന്നു. നാല് സ്ഥലങ്ങളില്‍ നാല് വോട്ടിങ് മെഷിനുകള്‍ അക്രമികള്‍ തകര്‍ത്തു. ഒരു ബൂത്തിലെ വോട്ടിങ് മെഷിന്‍ തീയിട്ടു. അക്രമികളെ തുരത്താന്‍ പോലീസ് വെടിയുതിര്‍ത്തു.

ഇതോടെ പോളിങ് നിര്‍ത്തി ബൂത്ത് അടച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച ഈ ബൂത്തുകളില്‍ നടന്ന വോട്ടെടുപ്പ് അസാധുവാക്കാനും പുതിയ തിരഞ്ഞെടുപ്പ് നടത്താനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതിനിടെ പോളിങ് ബൂത്തിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമികളില്‍ നിന്ന് 32 തോക്കുകളും മൂന്ന് മൊബൈല്‍ ഫോണുകളും ഒരു കാറും പിടിച്ചെടുത്തിരുന്നു.

 

 

 

 

Latest