National
ബിഹാറില്‍ ബി ജെ പി നേതാവായ വ്യവസായി വെടിയേറ്റു മരിച്ചു
ഗോപാല്‍ ഗംഗെയുടെ മകന്‍ ആറ് വര്‍ഷം മുന്‍പ് വെടിയേറ്റു മരിച്ചിരുന്നു

ന്യൂഡല്‍ഹി | ബിഹാറില്‍ ബി ജെ പി നേതാവായ വ്യവസായി വെടിയേറ്റു മരിച്ചു. ഗോപാല്‍ ഗംഗെയാണ് പാട്‌നയിലെ വീടിനു മുന്നില്‍ ഇന്നലെ രാത്രി 11 മണിയോടെ കൊല്ലപ്പെട്ടത്. ഗോപാല്‍ ഗംഗെയുടെ മകന്‍ ആറ് വര്‍ഷം മുന്‍പ് വെടിയേറ്റു മരിച്ചിരുന്നു.
പാട്‌നയിലെ ഗാന്ധി മൈതാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പനാഷെ ഹോട്ടലിന് സമീപത്താണ് സംഭവം. പനാഷെ ഹോട്ടലിന് സമീപമുള്ള ട്വിന്‍ ടവര്‍ ഫ്‌ളാറ്റ് സമുച്ചയത്തിലാണ് ഗോപാല്‍ ഗംഗെ കഴിഞ്ഞിരുന്നത്. വീട്ടിലേക്ക് പോകുന്നതിനിടെയാണ് അക്രമണം ഉണ്ടായത്. അക്രമി വെടിയുതിര്‍ത്തശേഷം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഗംഗെ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സ്ഥലത്ത് നിന്ന് വെടിയുണ്ടയും മറ്റു വസ്തുക്കളും പോലീസ് കണ്ടെത്തി. പ്രതിക്കുവേണ്ടിയുള്ള അന്വേഷണം നടക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് ദീക്ഷ പറഞ്ഞു. സി സി ടി വി ദൃശ്യങ്ങളടക്കം ശേഖരിച്ചുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ആറുവര്‍ഷം മുമ്പ് മകന്‍ ഗുഞ്ജന്‍ ഗംഗെ സമാനമായ രീതിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍കിയിരുന്നെങ്കില്‍ സമാന സംഭവം ആവര്‍ത്തിക്കില്ലായിരുന്നുവെന്നും ബിഹാര്‍ ക്രിമിനലുകളുടെ താവളമായി മാറിയെന്നും പപ്പു യാദവ് എം പി ആരോപിച്ചു. സംഭവം നടന്ന് മൂന്നു മണിക്കൂറിനുശേഷമാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് ഗോപാല്‍ ഗംഗെയുടെ സഹോദരന്‍ ശങ്കര്‍ ആരോപിച്ചു. രാത്രി 11.30ഓടെ വെടിവെപ്പുണ്ടായ സ്ഥലത്ത് പുലര്‍ച്ചെ 2.30നാണ് പോലീസ് എത്തിയതെന്നും ശങ്കര്‍ ആരോപിച്ചു.