Editors Pick
മലയാളികളുടെ ഹൃദയത്തിലെ ചാരുകസാരയില്‍ എന്നും ബേപ്പൂര്‍ സുല്‍ത്താന്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനം ഇന്ന്

കോഴിക്കോട് | ആഖ്യയും ആഖ്യാതവും അറിയാതെ മലയാള ഭാഷയെ വിശ്വത്തോളം ഉയര്‍ത്തിയ ബേപ്പൂര്‍ സുല്‍ത്താന്റെ ഒര്‍മ ദിനം ഇന്ന്. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന മലയാളിയുടെ പ്രിയപ്പെട്ട സാഹിത്യകാരന്റെ ഓര്‍മയില്‍ നിറയുകയാണ് ജൂലൈ അഞ്ച്. തലമുറകള്‍ നെഞ്ചേറ്റുന്ന ബഷീറിന്റെ കഥാപാത്രങ്ങള്‍ കാലങ്ങള്‍ പിന്നിടുമ്പോഴും ക്ലാസ് മുറികളിലും കുഞ്ഞുമനസ്സുകളിലും പുനര്‍ജനിച്ചുകൊണ്ടിരിക്കുന്നു.
സാഹിത്യത്തെയും ഭാഷയെയും സ്നേഹിക്കുന്നവര്‍ക്ക് ഈ ദിനം എന്നും പ്രിയപ്പെട്ടതാണ്. ജീവിതത്തില്‍ നിന്ന് ബഷീര്‍ കണ്ടെടുത്ത് അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഇന്നും വായനക്കാരനോടു സംവദിച്ചുകൊണ്ടിരിക്കുന്നു. ചിരിയും കണ്ണീരും ചിന്തയും പൊഴിച്ചുകൊണ്ട് അവര്‍ താളുകളില്‍ നിന്ന് ഇറങ്ങിവരുന്നു. ബാല്യകാലസഖി, ശബ്ദങ്ങള്‍, പാത്തുമ്മയുടെ ആട്..അങ്ങനെ മലയാളത്തിന്റെ നാവിന്‍തുമ്പില്‍ തത്തിക്കളിക്കുന്ന എത്ര പേരുകള്‍…സ്വാതന്ത്ര്യ സമരകാലത്തിന്റെ കനല്‍ വഴികളിലൂടെ ജയില്‍വാസവും അലച്ചിലും കയ്‌പേറ്റിയ ജീവിതത്തില്‍ നിന്നാണ് ബഷീര്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുത്തത്. സ്‌നേഹവും കനിവും കൈമുതലായപ്പോള്‍ നാട്ടുഭാഷയുടെ സൗകുമാര്യം ബഷീറെന്നഎഴുത്തുകാരനെ സൃഷ്ടിച്ചു. മതിലുകളും ഭാര്‍ഗവിനിലയവും ബാല്യകാല സഖിയും പ്രേമലേഖനവും വാക്കിലും വെള്ളിത്തിരയിലും ഒരുപോലെ വിളങ്ങി. ബേപ്പൂരിലെ വൈലാലില്‍ വീട്ടിലെ മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ പാട്ടുകേട്ടുകൊണ്ട് ഇന്നും ആ സുല്‍ത്താന്‍ ഇരിക്കുന്നു.
തിരുവിതാംകൂര്‍ നാട്ടുരാജ്യത്തില്‍ വൈക്കം താലൂക്കിലെ തലയോലപ്പറമ്പില്‍ 1908 ജനുവരി 21ന് ബഷീര്‍ ജനിച്ചു. കായി അബ്ദുര്‍റഹ്മാന്റെയും കുഞ്ഞാത്തുമ്മയുടേയും ആറു മക്കളില്‍ മൂത്തവനായിരുന്നു ബഷീര്‍. അബ്ദുള്‍ഖാദര്‍, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കര്‍ എന്നിവരായിരുന്നു സഹോദരങ്ങള്‍. 1994 ജൂലൈ 5ന് ബഷീര്‍ അന്തരിച്ചു.
തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ലീഷ് സ്‌കൂളിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസം. കഥകളെ വെല്ലുന്ന ജീവിതമാണ് വൈക്കം മുഹമ്മദ് ബഷീറിന്റേത്. അഞ്ചാം തരത്തില്‍ പഠിക്കവേ ഗാന്ധിജിയെക്കാണാന്‍ കോഴിക്കോട്ടേക്ക് ഒളിച്ചോടിയതുമുതല്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ ബഷീര്‍ 1930ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയിലിലായി. ചിന്തയും പ്രവര്‍ത്തിയും എഴുത്തുമായിരുന്നു സ്വാതന്ത്ര്യസമരത്തിലും ബഷീറിന്റെ ആയുധം. ഒരു ഫക്കീറിനെ പോലെ അലഞ്ഞ അനുഭവങ്ങള്‍ കരുത്തായി.
പ്രേമലേഖനം, ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, ആനവാരിയും പൊന്‍കുരിശും, മതിലുകള്‍, പാത്തുമ്മയുടെ ആട്, സ്ഥലത്തെ പ്രധാന ദിവ്യന്‍ തുടങ്ങിയവയാണ് പ്രശസ്തമായ ബഷീര്‍ നോവലുകള്‍. ഭൂമിയുടെ അവകാശികള്‍, വിശ്വവിഖ്യാതമായ മൂക്ക്, ജന്മദിനം, വിശപ്പ് തുടങ്ങി ധാരാളം കഥാസമാഹാരങ്ങളും ലേഖനങ്ങളും സിനിമാ-നാടക രചനകളുമെല്ലാം ബഷീറിന്റേതായുണ്ട്.
ജയില്‍പ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും സ്വവര്‍ഗാനുരാഗികളും നിറഞ്ഞതായിരുന്നു ബഷീറിന്റെ ലോകം. സാഹിത്യത്തില്‍ സ്ഥാനമില്ലായിരുന്ന ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകളും വികാരങ്ങളും ആദ്യമായി ബഷീറിലൂടെ അക്ഷര രൂപം പ്രാപിച്ചു. സമൂഹത്തിനു നേരെയുള്ള ചോദ്യങ്ങള്‍ അദ്ദേഹം ചിരിയില്‍ ഒളിപ്പിച്ചു വച്ചു. എട്ടുകാലി മമ്മൂഞ്ഞ്, മണ്ടന്‍ മുത്തപ്പ, ഒറ്റക്കണ്ണന്‍ പോക്കറ്, ആനവാരി രാമന്‍ നായര്‍, പൊന്‍കുരിശ് തോമ, തുരപ്പന്‍ അവറാന്‍ തുടങ്ങിയ അനേകം കഥാപാത്രങ്ങള്‍ അനശ്വരരായി. മനുഷ്യര്‍ക്കൊപ്പം ആട്, പട്ടി, പൂച്ച, കാക്ക തുടങ്ങിയ ജീവികളും കഥാപാത്രങ്ങളായി വന്നു. സംഗീതത്തെ ബഷീര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഗസലുകള്‍ക്കു കാതോര്‍ത്തുകൊണ്ട് മലയാളിയുടെ ഹൃദയത്തിലെ ചാരുകസാരയില്‍ ചാഞ്ഞിരുന്ന് എന്നും ബഷീര്‍ വിശ്രമിക്കുന്നു.