Prathivaram
റമസാനും ദന്തപരിചരണവും
എത്ര കോടി പുഞ്ചിരികളായിരിക്കും ഓരോ മനുഷ്യന്റെയും ഉള്ളിൽ കെട്ടിക്കിടക്കുന്നുണ്ടാവുക?. മനുഷ്യർ പുഞ്ചിരിക്കാൻ വിമുഖത കാട്ടുന്ന പുതിയ കാലത്തെ റമസാനിനെ പുഞ്ചിരിയോടെ മനോഹരമാക്കാം.

മറ്റൊരു നോമ്പ് കാലം കൂടെ സമാഗതമായിരിക്കുന്നു. പുഞ്ചിരി ദാനമാണെന്ന് പഠിപ്പിച്ച പ്രവാചകനെയോർക്കാതെ ഒരു നോമ്പ് കാലവും കടന്നുപോകില്ല. പാർശ്വ ഫലങ്ങളില്ലാത്ത, വിവർത്തനങ്ങളെ നിഷ്പ്രഭമാക്കാർ കഴിയുന്ന ഒരു സിദ്ധിയാണ് പുഞ്ചിരി. ഒരിക്കലും കടന്നുകയറാൻ കഴിയാത്ത ഇടങ്ങളിലേക്ക് പുഞ്ചിരി നമ്മെ കടത്തിവിടും. അപരനോടുള്ള കരുതലും സ്നേഹവുമാണ് പുഞ്ചിരി. നമ്മുടെയുള്ളിൽ എത്ര കോടി ലിറ്റർ കണ്ണീരാണ് കെട്ടിക്കിടക്കുന്നുണ്ടാവുക എന്ന് മോശ ചോദിക്കുന്നുണ്ട് !. എത്ര കോടി പുഞ്ചിരികളായിരിക്കും ഓരോ മനുഷ്യന്റെയും ഉള്ളിൽ കെട്ടിക്കിടക്കുന്നുണ്ടാവുക?. മനുഷ്യർ പുഞ്ചിരിക്കാൻ വിമുഖത കാട്ടുന്ന പുതിയ കാലത്തെ റമസാനിനെ പുഞ്ചിരിയോടെ മനോഹരമാക്കാം. ദേഷ്യം പ്രകടിപ്പിക്കുന്നവരോടും പുഞ്ചിരിയോടെ ഇടപഴകാൻ കഴിയുന്ന തലത്തിലേക്കുയർന്നാൽ ഈ റമസാൻ ഏത് മനുഷ്യനേയും ദൈവസന്നിധിയിൽ ഉന്നതനാക്കും എന്ന് നിസ്സംശയം പറയാം. നമ്മുടെ ജീവിതത്തെ, ബന്ധങ്ങളെ , സൗഹൃദങ്ങളെ , ഈ റമസാനിലൂടെ, പുഞ്ചിരിയിലൂടെ കൂടുതൽ സുന്ദരമാക്കാം. ജീവിതത്തിന്റെ സായം സന്ധ്യയിൽ, മരണത്തിൽ പോലും ഒരു ചെറു പുഞ്ചിരിയോടെ കടന്നുപോകാൻ കഴിഞ്ഞാൽ അതെത്ര സുന്ദരമായിരിക്കും.
ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുന്നതിൽ ആരോഗ്യമുള്ള പല്ലുകളുടെ സ്ഥാനം ചെറുതല്ല. പല്ലു നന്നായാൽ പാതി നന്നായി എന്നാണല്ലോ?. മാനസിക ശാരീരിക ആരോഗ്യത്തിന് ഉപവാസം നൽകുന്ന കരുത്ത് ചെറുതല്ല. ദന്താരോഗ്യത്തിനും ഉപവാസം നല്ലത് തന്നെ. ഉപവാസ കാലത്ത് ദന്തപരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് പരിശോധിക്കാം.
1. നോന്പുകാലത്ത് ചുരുങ്ങിയത് മൂന്ന് നേരമെങ്കിലും പല്ലു തേക്കുക. അത്താഴത്തിന് ഉണർന്നാൽ, അത്താഴത്തിന് ശേഷം, ഉറങ്ങുന്നതിന് മുമ്പ് .
മീഡിയമോ സോഫ്റ്റോ ബ്രഷുകൾ ഉപയോഗിച്ചാണ് പല്ലു തേക്കേണ്ടത്.
മുതിർന്നവരിൽ മോണയിൽ നിന്ന് പല്ലിലേക്കും പല്ലിൽ നിന്ന് മോണയിലേക്കുമുള്ള ദിശയിലാണ് പല്ല് തേക്കേണ്ടത്. കുട്ടികളിൽ വൃത്താകൃതിയിൽ പല്ല് തേക്കുന്നതാണ് നല്ലത്. ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഡെന്റൽ ഫ്ലോസ് ഉപയോഗിച്ച് പല്ലിനിടയിൽ വൃത്തിയാക്കുന്നതും നല്ലതാണ്.
2. മോണ മസാജ് ചെയ്യുന്നത് നല്ലതാണ്. മോണയിലെ രക്തയോട്ടം കൂടാനും വായ ഡ്രൈ ആവാതിരിക്കാനും ഇത് ഉപകരിക്കും.
അറാഖ് എന്ന പേരിൽ അറബ് നാടുകളിൽ പ്രചാരം നേടിയ മിസ്്വാക്ക് ഉപയോഗിക്കുന്നത് പല്ലിന് ബലം നൽകാൻ സഹായകമാണ്.
3. വായിൽ ഒട്ടിപ്പിടിക്കുന്ന ഭക്ഷണം ഒഴിവാക്കുക, നാരുകൾ അടങ്ങിയ ഭക്ഷണം ചവച്ചരച്ച് കഴിക്കുക, നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക.
4. ഈത്തപ്പഴം ധാരാളം കഴിക്കുക. നോമ്പ് തുറക്കുമ്പോഴും അത്താഴത്തിനും ശീലമാക്കുക. ഇത് പല്ലിന് ബലം നൽകും.
5. പുകവലി പൂർണമായി ഒഴിവാക്കുക. നോമ്പ് തുറന്ന ശേഷവും പുക വലിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. പുകവലിമുക്ത ജീവിതത്തിലേക്കുള്ള ഒരു തുടക്കമായി ഈ റമസാനെ മാറ്റാൻ കഴിഞ്ഞാൽ ഈ നോമ്പുകാലം സാർഥകമാകും. തീർച്ച.